ദേശീയ വിവര്‍ത്തന പുരസ്‌കാരം 2023; ലോങ് ലിസ്റ്റില്‍ ഇടംനേടി ഷീലാ ടോമിയുടെ ‘വല്ലി’ യുടെ ഇംഗ്‌ളീഷ് പരിഭാഷ
അമേരിക്കന്‍ ലിറ്റററി ട്രാന്‍സ്ലേറ്റേഴ്‌സ് അസോസിയേഷന്റെ (ALTA) 2023 ലെ കവിതയ്ക്കും ഗദ്യത്തിനുമുള്ള ദേശീയ വിവര്‍ത്തന അവാര്‍ഡുകളുടെ (NTA) ലോങ്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഗദ്യവിഭാഗത്തിൽ ഇടംനേടി ജയശ്രീ കളത്തിൽ വിവർത്തനം ചെയ്ത ഷീലാ ടോമിയുടെ നോവൽ ‘വല്ലി’. ഡി സി ബുക്സാണ് മലയാളം നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യയാണ് ഇംഗ്ലീഷ് പരിഭാഷയുടെ പ്രസാധകര്‍. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2022-ലെ ചുരുക്കപ്പട്ടിക ‘വല്ലി’ യുടെ ഇംഗ്ലീഷ് പരിഭാഷ ഇടംനേടിയിരുന്നു. എസ് ഹരീഷിന്റെ വിവാദ നോവൽ ‘മീശ’ ‘മൊസ്‌റ്റാഷ്’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്‌തത് ജയശ്രീയാണ്. ഈ രചനയിലൂടെ ജെസിബി സാഹിത്യപുരസ്‌കാരവും നേടി. കൂടാതെ നിരവധി കൃതികൾ ജയശ്രീ കളത്തിൽ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
കവിതയിലും ഗദ്യത്തിലും 19 ഭാഷകളില്‍ നിന്നായി 12 പുസ്തകങ്ങള്‍ വീതമാണ് ലോങ്‌ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ‘സാഹിത്യ വിവര്‍ത്തനത്തിലെ മികവിന് അംഗീകാരം നല്‍കാന്‍ ALTA എന്നും പ്രതിജ്ഞാബദ്ധമാണെന്നും കഴിഞ്ഞ 25 വര്‍ഷമായി പുരസ്‌കാരം നല്‍കിവരുന്നുവെന്നും ALTA യുടെ വൈസ് പ്രസിഡന്റ് ചെന്‍സിന്‍ ജിയാങ് പറഞ്ഞു. 19 ഭാഷകളില്‍ നിന്നായി വിപുലമായ അനുഭവപരിചയമുള്ള വിവര്‍ത്തകരുടെ സൃഷ്ടികളാണ് ഓരോ വര്‍ഷവും മത്സരത്തിനെത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുരസ്കാരത്തിനായി ഇത്തവണ ഗദ്യ വിഭാഗത്തിൽ 262 പുസ്തകങ്ങളും കവിതാ വിഭാഗത്തിൽ 93 പുസ്തകങ്ങളും സമർപ്പിക്കപ്പെട്ടു.
തമിഴ് – മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്റെ കഥകളുടെ പ്രിയംവദ രാംകുമാര്‍ നിര്‍വഹിച്ച പരിഭാഷ സ്റ്റോറീസ് ഓഫ് ദ് ട്രൂ ആണ് വല്ലിക്കു പുറമെ ലിസ്റ്റില്‍ ഇടംനേടിയ ഇന്ത്യയില്‍ നിന്നുള്ള പുസ്തകം.
നടാഷ ബ്രൂസ്, ഷെല്ലി ഫ്രിഷ്, ജേസണ്‍ ഗ്രുനെബോം, സവാദ് ഹുസൈന്‍, ലിറ്റണ്‍ സ്മിത്ത് എന്നിവരുള്‍പ്പെട്ട ജൂറിയാണ് ഗദ്യവിഭാഗത്തില്‍ വിധിനിര്‍ണ്ണയം നടത്തിയത്. പോളിന്‍ ഫാന്‍, ഹെതര്‍ ഗ്രീന്‍, ഷൂക്ക് എന്നിവരാണ് കവിത വിഭാഗത്തിലെ ഈ വര്‍ഷത്തെ വിധികര്‍ത്താക്കള്‍. ഒക്ടോബര്‍ 11-നാണ് ചുരുക്കപ്പട്ടിക പ്രഖ്യാപിക്കുക. ALTA-യുടെ വാര്‍ഷിക സമ്മേളനമായ ALTA46: The Place of Translation-ന്റെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ നവംബര്‍ 11-ന് അന്തിമഫലപ്രഖ്യാപനം നടക്കും. മൂന്നര ലക്ഷത്തോളം രൂപയാണ് പുരസ്കാരത്തുക.
വയനാട്ടിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പ്രമേയമാക്കി എഴുതപ്പെട്ട നോവലാണ് വല്ലി. കുടിയേറ്റത്തിനിടയില്‍ സംഭവിക്കുന്ന പ്രണയങ്ങളും പ്രണയനിരാസവും വിപ്ലവവും മറ്റു സങ്കീര്‍ണ്ണതകളുമൊക്കെ ഈ നോവലിലുമുണ്ട്. വറ്റിവരണ്ട് മെലിയുന്ന നദിയും സമൃദ്ധമായ കാട് മെല്ലെ മെല്ലെ ഇല്ലാതായികൊണ്ടിരിക്കുന്നതുമായ കല്ലുവയല്‍ എന്ന ഗ്രാമമാണ് നോവലിന്റെ പ്രധാന ഭൂമിക. പ്രകൃതിയുമായുള്ള മനുഷ്യന്റെ ഗാഢ ബന്ധവും അതിലുപരി, ജാതി, ഗോത്രം, ഇക്കോഫെമിനിസം, തൊഴില്‍, ആത്മീയത, കുടിയേറ്റം, കുടിയിറക്കം, എന്നിങ്ങനെ ഒട്ടേറെ പ്രമേയങ്ങളുടെ സൂക്ഷ്മാവതരണവും വല്ലിയിലുണ്ട്. വയനാടിന്റെ സമഗ്രാഖ്യാനമെന്ന നിലയില്‍ വയനാട് പ്രമേയമായ ഇതര നോവലുകളില്‍നിന്ന് വേറിട്ടു നില്‍ക്കുന്ന രചന.
കുത്തനെയുള്ള ഇറക്കവും വളവും തിരിവും മലയും പുഴയും കാടും മഞ്ഞുമുള്ള വയനാടിന്റെ മുക്കിലും മൂലയിലുംകൂടി മിത്തുകള്‍ക്കൊപ്പം ഒരു നവസഞ്ചാരമാണ് ഷീല ടോമിയുടെ വല്ലി എന്ന നോവല്‍. മാധവ് ഗാഡ്ഗില്‍ പല ഇക്കോളജിക്കലി സെന്‍സിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന ബയല്‍നാട് എന്ന വയനാട്ടില്‍നിന്ന് ഒരു വനഗാഥ. എപ്പോഴും പരാജയപ്പെടുത്തപ്പെടുന്ന ആദിവാസികളുടെ, പാവപ്പെട്ട കുടിയേറ്റകര്‍ഷകരുടെ ജീവഗാഥ.
Comments are closed.