ഡോ. എം കുഞ്ഞാമൻ അന്തരിച്ചു
പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമൻ അന്തരിച്ചു. ജാതീയമായ അടിച്ചമര്‍ത്തലുകളെ എതിരിട്ടുകൊണ്ട് ഇന്ത്യയിലെ പ്രമുഖ സാമ്പത്തികവിദഗ്ധനായ എം. കുഞ്ഞാമന്‍ നടത്തിയ ജീവിതസമരങ്ങളുടെ ഓര്‍മ്മകളാണ് അദ്ദേഹത്തിന്റെ ‘എതിര്’ എന്ന പുസ്തകം. പുസ്തകത്തിന്റെ മലയാളം ഇംഗ്ലീഷ് പതിപ്പുകൾ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.
മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും തീഷ്ണമായ അനുഭവങ്ങളുടെ കുറിപ്പും ചിന്തയും ഉൾക്കൊള്ളുന്നതാണ് ‘എതിര്’. പൊരുതി നേടിയ ജീവിതം അദ്ദേഹത്തിന് നല്‍കിയ ആത്മവിശ്വാസം ഈ പുസ്തകത്തില്‍ കാണാം. അതേപോലെ തന്നെ അദ്ദേഹത്തിന്റെ ബോധ്യങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസവും വിശ്വാസക്കുറവും കാണാം.ജാതിയും ദാരിദ്ര്യവും തന്നെയാണ് ഈ ചെറുപുസ്തകത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന വിഷയങ്ങള്‍.
പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശിയില്‍ 1949 ഡിസംബര്‍ മൂന്നിനായിരുന്നു കുഞ്ഞാമന്റെ ജനനം. പിതാവ്: മണ്ണിയമ്പത്തൂര്‍ അയ്യപ്പൻ, മാതാവ്: ചെറോണ. വാടാനംകുറിശ്ശി എല്‍.പി. സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രി മുതല്‍ എം.എ വരെ പാലക്കാട് വിക്ടോറിയ കോളജില്‍. 1974-ല്‍ കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാംറാങ്കോടെ എം.എ. പാസായി, രാഷ്ട്രപതിയായിരുന്ന കെ.ആര്‍. നാരായണനുശേഷം ഒന്നാം റാങ്ക് ലഭിച്ച ആദ്യ ദലിത് വിദ്യാര്‍ത്ഥിയായിരുന്നു കുഞ്ഞാമൻ. തുടര്‍ന്ന് തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ഡവലപ്‌മെന്‍റ് സ്റ്റഡീസില്‍ ഡോ. കെ.എന്‍. രാജിനുകീഴില്‍ ‘കേരളത്തിലെ തെക്കന്‍, വടക്കന്‍ ജില്ലകളിലെ ആദിവാസിജീവിതത്തെക്കുറിച്ചുള്ള താരതമ്യപഠനം’ എന്ന വിഷയത്തിൽ ഗവേഷണം ചെയ്തു. ഇന്ത്യയിലെ സംസ്ഥാനതല ആസൂത്രണത്തെക്കുറിച്ച് “കുസാറ്റി’ല്‍നിന്ന് പിഎച്ച്.ഡി. 1979-ല്‍ കേരള സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്ര വിഭാഗത്തില്‍ ലക്ചററായിരുന്നു. 2006 വരെ, 27 വര്‍ഷം കാര്യവട്ടം കാമ്പസില്‍ അധ്യാപകനായി പ്രവർത്തിച്ചു.
ഇതിനിടെ, ഒന്നര വര്‍ഷത്തോളം യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍ അംഗമായി സേവനമനുഷ്ഠിച്ചു. പ്രൊഫസറായിരിക്കേ കേരള സര്‍വകലാശാലയില്‍നിന്ന് രാജിവെച്ച് 2006-ല്‍ മഹാരാഷ്ട്രയില്‍ തുല്‍ജാപ്പൂരിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ പ്രൊഫസറായി ചേര്‍ന്നു. റിട്ടയര്‍മെന്റിനുശേഷവും നാലുവര്‍ഷംകൂടി അവിടെ തുടര്‍ന്നു. Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിലെ വികസനപ്രതിസന്ധി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 2021-ലെ മികച്ച ആത്മകഥയ്ക്കുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് എതിര് എന്ന കൃതിയ്ക്ക് ലഭിച്ചെങ്കിലും അത് നിരസിച്ചു.
Comments are closed.