കൊറോണ വൈറസ് ബാധ; ലണ്ടനില്‍ ബുക്ക്‌ഫെയര്‍ റദ്ദാക്കി
എണ്‍പതിലധികം രാജ്യങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ലണ്ടന്‍ ബുക്ക്‌ഫെയര്‍ റദ്ദാക്കി. വൈറസ് ഭീതിയെ തുടര്‍ന്നു പ്രധാന പ്രസാധകര്‍ എല്ലാവരും പിന്മാറിയതോടെയാണ് ബുക്ക് ഫെയര്‍ റദ്ദാക്കിയത്.
മാര്‍ച്ച് 10 മുതല്‍ 12 വരെ ഒളിമ്പിയയിലെ കെന്‍സിംഗ്ടണ്ണിലായിരുന്നു ബുക്ക്‌ഫെയര്‍ സംഘടിപ്പിച്ചിരുന്നത്. പങ്കെടുക്കാമെന്ന് ഏറ്റ പല ഏജന്‍സികളും വൈറസ് ഭീതിയെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. യു.കെ.യില്‍ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ യാത്രാവിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനയില്‍ എന്നും ബ്രിട്ടീഷുകാര്‍ ബഹുദൂരം മുന്നിലാണ്. കഴിഞ്ഞ 19 വര്‍ഷമായി നടന്നുവന്നിരുന്ന ലണ്ടന്‍ ബുക്ക്‌ഫെയറില്‍ സാധാരണ സന്ദര്‍ശകരെ കൂടാതെ 118 രാജ്യങ്ങളില്‍ നിന്നായി 25,000 ത്തോളം പ്രസാധക രംഗത്തുള്ള പ്രമുഖരും പങ്കെടുക്കാറുണ്ട്. 1971 നവംബര്‍ അഞ്ചിന് ആരംഭിച്ച ‘ദി സ്‌പെഷ്യലിസ്റ്റ് പബ്ലിഷേഴ്‌സ് എക്‌സിബിഷന്‍ ഫോര്‍ ലൈബ്രറിയന്‍സ്’ എന്ന മേളയാണ് പിന്നീട് ലണ്ടന്‍ പുസ്‌കമേളയായി മാറിയത്.
Comments are closed.