DCBOOKS
Malayalam News Literature Website

ഭരണഘടനയിലെ 377-ാം വകുപ്പ് റദ്ദാക്കി; സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി

ദില്ലി: ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. 377-ാം വകുപ്പ് യുക്തിഹീനവും ഏകപക്ഷീയവുമാണെന്നും പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്നും ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ഇന്ത്യയിലെ ഏതു പൗരന്റേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജ്ജിച്ചതായി സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, ആര്‍.എഫ് നരിമാന്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. യോജിച്ചുള്ള വിധിയാണെന്ന് വിധി പ്രസ്താവം വായിച്ചുകൊണ്ട് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.

നിലവില്‍ 1861-ലെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം സ്വവര്‍ഗ ലൈംഗികത പത്തു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഉഭയസമ്മതപ്രകാമുള്ള സ്വവര്‍ഗ ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് 2009-ല്‍ ദില്ലി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ 2013-ല്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഈ വിധി റദ്ദാക്കി. ഇതേത്തുടര്‍ന്ന് നര്‍ത്തകി നവ്‌തേജ് സിങ് ജോഹര്‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്‌റ, വ്യവസായികളായ റിതു ഡാല്‍മിയ. അമന്‍നാഥ് തുടങ്ങിയവരാണ് സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണുന്ന വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

Comments are closed.