എം എം ലോറന്‍സ് അന്തരിച്ചു
മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു. ബ്രിട്ടീഷ്ഭരണത്തിനു കീഴിലെ കൊച്ചി രാജ്യത്തെ തൊഴിലാളി കർഷക മുന്നേറ്റങ്ങളുടെയും അതിനു നേതൃത്വം നൽകിയ ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും ചരിത്രമാണ് എം.എം. ലോറൻസിന്റെ ജീവിതം. എം എം ലോറന്‍സിന്റെ ആത്മകഥ ‘ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍’ ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചത്. കൊച്ചിയിൽ തോട്ടിത്തൊഴിലാളികളെയും തുറമുഖത്തൊഴിലാളികളെയും സംഘടിപ്പിച്ച നേതാവ് എം.എം. ലോറൻസിന്റെ ആത്മകഥ, ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രംകൂടിയാണ്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം, അടിയന്തരാവസ്ഥ, മട്ടാഞ്ചേരി വെടിവയ്പ്, കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ വിഭാഗീയതകൾ, തൊഴിലാളിസമരങ്ങൾ തുടങ്ങിയ പ്രക്ഷുബ്ധകാലങ്ങളുടെ സാക്ഷിയായും ഭാഗമായും ജീവിച്ച ഒരു മനുഷ്യന്റെ ജീവിതസ്മരണകളാണ് ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ.
1929 ജൂണ്‍ 15–ന് കൊച്ചിരാജ്യത്താണ് എം എം ലോറന്‍സിന്റെ ജനനം. പിതാവ്: അവിരാ മാത്യു, മാതാവ്: മറിയം മാത്യു. പതിനേഴാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗം. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ 22 മാസം ജയിലില്‍ കിടന്നു. അടിയന്തരാവസ്ഥയിലുള്‍പ്പെടെ വ്യത്യസ്ത കാലങ്ങളിലായി ആറു വര്‍ഷംകൂടി ജയില്‍വാസം അനുഷ്ഠിച്ചു. തോട്ടിത്തൊഴിലാളികൾ, തുറമുഖത്തൊഴിലാളികൾ, ട്രാൻസ്പോർട്ട് മർച്ചന്റ് ഷിപ്പിങ് തൊഴിലാളികൾ തുടങ്ങി ഒട്ടനവധി തൊഴിലാളിസംഘടനകൾക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. സി പി ഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്രകമ്മിറ്റി അംഗം, എൽ ഡി എഫ് കൺവീനർ, സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി, സി ഐ ടി യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
Comments are closed.