DCBOOKS
Malayalam News Literature Website

മാര്‍ക് ട്വെയ്‌ന്റെ ലോകോത്തര കഥകള്‍

ടോം സോയറിന്റെയും ഹക്ക്ള്‍ബെറി ഫിന്നിന്റെയും കഥകളിലൂടെ വായനക്കാരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ അമേരിക്കയിലെ പ്രശസ്ത ജനപ്രിയ സാഹിത്യകാരന്‍ മാര്‍ക്ക് ട്വെയ്‌ന്റെ ചെറുകഥകളുടെ സമാഹാരമാണ് ലോകോത്തര കഥകള്‍. അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന ഹാസ്യവും കീറിമുറിക്കുന്ന ആക്ഷേപഹാസ്യവും സമകാലികരും നിരൂപകരും ഏറെ വാഴ്ത്തിയിട്ടുണ്ട്. അമേരിക്കന്‍ എഴുത്തുകാരനായ വില്യം ഫോക്‌നര്‍ മാര്‍ക് ട്വെയ്‌നെ ‘അമേരിക്കന്‍ സാഹിത്യത്തിന്റെ പിതാവ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

 മാര്‍ക്ക് ട്വയിന്റെ ഏറ്റവും പ്രശസ്തമായ കൃതികള്‍ അഡ്വെഞ്ചെര്‍സ് ഓഫ് ഹക്ക്ള്‍ബെറി ഫിന്‍, ദി അഡ്വെഞ്ചെഴ്‌സ് ഓഫ് ടോം സോയര്‍ എന്നിവയാണ്. തന്റെ സാഹിത്യത്തിന്, പ്രത്യേകിച്ചും തന്റെ കൃതികളിലെ നര്‍മ്മത്തിന്, മാര്‍ക് ട്വെയിന്‍ ഏറെ പ്രശസ്തനാണ്.

വിചിത്രമായ ഒരു സ്വപ്നം, എന്റെ റിസ്റ്റ് വാച്ച്, സല്‍സ്വഭാവിയായ ആണ്‍കുട്ടിയുടെ കഥ, കാര്‍ഷിക പത്രത്തിന്റെ പത്രാധിപത്യ നിര്‍വ്വഹണം, കേപ്പിറ്റോളിലെ വീനസ് പ്രതിമ, പ്രസിദ്ധമായ പോത്തിറച്ചിക്കരാറിന്റെ യഥാര്‍ത്ഥ വസ്തുതകള്‍, ജിം സ്മിലിയും അവന്റെ ചാട്ടക്കാരന്‍ തവളയും, നരഭോജനത്തിന്റെ രാഷ്ട്രീയം, ചീത്ത ആണ്‍കുട്ടിയുടെ കഥ, ഒരു മദ്ധ്യകാല പ്രണയകഥ എന്നിങ്ങനെ 10 ചെറുകഥകളാണ് ലോകോത്തര കഥകളിലുള്ളത്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കഥാസമാഹാരത്തിന്റെ ആദ്യ പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

 

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച മാര്‍ക് ട്വെയ്‌ന്റെ കൃതികള്‍ വായിയ്ക്കാം

Comments are closed.