DCBOOKS
Malayalam News Literature Website

പ്രണയവും വിപ്ലവവും തിരിച്ചറിവുകളും

ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

അഭിമുഖം- കെ. വേണു / എന്‍.ഇ. സുധീര്‍

എന്റെ ആദ്യ ആഗ്രഹം എന്നു പറയുന്നത് ശാസ്ത്രജ്ഞനാവുക എന്നതുതന്നെയായിരുന്നു. അതിനിടയ്ക്കാണ് രാഷ്ട്രീയ ആശയങ്ങള്‍ വന്നുപെടുന്നത്. ആ കാലഘട്ടം നക്സല്‍ബാരി പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു. ചെറുപ്പക്കാരെ മുഴുവന്‍ ആകര്‍ഷിക്കുന്ന ഒരു അന്തരീക്ഷവും ഉണ്ടായിരുന്നു. അത് ഒരുവശത്ത് നില്‍ക്കുകയും ഇത് മറുവശത്ത് നില്‍ക്കുകയും ചെയ്യുമ്പോള്‍ ശരിക്കും വലിയ ഒരു സന്ദിഗ്ദ്ധാവസ്ഥതന്നെയായിരുന്നു. ഇതിലേതാണ് തെരഞ്ഞെടുക്കേണ്ടതെന്ന്. ശാസ്ത്രഗവേഷണത്തിലേക്ക് പോകണമോ അതോ സാമൂഹ്യവിപ്ലവത്തിലേക്ക് കടക്കണമോ എന്ന ചിന്ത. അവസാനം ഇന്ത്യന്‍ സാഹചര്യത്തില്‍ സാമൂഹ്യവിപ്ലവമാണ് ആവശ്യം എന്ന തീരുമാനത്തിലെത്തി.: ഒരു മുന്‍ നക്‌സലൈറ്റിന്റെ രാഷ്ട്രീയ അന്വേഷണങ്ങള്‍.

കെ. വേണുവിന് ആമുഖം ആവശ്യമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നാണ് നമ്മള്‍ എല്ലാവരും പറയുക. പക്ഷേ, കെ. വേണുവിന്റെ ആത്മകഥയുടെ പശ്ചാത്തലത്തിലുള്ള ഒരു സംഭാഷണം നടത്തുന്നു എന്ന
വിഷയം പത്രങ്ങളിലൊക്കെ വരുമ്പോള്‍ അതിനോടുള്ള പ്രതികരണങ്ങള്‍ കാണുമ്പോള്‍ വേണുവിനെ നമ്മള്‍ അറിയാതെ പോയിരിക്കുന്നു, മറന്നുപോയിരിക്കുന്നു, അല്ലെങ്കില്‍ അവഗണിച്ചിരിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. വളരെ വിചിത്രമായ രീതിയില്‍ ഈ മനുഷ്യനെ ഇങ്ങനെയൊക്കെ മാറ്റിനിര്‍ത്താന്‍ ആരൊക്കെയോ ശ്രദ്ധയോടെ കാത്തിരിക്കുന്നു എന്നതിന്റെ ലക്ഷണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ കാണുന്നത്. അതുകൊണ്ടുതന്നെ കെ. വേണു പ്രസക്തനും ആമുഖം ആവശ്യമുള്ളയാളുമാണ്. തന്റെ ഇരുപത്തിനാലാമത്തെ വയസ്സില്‍ ‘പ്രപഞ്ചവും മനുഷ്യനും’ എന്ന അസാധാരണമായ ഒരു വൈജ്ഞാനിക ഗ്രന്ഥം പുറത്തിറക്കിക്കൊണ്ടാണ് കെ. വേണു എന്നയുവാവ് കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക് വരുന്നത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം ആ പുസ്തകം പ്രസക്തമായിരിക്കുന്നതും ആ വിഷയത്തില്‍ അതിനോടു കിടപിടിക്കാവുന്ന മറ്റൊരു പുസ്തകം ഇനിയും
മലയാളത്തിലുണ്ടായിട്ടില്ല എന്നതും സത്യമാണ്. വേണു 1971 തൊട്ട് 1991 വരെ കേരളത്തിന്റെ വിപ്ലവമണ്ഡലത്തില്‍ കേരളത്തിന്റെ തീവ്രഇടതുപക്ഷത്തിന്റെ നേതൃത്വനിരയിലുണ്ടായിരുന്നു. കേരളത്തിന്റേതുമാത്രമല്ല കേന്ദ്ര തീവ്ര ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ സാന്നിദ്ധ്യമുണ്ടായിരുന്ന മനുഷ്യനാണ്. അതിനുശേഷമാണ് താന്‍ നെഞ്ചോടു ചേര്‍ത്തുവച്ച പ്രത്യയശാസ്ത്രത്തിന് അടിസ്ഥാനപരമായ പ്രതിസന്ധി ഉണ്ടെന്നും അടിസ്ഥാനപരമായ തെറ്റുകളിലൂടെയാണ് അത് നിര്‍മ്മിച്ചിട്ടുള്ളതെന്നുമുള്ള തിരിച്ചറിവുകൊണ്ട് സ്വയം തിരുത്തിക്കൊണ്ട്, ഇത് ഇങ്ങനെ മുന്നോട്ടു പോകുന്നതു ശരിയല്ല എന്ന ബൗദ്ധികമായ സത്യസന്ധത കാണിച്ച്, അദ്ദേഹം അതില്‍നിന്നും പിന്മാറിയത്.

പിന്നീടദ്ദേഹം ചെയ്തതുമുഴുവന്‍ ലോകത്തിന്റെ സാമൂഹ്യക്രമത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള ശ്രമമാണ്. ലോകത്തിന്റെ രാഷ്ട്രീയത്തെ എങ്ങനെയാണ് വിശകലനം ചെയ്യേണ്ടത് എന്നും നമ്മുടെ മനുഷ്യരാശിയുടെ സാമൂഹ്യഘടനയെ എങ്ങനെയാണ് മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്നുമൊക്കെയുള്ള, പ്രത്യയശാസ്ത്ര പരിപ്രേക്ഷ്യങ്ങള്‍ അന്വേഷിക്കാനുള്ള വ്യഗ്രതയിലായിരുന്നു കെ. വേണു. അങ്ങനെ അദ്ദേഹം എഴുതിക്കൂട്ടിയ സാമൂഹ്യരാഷ്ട്രീയ പഠനങ്ങള്‍ നിരവധിയുണ്ട്. ഒരുപക്ഷേ, മറ്റാരെക്കാളും തന്റെ വിശ്വാസപ്രമാണമായി കരുതിയ മാര്‍ക്‌സിന്റെ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനപരമായി വിലയിരുത്തി, വ്യാഖ്യാനിച്ച്, അതില്‍ തെറ്റുകള്‍ ഉണ്ടെന്ന് കണ്ടെത്തി എന്ന ഒറ്റക്കാരണംകൊണ്ട് കേരളത്തിലെ ഇടതുപക്ഷവും; അല്ലെങ്കില്‍ ഇടതുപക്ഷത്തിന്റെ അനുകൂലികളെന്നു പറയുന്നവരും വേണുവിനെ അവഗണിച്ചു. അദ്ദേഹം ഒരുതരത്തിലും കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തില്‍ സ്ഥാനമര്‍ഹിക്കുന്നില്ല എന്ന രീതിയില്‍ പുതിയ തലമുറ കടന്നുപോയി എ
ന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വേണു ആരാണ് എന്ന് അദ്ദേഹംതന്നെ കണ്ടെത്തുന്ന ആത്മകഥയാണ് ഇത്. ഒരു സ്വയം അന്വേഷണമാണ്. അന്വേഷണമെന്നു പറയുമ്പോള്‍ വ്യക്തിജീവിതത്തിലേക്ക് മാത്രമല്ല, താന്‍ കടന്നുവന്ന എല്ലാത്തരത്തിലുള്ള വൈയക്തികവും ഭൗതികവുമായ പ്രതിസന്ധികളെ വിശകലനം ചെയ്ത്, അതിനെ ലോകത്തിന്റെ വൈജ്ഞാനിക മണ്ഡലങ്ങളിലുള്ള എല്ലാ അറിവുകളെയും പഠിച്ചുകൊണ്ട് സ്വാംശീകരിച്ചുകൊണ്ട്, വിശകലനം ചെയ്യുന്ന ഒരു സമഗ്രമായ പുസ്തകമാണ് ‘ഒരു അന്വേഷണത്തിന്റെ കഥ’. ആ അന്വേഷകനാണ് ഇന്ന് എന്നോടൊപ്പം ഉള്ളത്.

എന്‍.ഇ. സുധീര്‍: നീണ്ടകാലത്തെ ഈ അനുഭവം ഒന്നിങ്ങനെ കുത്തിക്കുറിച്ചെഴുതിയപ്പോള്‍ മനസ്സിലെന്താണ് തോന്നിയത്? ഒരുപക്ഷേ, ചെയ്തുപോയ പലതിനെയും തള്ളിപ്പറഞ്ഞുകൊണ്ട് അതെല്ലാം പിന്നീട് ഈ ആത്മകഥയ്ക്കുവേണ്ടി വിശകലനം ചെയ്യുമ്പോള്‍, എന്താണ് മനസ്സിലുണ്ടായ അവസ്ഥ?

കെ. വേണു: ഞാന്‍ പൊതുവില്‍ പ്രകൃതിയെ നോക്കിക്കാണുന്നതില്‍ താത്പര്യം പ്രകടിപ്പിച്ചുകൊണ്ടാണ് എന്റെ ബൗദ്ധികജീവിതം തുടങ്ങുന്നത്. അങ്ങനെയാണ് ‘പ്രപഞ്ചവും മനുഷ്യനും’ എന്ന പുസ്തകമെഴുതാനിടയായത്. പ്രകൃതിയില്‍ ഞാന്‍ മനസ്സിലാക്കുന്നത് അതിന്റെ നിരന്തരമായ ചലനപ്രക്രിയകളാണ്. നിരന്തരം മാറ്റങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന, ഒരിക്കലും പ്രവചിക്കാനാകാത്ത പരിണാമങ്ങളിലേക്ക് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന പ്രകൃതി. അതിന്റെ തുടര്‍ച്ചതന്നെയാണ് മനുഷ്യസമൂഹത്തിന്റെ പരിണാമം പരിശോധിക്കുമ്പോഴും കാണാന്‍ കഴിയുന്നത്. ചലനാത്മകമാണത്. ഈ ചലനാത്മകതയെ അടിസ്ഥാനമാക്കിക്കൊണ്ട്, അന്വേഷിക്കുമ്പോള്‍ എവിടെയെങ്കിലും നിങ്ങള്‍ക്ക് കേന്ദ്രീകരിച്ചു
കൊണ്ട് നില്‍ക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് നമ്മള്‍ സ്വയം എത്തിച്ചേരാറുണ്ട്. എന്റെ ഈ പുസ്തകത്തിലൂടെ ഞാനിങ്ങനെ അന്വേഷിച്ചുപോയ കഥകള്‍ പറയുമ്പോള്‍, എനിക്കനുഭവപ്പെട്ട കാര്യങ്ങള്‍ അതേ
പടി പകര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളത്. പലതും പിന്നീട് തള്ളിപ്പറഞ്ഞിട്ടുണ്ട്. തിരുത്തിയിട്ടുണ്ട്. ആ രീതിയിലുള്ളപല മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, അതൊക്കെത്തന്നെ സ്വാഭാവികമായ ഒരു പ്രക്രിയപോല, ഒരു തുടര്‍ച്ചയായിട്ടാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ കൂടുതല്‍ വിശകലനരീതിയിലേക്ക് പോകാതെ എന്റെ ചിന്തകളെ അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

പൂര്‍ണ്ണരൂപം 2023 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

 

 

 

Comments are closed.