DCBOOKS
Malayalam News Literature Website

വാഹന രജിസ്‌ട്രേഷന്‍; അമലാ പോള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി

വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടി അമലാ പോളിനോട് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി.ഈ മാസം 15നാണ് ഹാജരാകേണ്ടത്. അന്ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെ ക്രൈംബ്രാഞ്ചിന് അമലയെ ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്ന കേസിലാണ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ അമല പോളിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്. അമല പോളിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഉത്തരവ്.

ഒരു കോടി 20 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര കാര്‍ പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതു വഴി അമല പോള്‍ 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കേസ്. മറ്റ് സംസ്ഥാനങ്ങളില്‍ യാത്ര ചെയ്യുന്നതിനാലാണ് പുതുച്ചേരിയില്‍ വീട് വാടകക്ക് എടുത്തതെന്നും ബംഗലുരു, ചെന്നൈ എന്നിവിടങ്ങളിലാണ് വാഹനം കൂടുതല്‍ ഉപയോഗിക്കുന്നതെന്നുമായിരുന്നു അമലാ പോളിന്റെ വിശദീകരണം.

എന്നാല്‍ അമല പോളിന്റെ വാദം തെറ്റാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. അമലാ പോളിന്റെയും കെട്ടിടമുടമയുടെയും മൊഴികളില്‍ പൊരുത്തക്കേടുണ്ട്. അമലാ പോള്‍ അവിടെ താമസിച്ചിരുന്നതായി പ്രദേശവാസികള്‍ മൊഴി നല്‍കിയിട്ടില്ല. നോട്ടറിയുടെ മൊഴിയും അമലാ പോളിനെതിരാണെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അമലയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ഈ മാസം 15ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അമല പോളിനോട് കോടതി നിര്‍ദേശിച്ചത്.

അമലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും.

Comments are closed.