ഡാൻ ബ്രൗൺ മാജിക് ‘ലോസ്റ്റ് സിംബലിൽ’
ജോണി എം.എൽ.
ഒരു സ്വപ്നത്തിൽ ചെന്നു പെടുകയും അതിലെ സംഭവങ്ങളിൽ ഭാഗഭാക്കാകുകയും ഒടുവിൽ സ്വപ്നം തീർന്നു വിശ്രാന്തിയെ പ്രാപിക്കുകയും ചെയ്യുന്ന അവസ്ഥ പലർക്കും ഉണ്ടാകാറില്ല. സ്വപ്നം ഇടയ്ക്ക് മുറിയുകയും സുഷുപ്തിയിൽ നിന്ന് ജാഗ്രതാവസ്ഥയിലേയ്ക്ക് എടുത്തെറിയപ്പെടുകയും ചെയ്യുന്ന നമ്മിൽ പലരും കുറച്ചു നേരത്തെങ്കിലും അത്ഭുതപ്പെടാറുണ്ട്, ആ സ്വപ്നം അതിന്റെ പരിസമാപ്തിയിൽ എത്തിച്ചേർന്നിരുന്നെങ്കിൽ എന്ന്. ചിലപ്പോൾ നാമൊരു ചെങ്കുത്തായ പർവതത്തിൽ നിന്നു താഴേയ്ക്ക് വീഴാൻ തുടങ്ങുമ്പോഴാകും ഉണർന്നു പോകുന്നത്. സ്വപ്നത്തിന്റെ ഒരേ ഒരു കുഴപ്പം, എത്ര ശ്രമിച്ചാലും അതേ തീവ്രതയോടെ നമുക്കതിനെ ഓർത്തെടുക്കാനോ അതിലേയ്ക്ക് മറ്റൊരു ഉറക്കം വഴി കടന്നു ചെന്നെത്താനോ കഴിയുകയില്ല എന്നതാണ്. ഡാൻ ബ്രൗണിന്റെ നോവലുകൾക്കുള്ള പൊതുസ്വഭാവം സ്വപ്നത്തിന്റേതാണ്. ഒരിക്കൽ അതിൽ ചെന്നുപെട്ടു കഴിഞ്ഞാൽ അതിൽ നിന്ന് പുറത്തു വരും വരെ നമുക്ക് ആകപ്പാടെ സംത്രാസമായിരിക്കും. ഒറ്റയടിക്ക് ആ നോവലുകൾ വായിച്ചു തീർക്കണം എന്നു തോന്നും. പക്ഷേ അവയുടെ വലുപ്പം വെച്ചു നോക്കുമ്പോൾ അങ്ങിനെ ഇരുന്നു തീർക്കാനും കഴിയുകയില്ല. തിരികെ ചെല്ലുമ്പോഴാകട്ടെ പഴയ തീവ്രത കിട്ടണമെങ്കിൽ അൽപം പിറകിലേയ്ക്കുള്ള പേജുകൾ കൂടി വായിക്കണം; അങ്ങിനെ വായിച്ചു നാം നേരത്തെ വായിച്ചു നിറുത്തിയ ഇടത്തിൽ എത്തുമ്പോൾ പിന്നെ ഒരു അതിവേഗ കാറോട്ടപ്പാതയിൽ ചെന്നു കയറിയതു പോലെയാണ്. വേഗത കുറയ്ക്കാൻ കഴിയാത്ത വായനാനുഭവം. അതാണ് ഡാൻ ബ്രൗണിന്റെ ‘ദി ലോസ്റ്റ് സിംബൽ’ അഥവാ ‘നഷ്ട ചിഹ്ന’വും നൽകുന്നത്.
ഡാൻ ബ്രൗൺ ഇന്ന് ലോകത്തെമ്പാടും ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ്. ജെയിംസ് ബോണ്ടിനെ സൃഷ്ടിച്ച ഇയാൻ ഫ്ലെമിങ്ങിനെ പോലെ തന്നെയാണ് റോബർട്ട് ലാങ്ടൺ എന്ന എല്ലാം ഓർമയിലിരിക്കുന്ന പ്രഫസറെ സൃഷ്ടിച്ച ഡാൻ ബ്രൗണിനെയും വായനക്കാർ കാണുന്നത്. സീൻ കൊണറി, റോജർ മൂർ, പിയേഴ്‌സ് ബ്രോസ്‌നൻ, ഡാനിയേൽ ക്രെയ്ഗ് തുടങ്ങിയവർ ജെയിംസ് ബോണ്ടിനെ വിവിധ കാലങ്ങളിൽ സിനിമയിൽ ആവിഷ്‌കരിച്ചു. എന്നാൽ റോബർട്ട് ലാങ്ടണിനെ സിനിമയിൽ ടോം ഹാങ്ക്‌സ് എന്ന നടൻ മാത്രമേ അവതരിപ്പിച്ചിട്ടുള്ളൂ. ഇനി അഥവാ ഡാൻ ബ്രൗണിന്റെ ഏറ്റവും ഒടുവിൽ ഇറങ്ങിയ നോവൽ ആയ ‘ഒറിജിൻ’ സിനിമ ആയാലും അതിൽ അഭിനയിക്കുന്നത് ടോം ഹാങ്ക്‌സ് തന്നെയായിരിക്കും. ഇനി മറ്റൊരു എഴുത്തുകാരൻ റോബർട്ട് ലാങ്ടൺ എന്നൊരു കഥാപാത്രത്തെ എഴുതിയുണ്ടാക്കാനും അത് മറ്റേതെങ്കിലും ഒരു നടൻ അഭിനയിക്കാനുമുള്ള സാധ്യതകൾ വളരെ കുറവാണ്. ഞാനിതു പറയാൻ കാരണം, ഡാൻ ബ്രൗണിന്റെ നോവലുകൾക്ക് സിനിമയുമായാണ് ഏറ്റവും അടുത്ത ബന്ധമുള്ളത്. യഥാർഥത്തിൽ സിനിമയെ മുന്നിൽ കണ്ടു കൊണ്ടായിരുന്നില്ല ഡാൻ ബ്രൗൺ തന്റെ രചനകൾ തുടങ്ങിയത്. ഡിജിറ്റൽ ഫോട്രെസ്സ്, ഏഞ്ചൽസ് ഡെമോൺസ് തുടങ്ങി ആദ്യകാല നോവലുകളിൽ ഡാൻ ബ്രൗൺ സിനിമാ രചനയുടെ സങ്കേതങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ ഒരു ആഗോള എഴുത്തുകാരനാക്കിയ ഡാവിഞ്ചി കോഡ് പ്രസിദ്ധീകരിക്കുമ്പോൾ ഡാൻ ബ്രൗൺ കൂടുതലും ഒരു നോവലിസ്റ്റിന്റെ രചനാ രീതിയാണ് പിൻപറ്റുന്നത്. എന്നാൽ ഡാവിഞ്ചി കോഡിന്റെ വൻവിജയത്തെ തുടർന്ന് അത് സിനിമയാവുകയും അതും ബോക്‌സ് ഓഫീസിൽ ചരിത്രം രചിക്കുകയും ചെയ്തതോടെ തുടർന്നെഴുതിയ ലോസ്റ്റ് സിംബൽ, ഇൻഫെർണോ, ഒറിജിൻ എന്നീ നോവലുകളിൽ അദ്ദേഹം തിരക്കഥയുടെ സങ്കേതങ്ങളെ സ്വീകരിക്കുകയാണ് ഉണ്ടായത്.
തിരക്കഥയ്ക്ക് ഇരുപതാം നൂറ്റാണ്ടിന്റെ ഒടുക്കത്തോടെ സാഹിത്യരൂപം എന്ന പദവി കൈവരുന്നുണ്ട്. പ്രസിദ്ധീകരിച്ച തിരക്കഥകൾ എന്നത് സിനിമയുടെ ദൃശ്യാനുഭവത്തിനും സാഹിത്യത്തിന്റെ വായാനാനുഭവത്തിനും ഇടയിൽ നിൽക്കുന്ന ഒന്നാണ്. വായന എന്നത് ദൃശ്യങ്ങളുടെ നിരന്തരമായ സൃഷ്ടി കൂടിയാണ്. സിനിമയാക്കപ്പെടാത്ത ഒരു സാഹിത്യ സൃഷ്ടിയുടെ പാരായണം ഉണ്ടാക്കുന്ന ദൃശ്യബോധവും സിനിമയാക്കപ്പെട്ട ഒന്ന് ഉണ്ടാക്കുന്ന ദൃശ്യബോധവും രണ്ടാണ്. ആദ്യത്തേത് വായനക്കാരുടെ ഭാവനയ്ക്കനുസരിച്ച് രൂപപ്പെടുമ്പോൾ രണ്ടാമത്തേതിൽ സിനിമയുടെ ദൃശ്യപാഠം നൽകുന്ന ചില മുൻധാരണകൾ വായനയുണ്ടാക്കുന്ന ദൃശ്യബോധത്തെ പരിമിതപ്പെടുത്തുന്നുണ്ട്. എന്നാൽ സിനിമയുടെ പാഠം അറിയാത്ത ഒരാൾ വായിക്കുന്ന തിരക്കഥ ഏതു ദൃശ്യപരമ്പരയാകും വായനക്കാരനിൽ ഉളവാക്കുന്നത്? ഡാൻ ബ്രൗണിന്റെ നോവലുകൾ ഈ രണ്ടു സാധ്യതകളും വായനക്കാർക്കു നൽകുന്നുണ്ട്. തിരക്കഥയുടെ കർശന സ്വഭാവങ്ങൾ ഇല്ലാതെ തന്നെ ഒരു നാടകത്തിന്റെ വിശദീകരണമായിട്ടാണ് ഡാൻ ബ്രൗണിന്റെ കൃതികൾ പൊതുവെ വായനക്കാർക്കു ലഭിക്കുന്നത്. അതിൽ അവർക്കു വേണ്ട ഒരു ‘സിനിമ’ നിർമ്മിച്ചെടുക്കാനുള്ള സാധ്യതകൾ അടങ്ങിയിട്ടുണ്ട്. അതെ സമയം, ഈ നോവലുകളെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട സിനിമകൾ, അവയിൽ അഭിനയിച്ചവർ എന്നിങ്ങനെയുള്ളവയെ കുറിച്ചുള്ള മുന്നറിവ് വായനയെ നിയന്ത്രിക്കുന്നുണ്ട്. പക്ഷേ, പരിചിതമായ ഒരു സിനിമാ അനുഭവത്തിൽ നിന്നും വ്യത്യസ്തമായ കാലത്തിലും ലോകത്തിലും ആണ് ഈ നോവലുകളിലെ കഥ നടക്കുന്നത് എന്നതിനാൽ ഹോളിവുഡിലേതും ഇതര സിനിമാ ഇടങ്ങളിലേതും അല്ലാത്തതായ ഒരു ദൃശ്യപാഠം വായനക്കാർ ഉണ്ടാക്കിയെടുക്കും. ഡാൻ ബ്രൗണിന്റെ നോവലുകളുടെ പാരായണം ഓരോ വായനക്കാരനെയും ഓരോ സിനിമാ സംവിധായകൻ കൂടിയാകുന്നു എന്നു വേണമെങ്കിൽ പറയാം.
പുസ്തകം 25 % വിലക്കുറവിൽ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവറിലൂടെ സ്വന്തമാക്കാൻ സന്ദർശിക്കുക
രണ്ടായിരത്തി ഒമ്പതിലാണ് ലോസ്റ്റ് സിംബൽ എന്ന കൃതി ആദ്യം പ്രസിദ്ധീകരിക്കുന്നത്. സാധാരണ കൃതികൾ വായിക്കുമ്പോൾ, അവ കവിതകളാണെങ്കിൽ പ്രത്യേകിച്ചും, നാം യുക്തിബോധത്തെയും അവിശ്വാസത്തെയും കുറെ നേരത്തേയ്ക്ക് അവധികൊടുത്ത് നിറുത്താറുണ്ട്. സാധാരണ യാഥാർഥ്യ ബോധം ഉളവാക്കുന്ന രചനകളിൽ ഒക്കെ ഗ്രന്ഥകർത്താക്കൾ ഒരു തരത്തിലുള്ള മുൻകൂർ ജാമ്യം എടുത്തിരിക്കും: ഇതെല്ലാം ഭാവനാസൃഷ്ടമാണ്. ഇനി അഥവാ ആർക്കെങ്കിലും ഇതിലെ കഥാപാത്രങ്ങൾക്കോ സംഭവങ്ങൾക്കോ ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ നടന്നവയുമായോ സാദൃശ്യമുണ്ടെങ്കിൽ അത് കേവലം യാദൃശ്ചികം മാത്രം എന്നു പറയാറുണ്ട്. എന്നാൽ ഡാൻ ബ്രൗൺ ആകട്ടെ ഇങ്ങനെ പറയുന്നില്ല എന്നു മാത്രമല്ല, ഇതിലെ കഥാപാത്രങ്ങൾ ഒഴികെയുള്ള എല്ലാം (സ്ഥലങ്ങളും ചരിത്രവും സംഭവങ്ങളും എല്ലാം) യാഥാർഥമാണെന്ന് പറയുകയും ചെയ്യുന്നു. ഇതാണ് ലോസ്റ്റ് സിംബൽ ഉൾപ്പെടെയുള്ള കൃതികളെ തികച്ചും ത്രില്ലർ ആക്കി മാറ്റുന്നത്. അതായത്, നമ്മൾ വായിക്കുന്ന കാര്യങ്ങളെല്ലാം നടക്കുന്നത് യഥാർഥമായ ഇടങ്ങളിലും ചരിത്രത്തിനുള്ളിലുമാണ്. അതിൽ പറയുന്ന ഒരു കെട്ടിടത്തിന്റെ അസ്ഥിവാരത്തിൽ എഴുതിവെച്ചിരിക്കുന്ന കുറിപ്പു പോലും അതെപടി അവിടെയുണ്ട്. പക്ഷേ, അവയെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങൾക്കു സംഭാവ്യതയേ ഉള്ളൂ; യഥാർഥത്തിൽ അങ്ങിനെ സംഭവിക്കാൻ വഴിയില്ല. പക്ഷേ സംഭവിക്കുന്നതായി പറയുന്നു. അങ്ങിനെ വരുമ്പോൾ ഡാൻ ബ്രൗണിന്റെ നോവലുകൾ മാജിക്കൽ റിയലിസത്തിനും സിനിമയുടെ പൊതു ഭാഷയ്ക്കും വളരെ അടുത്തു നിൽക്കുന്നു.
പ്രശസ്തമായ സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു പ്രഭാഷണം നടത്താൻ പ്രഫസർ റോബർട്ട് ലാങ്ടണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായ പീറ്റർ സോളമനിൽ നിന്ന് ഒരു ക്ഷണം ലഭിക്കുന്നു. കാപിറ്റോൾ ഹില്ലിലാണ് സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടും സ്ഥിതി ചെയ്യുന്നത്. അവിടെ എത്തുന്ന ലാങ്ടണ് ഒരു കാര്യം മനസ്സിലാകുന്നു; തന്നെ ഇവിടെ മറ്റൊരാൾ വരുത്തിയതാണ്. ലോകത്തിലെ എല്ലാ പൈശാചിക ശക്തികളുടെയും അധിപനാകാൻ ആഗ്രഹിച്ചു നടക്കുന്ന മലഖ് എന്നൊരു വിചിത്ര മനുഷ്യനാണ് ലാങ്ടനെ അവിടെ വരുത്തിയിരിക്കുന്നത്. അയാൾ പീറ്റർ സോളമനെ തട്ടിക്കൊണ്ട് പോയി തടവിൽ പാർപ്പിച്ചിരിക്കുന്നു. സോളമൻ ഒരു ഫ്രീമേസൺ ആണ്. അമേരിക്കയുടെ സ്ഥാപകർ മുതൽ വലിയ ബിസിനസ് അധിപതികളും ശാസ്ത്രജ്ഞരും ഒക്കെ ഫ്രീമേസൺ സംഘത്തിൽ അംഗങ്ങളാണ്. ആഭിചാരങ്ങളിലൂടെ അവർ ലോകശക്തി നേടാറുണ്ടെന്നാണ് കരുതുന്നത്. മലാഖിനു ആ ശക്തികൾ വേണം. സോളമന്റെ കയ്യിൽ ഉള്ള ഒരു പിരമിഡിൽ അതിന്റെ രഹസ്യ കോഡ് അടങ്ങിയിരിക്കുന്നു എന്ന് മലഖ് വിശ്വസിക്കുന്നു. അതിപ്പോൾ ലാങ്ടൺന്റെ കയ്യിലാണ്. അത് മലാഖിന് വേണം. അതിനായി അയാൾ സോളമന്റെ സഹോദരിയും പ്രമുഖ ശാസ്ത്രജ്ഞയുമായ കാതറീൻ സോളമനെ പോലും വധിക്കാൻ തയാറാണ്.അമേരിക്കൻ സർക്കാരും സി ഐ എ യും ഒക്കെ ഉൾപ്പെടുന്ന ഒരു വലിയ ഗൂഡാലോചനയും അന്വേഷണവും ഒക്കെയുമായി കഥ വികസിക്കുന്നു. കസേരയുടെ വക്കിലിരുന്നു മാത്രമേ ഈ പുസ്തകം വായിച്ചു തീർക്കാൻ കഴിയൂ.
സ്വപ്നം കാണുന്നതു പോലെയാണ് ഡാൻ ബ്രൗണിന്റെ നോവലുകൾ വായിക്കുന്നത്, വായിക്കേണ്ടത് എന്ന് ഞാൻ തുടക്കത്തിൽ പറഞ്ഞു. ലോസ്റ്റ് സിംബൽ എന്ന നോവൽ ഒരു സ്വപ്നമാണ്. ആ സ്വപ്നത്തിൽ നിന്ന് ഉണർന്നു പോകരുതേ എന്ന് നമ്മൾ പ്രാർത്ഥിച്ചു പോകും. സുഖശീതളമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന കുറെ കുറോസോവിയൻ സ്വപ്നങ്ങളല്ല മറിച്ച് വിയർക്കുകയൂം കൈകാലിട്ടടിക്കുകയും ആകാംക്ഷപ്പെടുകയും ഒക്കെ ചെയ്യുന്ന ഒരു തരം സ്വപ്നമാണ് ലോസ്റ്റ് സിംബോളിന്റെ വായന നൽകുന്നത്. റോബർട്ട് ലാങ്ടൺ വിവാഹിതനല്ല. അതിനാൽത്തന്നെ സന്ദർഭവശാൽ കഥയിൽ അദ്ദേഹത്തിനോടൊപ്പം ഒടുക്കം വരെ ഉണ്ടാകുന്ന സ്ത്രീ കഥാപാത്രവും വിവാഹിതയായിരിക്കില്ല. ഒരു തരത്തിലും പ്രണയം വിടരാൻ സാധ്യതയില്ലാത്ത സന്ദർഭത്തിലാണ് അവർ ആദ്യമായി കണ്ടു മുട്ടുന്നതു തന്നെ. പിന്നാലെ പൊലീസ് തോക്കും ചൂണ്ടിപ്പായുമ്പോൾ ആർക്കാണ് റൊമാൻസിനെ കുറിച്ച് ഓർക്കാൻ തന്നെ കഴിയുന്നത്! പക്ഷേ ലാങ്ടൺ ഒറ്റയ്ക്കല്ല ഓടുന്നത് എന്നതിനാലും പല ഇടങ്ങളിലും ലാങ്ടണും കാതറീനും പരസ്പരം ചേർന്ന് ഇരിക്കുകയോ നിൽക്കുകയോ കിടക്കുകയോ ചെയ്യേണ്ടി വരുന്നുണ്ട് എന്നതിനാലും അവർ തമ്മിൽ ‘എന്തൊങ്കിലുമൊക്കെ ഉണ്ടായേക്കും’ എന്നൊരു രതിബോധ സാധ്യത വായനക്കാരനെ ആ ഒരു വഴിക്കുകൂടി ഉത്സുകതയോടെ വായിക്കാൻ പ്രേരിപ്പിക്കുന്നു. വായനയുടെ സുഖം എന്നൊക്കെ പറയാമെങ്കിലും ഡാൻ ബ്രൗണിന്റെ നോവലുകളുടെ വായന ‘അതുക്കും മേലെ’ ഒരു സുഖം തരുന്നുണ്ട് എന്നു പറയേണ്ടതുണ്ട്.
അർഥങ്ങൾ അല്ല മറിച്ച് കെട്ടുകാഴ്ചകൾ സൃഷ്ടിക്കുന്ന അർഥപ്രതീതികൾ തമ്മിലുണ്ടാകുന്ന ബന്ധങ്ങൾ സാധ്യമാക്കുന്ന അർഥങ്ങളെ കുറിച്ചുള്ള ധാരണയാണ് കെട്ടുകാഴ്ച്ചാ സമൂഹങ്ങളെ ഉണ്ടാക്കുന്നതെന്ന് എഴുപതുകളിൽ ഗൈ ദെബോർഡ് എന്ന ഫ്രഞ്ച് ചിന്തകൻ പറഞ്ഞു വെച്ചു. അതിന്റെ തന്നെ മറ്റൊരു രൂപമാണ് ഇപ്പോൾ സത്യാനന്തര സമൂഹം (പോസ്റ്റ് ട്രൂത്ത് സൊസൈറ്റി) എന്ന നിലയിൽ വന്നിരിക്കുന്നത്. സത്യം എന്നത് സത്യം എന്ന അനിവാര്യതയോ ആത്യന്തികതയോ അവിഭാജ്യതയോ അല്ല, നേരെ മറിച്ച് സത്യം എന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്ന വ്യാജങ്ങൾ സൃഷ്ടിക്കുന്ന സത്യപ്രതീതി നിർണ്ണയിക്കുന്ന ഒരു സമൂഹമാണ് പോസ്റ്റ് ട്രൂത്ത് സൊസൈറ്റിയുടെ കാരണമായിരിക്കുന്നത്. ഇതു തന്നെയാണ് ബാദ്‌റിലാർഡ് സിമുലാക്രം എന്ന പരികല്പനയിലൂടെ മുന്നോട്ടു വെച്ചത്. അത് ഒരുതരം റ്റെലിവൈസ്ഡ് യാഥാർഥ്യമാണ്. ഒരു സംഭവം നടന്നു എന്ന ബോധം ഏതു വിധേനയും സൃഷ്ടിച്ചാൽ മാത്രം മതി, സംഭവം നടക്കണമെന്നില്ല. ഇത്തരത്തിൽ ഒരു പോസ്റ്റ് ട്രൂത്ത് നോവൽ ആണ് ഡാൻ ബ്രൗണിന്റേത് എന്നു വേണമെങ്കിൽ പറയാം. ഇതിൽ സത്യം എന്ത് എന്ന് ആത്യന്തികമായി വിശദീകരിക്കുന്നില്ല. അമേരിക്കയിലെ നേതാക്കൾ പങ്കെടുക്കുന്ന ആഭിചാരക്രിയകളെ പുറത്തറിയിക്കും എന്ന് മലഖ് പറയുന്നു, പക്ഷേ, അത്രയും ഭീഷണമായ ആ സത്യം എന്ത് എന്ന് നാം അറിയുന്നതേയില്ല. അറിയിക്കാൻ ഡാൻ ബ്രൗൺ ഉദ്ദേശിച്ചിട്ടും ഇല്ല. പക്ഷേ അങ്ങിനെയൊരു സത്യം ഉണ്ടാകാം എന്ന ബോധം വിവിധങ്ങളായ പ്രതീതികളിലൂടെ നോവലിസ്റ്റ് നമ്മെ അനുഭവിപ്പിക്കുന്നു. ലോസ്റ്റ് സിംബോളിലെ മലഖ് ഒരു ദുരന്ത കഥാപാത്രത്തിന്റെ മാനങ്ങൾ വഹിക്കുന്ന ഒരാളാണ്. ഗോയിഥെയുടെ ഡോക്ടർ ഫൗസ്റ്റിനെപ്പോലെ ഏകലക്ഷ്യോമുഖനാണ് മലഖ്; ശക്തിക്കു വേണ്ടി പിശാചിന് ആത്മാവ് നൽകിയ ഒരാൾ. ലോസ്റ്റ് സിംബലിലെ ഒരു മികച്ച കഥാപാത്രം വില്ലനായി പ്രത്യക്ഷപ്പെടുന്ന മലഖ് ആണെന്നു പറയുന്നതിൽ അതിശയോക്തിയില്ല.
പുസ്തകം 25 % വിലക്കുറവിൽ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവറിലൂടെ സ്വന്തമാക്കാൻ സന്ദർശിക്കുക
ഡാൻ ബ്രൗണിന്റെ ‘ദി ലോസ്റ്റ് സിംബൽ’ എന്ന നോവലിന് ജോണി എം.എൽ. എഴുതിയ വായനാനുഭവം
കടപ്പാട് ; മനോരമ ഓൺലൈൻ
Comments are closed.