ലൈംഗികത്തൊഴിലാളികളെ കൊന്നു രസിച്ച കൊലയാളി; മൃതദേഹങ്ങളോട് ക്രൂരത, ദുരൂഹത അവസാനിക്കുന്നില്ല…
ഗീതാലയം ഗീതാകൃഷ്ണന്റെ ‘ലോകത്തെ നടുക്കിയ കൊലപാതകങ്ങൾ’ എന്ന കൃതിയിൽ നിന്നും
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ബ്രിട്ടനിലേക്കു കുടിയേറ്റക്കാരുടെ ഒരു കുത്തൊഴുക്കു തന്നെയാണ് അനുഭവപ്പെട്ടത്. അതോടെ ലണ്ടന്റെ കിഴക്കേ അറ്റമടക്കം പല സ്ഥലങ്ങളിലും ജനസംഖ്യകൊണ്ട് വീർപ്പുമുട്ടി. ആദ്യം എത്തിയത് ഐറിഷ് അഭയാർഥികളാണ്. പിന്നീട് 1882–ൽ സാറിന്റെ റഷ്യയിൽ നിന്ന് ജൂത അഭയാർത്ഥികളെത്തി. അവർ കിഴക്കൻ യൂറോപ്പിൽ താമസമുറപ്പിച്ചു.
ജനസംഖ്യ പെരുകിയതോടെ തൊഴിൽ സാദ്ധ്യത മങ്ങി, വേതനമില്ലായ്കയും രൂക്ഷമായി. സുഖമായി താമസിക്കാനോ എന്തിന് ഒന്നു തലചായ്ക്കാനോ ഇടമില്ലാതെ ആളുകൾ വലഞ്ഞു. അതോടെ സാമ്പത്തികമായ അസ്വസ്ഥത പടർന്നു പിടിച്ചു. അതാവട്ടെ കൊള്ളയിലേക്കും പിടിച്ചു പറിയിലേക്കും നയിച്ചു. അക്രമവും മദ്യസേവയും അടിപിടിയും സാർവത്രികമായി. ഇതെല്ലാം മൂലം സ്ത്രീപുരുഷഭേദമില്ലാതെ ആളുകൾ ലൈംഗികവൃത്തിയിലേക്കു തിരിഞ്ഞു. 1888 ഒക്ടോബറിൽ ലണ്ടനിലെ വൈറ്റ് ചാപ്പലിൽ 62 വേശ്യാലയങ്ങളും 1,200 വേശ്യകളുമുണ്ടായിരുന്നുവെന്ന് ഔദ്യോഗികമായിത്തന്നെ കണക്കാക്കപ്പെട്ടിരുന്നു. കണക്കിൽപ്പെടാതെയാണെങ്കിൽ അത് 80,000–ന് മുകളിലായിരുന്നത്രേ. ഒരു നേരത്തെ ആഹാരം കഴിച്ച് വിശപ്പടക്കാനായി രാത്രിയുടെ മറവിൽ വെറും ആറു പെൻസിന് വേശ്യകൾ സ്വന്തം ശരീരം വിൽക്കാൻ തയ്യാറായി നടന്നിരുന്നത്രേ.
സാമൂഹികമായ അസ്വാസ്ഥ്യം എവിടെയും പ്രകടമായി. അതോടെ കുറ്റകൃത്യങ്ങളും പ്രാദേശികത്വും വംശീയചിന്തയും സാമൂഹികമായ പ്രതിഷേധവും രൂക്ഷമായിത്തീർന്നു. അതാവട്ടെ കൊലപാതകങ്ങളിലാണ് ചെന്നവസാനിച്ചത്. അതിന്റെ പ്രധാന ഇരകൾ വേശ്യകളായിരുന്നു താനും. അതിൽ ജനശ്രദ്ധ പിടിച്ചു പറ്റിയത് റിപ്പർ ജാക്കിന്റെ കൊലകളായിരുന്നു.
വൈറ്റ് ചാപ്പൽ കൊലകൾ എന്നറിയപ്പെടുന്ന ഈ കൊലപാതകങ്ങൾ പല കാരണങ്ങളാലും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. 1888 ഏപ്രിൽ 3 മുതൽ 1891 ഫെബ്രുവരി 13 വരെ പതിനൊന്നു കൊലപാതകങ്ങൾ നടന്നു. ഒസ്ബോൺ സ്ട്രീറ്റ്, ജോർജ് യാർഡ്, ഹാൻബറി സ്ട്രീറ്റ്, ബക്ക്സ് റോ, ബർണർ സ്ട്രീറ്റ്, മൈറ്റര്‍ സ്ക്വയർ, ഡോർസെറ്റ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് കൊലകൾ നടന്നത്.
ഈ കൊലകളുടെ പിന്നിൽ ഒരാൾതന്നെയാണോ എന്ന് പൊലീസിനെപ്പോലെ സാധാരണക്കാരും സംശയിച്ചു. എന്നാൽ അഞ്ചെണ്ണം– വിശുദ്ധമായ അഞ്ച് എന്നറിയപ്പെട്ടത് – റിപ്പർ എന്ന അപരനാമത്താൽ അറിയപ്പെട്ട ഒരുവൻ നടത്തിയതാണെന്നതിന് സംശയമേതുമുണ്ടായിരുന്നില്ല.
അതിന് കാരണം കൊലനടത്തിയ രീതിയും കൊലയ്ക്കു ശേഷം ശവശരീരത്തിൽ കാട്ടിയ വിക്രിയകളുമാണ്– ഇരകളുടെ കഴുത്ത് മുറിക്കപ്പെട്ടിരുന്നു. വയറും ലൈംഗികാവയവങ്ങളും കീറിമുറിച്ചിരുന്നു. ആന്തരികാവയവങ്ങൾ മാറ്റം ചെയ്യപ്പെട്ടിരുന്നു. മുഖംപോലും വികൃതമാക്കപ്പെട്ടിരുന്നു. ഇതുകൊണ്ടൊക്കെത്തന്നെ കൊലപാതകി ഒരു വിദഗ്ദ്ധനാണെന്ന അനുമാനത്തിലെത്താൻ അധികാരികൾ നിർബന്ധിതരായി. എന്നാൽ അതാരാണെന്ന കാര്യം അജ്ഞാതമായിരുന്നു താനും.
1888 ഏപ്രിൽ 3–നാണ് ആദ്യകൊലപാതകം നടന്നതായി കാണപ്പെട്ടത്. വൈറ്റ് ചാപ്പലിലെ ഒസ്ബോൺ സ്ട്രീറ്റിലെ എമ്മ എലിസബത്ത് സ്മിത്ത് എന്ന യുവതിയെ പീഡിപ്പിച്ചശേഷം കൊന്നു കളഞ്ഞു. എന്തോ ഒരു സാധനം അവളുടെ ജനനേന്ദ്രിയത്തിൽ തിരുകിക്കയറ്റിയിരുന്നു. അതാവട്ടെ അവളുടെ പെരിറ്റോറിയം (വയറിന്റെയും പെൽവിസിന്റെയും ചുമരുകളെ പൊതിഞ്ഞിരിക്കുന്ന സീറസ് സെല്‍ പാളി) തകർത്തിരുന്നു. പെരിറ്റോണിയത്തിന്റെ തകരാർ മൂലം ലണ്ടനിലെ ആശുപത്രിയിൽ എത്തിയതിന്റെ പിറ്റേന്ന് അവൾ മരിച്ചു. ഒരു പതിനെട്ടുകാരൻ ഉൾപ്പെടെ രണ്ടോ മൂന്നോ പേർ തന്നെ ആക്രമിച്ചുവെന്നാണ് അവൾ മരണമൊഴി നൽകിയത്.
1888 ആഗസ്റ്റ് 7–ാം തീയതി മാർത്ത താബ്രാം എന്ന സ്ത്രീ കൊലചെയ്യപ്പെട്ടു. അവളുടെ ശരീരത്തിൽ 39 മുറിവുകൾ കാണപ്പെട്ടു. ജോർജ് യാർഡിലാണ് അവളുടെ ശരീരം കണ്ടെത്തിയത് എന്നതും ക്രൂരമായാണ് അവളെ കൊന്നതെന്നതും പ്രത്യേക ലക്ഷ്യമൊന്നും ഈ കൊലയ്ക്കു പിന്നിലില്ലായിരുന്നുവെന്നതും റിപ്പറാണ് കൊലയാളി എന്ന അനുമാനത്തിലേക്ക് പൊലീസിനെ എത്തിച്ചു. എന്നാൽ പതിവിന് വിപരീതമായി അവളുടെ തൊണ്ടയോ വയറോ കുത്തിക്കീറിയിരുന്നില്ല. പകരം അവളെ കുത്തിക്കൊല്ലുകയാണുണ്ടായത്.
ഈ കൊലകൾ രണ്ടും വിശുദ്ധകൊലകളുടെ കൂട്ടത്തിൽ കണക്കാക്കപ്പെട്ടില്ല. അങ്ങനെ പരാമർശിക്കപ്പെടു ന്നത് മേർ ആൻ നിക്കോളാസ്, ആനി ചാപ്മാൻ, എലിസബത്ത് സ്ട്രൈഡ്, കാതറൈൻ എഡ്ഡോസ്, മേരി ജെയിൻ കെല്ലി എന്നിവരെയാണ്. ഈ ഗണത്തിൽ പരിഗണിക്കുന്ന 42 വയസ്സുണ്ടായിരുന്ന നിക്കോളാസിന്റെ ശരീരം 1888 ആഗസ്റ്റ് മാസം 31–ാം തീയതി വെള്ളിയാഴ്ച 3.40–ന് ഇപ്പോൾ വൈറ്റ് ചാപ്പൽ എന്ന സ്ഥലത്താണ് കണ്ടെത്തിയത്. അവൾ വളരെ സുന്ദരിയൊന്നുമല്ലായിരുന്നു. അവളുടെ മുൻവശത്തെ അഞ്ചു പല്ലുകൾ നഷ്ടപ്പെട്ടിരുന്നു. കഴുത്തിൽ മാരകമായ രണ്ടു മുറിവുകളുണ്ടായിരുന്നു. വയറിനു താഴെയായി വലിയ നീളത്തിൽ അരക്കെട്ടിന്റെ ഇടതുവശംവരെ കുത്തിക്കീറിയിരുന്നു. എന്നുതന്നെയല്ല, അതേ കത്തികൊണ്ട് പല തവണ വയറിന്റെ വിവിധ ഭാഗങ്ങളിൽ കുത്തി വരഞ്ഞിരുന്നു. കൊലയാളി ഇടതു കൈയനാണെന്നു കരുതാൻ ന്യായമുണ്ടായിരുന്നു.
47 വയസ്സുള്ള ആനി ചാപ്മാന്റെ ചേതനയറ്റ ശരീരം 1888 സെപ്റ്റംബർ 8–ാം തീയതി ശനിയാഴ്ച രാവിലെ 6 മണിക്കാണ് കാണപ്പെട്ടത്. സ്ഫിറ്റൽ ഫീൽഡ്സിലെ 29 ഹാൻസ്ബറി സ്ട്രീറ്റിലുള്ള ഒരു വാതലിനരികിലാണ് അത് കാണപ്പെട്ടത്. മേരി നിക്കോളാസിന്റെ കാര്യത്തിലെന്നപോലെ ചാപ്മാന്റെ കഴുത്തും രണ്ടിടത്ത് കുത്തിമുറിച്ചിരുന്നു. വയർ ഒന്നാകെത്തന്നെ കുത്തിത്തുറന്നിരുന്നു. ഇതിലൊക്കെ അമ്പരപ്പിച്ചത് അവളുടെ ഗർഭപാത്രം എടുത്തു മാറ്റിയിരുന്നുവെന്നതാണ്. അത് അടുത്തുള്ള ഒരു പൂച്ചയിറച്ചി വില്പനക്കാരിയുടെ വാതിൽക്കലായി കാണപ്പെടുകയും ചെയ്തു. ഇൻക്വസ്റ്റിന്റെ വേളയിലെ ഒരു സാക്ഷിമൊഴിയനുസരിച്ച് കറുത്ത മുടിയുള്ള ഒരു യുവാവിനോടൊത്ത് വെളുപ്പിന് 5.30 –ന് ചാപ്മാനെ കണ്ടുവെന്നറിയാനായി.
1888 സെപ്റ്റംബര്‍ 30 ഞായറാഴ്ച വെളുപ്പിനെ 6 മണിക്ക് രണ്ടു കൊലപാതകങ്ങൾ നടന്നിട്ടുള്ളതായി കാണപ്പെട്ടു– 45 വയസ്സുള്ള നീണ്ട ലിസ് എന്നു വിളിക്കപ്പെടുന്ന എലിസബത്ത് സ്ടൈഡും 43 വയസ്സുള്ള കാതറൈൻ എഡ്ഡോസുമാണ് കൊലചെയ്യപ്പെട്ടതായി കാണാനായത്. വൈറ്റ് ചാപ്പലിലെ ഡട്ട്ഫീൽഡ് യാർഡിലെ ബർണർ സ്ട്രീറ്റിൽ (ഇപ്പോഴത്തെ ഹെന്റിക്ക് സ്ക്വയർ) നിന്നും അൽപമകലെയായിട്ട് ഏതാണ്ട് 1 മണിയോടെയാണ് സ്ട്രൈഡിന്റെ ശവശരീരം കാണപ്പെട്ടത്. കഴുത്തിനു പുറകിൽ ഇടതുവശത്തെ ഒരു പ്രധാന ആർട്ടറി (ഹൃദയത്തിൽ നിന്ന് ഓക്സിജൻ അടങ്ങിയ രക്തത്തെയും വഹിച്ചു കൊണ്ട് പോകുന്ന കുഴലുകളിലൊന്ന്)യിലെ ഒരു കനത്ത മുറിവാണ് മരണത്തിനു കാരണമായതെന്ന് വ്യക്തമായി. മുറിവിൽ നിന്ന് അപ്പോഴും രക്തമൊലിക്കുന്നുണ്ടായിരുന്നു. തലേന്നു രാത്രി സ്ട്രൈഡിനോടൊത്തുണ്ടായിരുന്ന ചെറുപ്പക്കാരനെക്കുറിച്ച് കാണികൾ പല അഭിപ്രായങ്ങളാണ് പറഞ്ഞു കേട്ടത്.
സ്ട്രൈഡിന്റെ മൃതദേഹം കണ്ടെത്തി മുക്കാൽ മണിക്കൂർ പിന്നിട്ടപ്പോഴാണ് എഡ്ഡോസിന്റെ ശവശരീരം ലണ്ടൻ പട്ടണത്തിലെ മൈറ്റർ സ്ക്വയറിൽ കാണപ്പെട്ടത്. ഏതായാലും വാറ്റ്കിൻസ് എന്നയാളുടെ അഭിപ്രായത്തിൽ ചന്തയിൽ പന്നിയുടെ തോൽ പൊളിക്കുന്നതു പോലെ അവളുടെ ശരീരം വകവരുത്തിയിരുന്നു– അവളുടെ കഴുത്ത് മുറിച്ചിരുന്നു, വയർ ഒരു നീണ്ട കത്തികൊണ്ട് ശക്തിയായി കുത്തിക്കീറിയിരുന്നു. എന്നുതന്നെയല്ല, ഇടതുവശത്തെ വൃക്കയും ഗർഭപാത്രവും പാടേ നീക്കം ചെയ്തിരുന്നു. ജോസഫ് ലൗവെൻഡ് എന്ന ഒരുവൻ രണ്ടു സുഹൃത്തുക്കളോടൊത്ത് അതുവഴി കടന്നുപോയപ്പോൾ നല്ല മുടിയുള്ളവനെങ്കിലും മുഷിഞ്ഞ വസ്ത്രം ധരിച്ചിരുന്ന ഒരുവനെ എഡ്ഡോസെന്നു കരുതാവുന്ന ഒരു സ്ത്രീയോടൊത്തു കണ്ടുവെന്നു പറഞ്ഞു. എന്നാൽ ഇതിനാരും അധികം പ്രാധാന്യം നൽകിയില്ല.
ഏതായാലും ഈ ഇരട്ടക്കൊല ആളുകളെ ശരിക്കും ഭീതിയിലാഴ്ത്തി. എഡ്ഡോയുടെ രക്തം പുരണ്ട മേൽവസ്ത്രം വൈറ്റ് ചാപ്പലിനടുത്ത ഗ്ലൗസൺ സ്ട്രീറ്റിലെ കൂലിക്കു കൊടുക്കുന്ന മുറികളൊന്നിന്റെ വാതിലിനു മുൻപിലായി കാണപ്പെട്ടു. ആ വസ്ത്രം കിടന്നിരുന്നതിന്റെ അടുത്ത ഭിത്തിയിൽ എന്തോ ചിലതൊക്കെ എഴുതിയിട്ടുണ്ടായിരുന്നു. എങ്കിലും അത് കൊലപാതകി എഴുതിയതാണെന്നതിന് വ്യക്തമായ സൂചനയൊന്നുമില്ലായിരുന്നു.
35 വയസ്സുള്ള മേരി കെല്ലിയുടെ കുത്തിക്കീറിയ മൃതദേഹം അവൾ താമസിച്ചിരുന്ന 13 മില്ലേഴ്സ് കോർട്ടിലാണ് കാണപ്പെട്ടത്. സ്പിറ്റാൽ ഫീൽഡ്സിലെ ഡോർസെറ്റ് സ്ട്രീറ്റിനകലെയായി 1888 നവംബർ 9 വെള്ളിയാഴ്ച രാവിലെ 10.45 – നാണ് അത് കണ്ടെത്തിയത്. റിപ്പർ കൊലപാതകങ്ങളിൽ ഏറ്റവും നിഷ്ഠൂരമായ ഒന്നായിരുന്നു കെല്ലിയുടേത്. അവളുടെ തൊണ്ടയിൽ നിന്ന് നട്ടെല്ലിനു താഴെ വരെ കത്തി കുത്തിയിറക്കിയിരുന്നു. വയറിനുള്ളിലുള്ളതെല്ലാം തന്നെ എടുത്തു മാറ്റിയിരുന്നു. എന്നുതന്നെയല്ല, അവളുടെ ഹൃദയം കാണാനുമില്ലായിരുന്നു. പൊലീസിന്റെ നിഗമനത്തിൽ കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും എടുത്തിരിക്കണം കൊലയാളിക്ക് ശവശരീരം കീറി മുറിക്കാൻ.
ഈ അഞ്ചു കൊലപാതകങ്ങളും ആഴ്ചയുടെ അവസാനത്തോടെ, അല്ലെങ്കിൽ മാസത്തിന്റെ അവസാനത്തോടെ നേരം പുലരും മുമ്പാണ് നടന്നിരുന്നത്. സ്ട്രൈഡിന്റെയും നിക്കോളാസിന്റെയും ഒഴികെ ബാക്കിയുള്ളവരുടെയൊക്കെ അവയവങ്ങളെല്ലാം തന്നെ നഷ്ടമായിരുന്നു– ചാപ്മാന്റെ ഗർഭപാത്രം എടുത്തു കളഞ്ഞിരുന്നു, എഡ്ഡോസിന്റെ ഗർഭപാത്രവും വൃക്കയുമെടുത്തുമാറ്റിയതോടൊപ്പം മുഖം വികൃതമാക്കുകയും ചെയ്തിരുന്നു. കെല്ലിയുടെ വയറുകീറി കുടലും പണ്ടവും എടത്തു കളഞ്ഞിരുന്നു. മുഖം ഛിന്നഭിന്നമാക്കിയിരുന്നു.
ഏതായാലും കെല്ലിയായിരുന്നുവെന്നു തോന്നുന്നു കൊലപാതകിയുടെ അവസാനത്തെ ഇര. പിന്നീട് കൊലകൾ തുടരാതിരുന്നതിന്റെ കാരണം ഒന്നുകിൽ കൊലപാതകി മരിച്ചുപോയിരിക്കാം, അതല്ലെങ്കിൽ ജയിലിലായിരിക്കാം, അതുമല്ലെങ്കിൽ നിയമം കർക്കശമാവുന്നതറിഞ്ഞ് നാടുവിട്ടിരിക്കാം എന്നതാവാം. എന്തായാലും ഈ കൊലപാതകി ആരെന്നത് അന്നും ഇന്നും ദുരൂഹമായിത്തന്നെ അവശേഷിച്ചിരിക്കുന്ന ഒരു കാര്യമാണ്. എന്നാൽ കൊല നടത്തിയ ആൾ അതീവ വിദഗ്ദ്ധനായിരുന്നുവെന്നതും അംഗീകരിക്കപ്പെട്ട വസ്തുതയാണ്. കാരണം, ശരീരശാസ്ത്രമറിയാവുന്ന അതി വിദഗ്ദ്ധനായ ഒരു ഡോക്ടറോ, കശാപ്പുകാരനോ, ശസ്ത്രക്രിയാവിദഗ്ദ്ധനോ ഒക്കെ മാത്രമേ ഇത്ര സമർത്ഥമായി അവയവങ്ങൾ ശരീരത്തിൽ നിന്ന് കിറു കൃത്യമായി എടുത്തു മാറ്റാനാവുമായിരുന്നുള്ളുവെന്നതാണ്. അതായത്, എന്തൊക്കെ എവിടെയൊക്കെയുണ്ടെന്നുള്ളത് വ്യക്തമായി അറിയാവുന്ന ആൾ ആയിരുന്നു കൊലയാളി എന്നർഥം.
ആദ്യത്തെ നാലു കൊലകളിൽ തൊണ്ട ഇടത്തു നിന്ന് വലത്തോട്ടാണ് കീറിയിരുന്നത്. ഒടുവിലത്തേതിൽ വളരെയേറെ മുറിവുകളുണ്ടായിരുന്നതിനാൽ എങ്ങനെയാണ് അതു ചെയ്തതെന്നു പറയാനാവുമായിരുന്നില്ല. എന്നാൽ യുവതിയുടെ ശവശരീരം കിടന്നിരുന്നതിന്റെ അരികിലായി ഞരമ്പു മുറിഞ്ഞ രക്തം കാണപ്പെട്ടിരുന്നു.
ഏതെങ്കിലും ഇരയുമായി കൊലപാതകി ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നതായി കരുതാവുന്ന തെളിവുകളൊന്നുമുണ്ടായിരുന്നില്ല. മനശ്ശാസ്ത്രജ്ഞന്മാർ പറയുന്നതനുസരിച്ച് അതിന്നർത്ഥം ഇരയെ കത്തിയുപയോഗിച്ച് മുറിച്ചു കീറി ലൈംഗികാവയവങ്ങൾ വികൃതമാക്കി പുറത്തെടുത്തിടുമ്പോൾ കൊലപാതകിക്ക് ലൈംഗികാനുഭൂതിയുണ്ടായിരുന്നിരിക്കാമെന്നാണ്. അതായത്, ആക്രമിക്കുമ്പോൾ അയാൾക്ക് ലൈംഗികതൃപ്തി ലഭിച്ചിരുന്നിരിക്കാം. എന്നാലും വേശ്യകളെ മാത്രം തെരഞ്ഞുപിടിച്ചു കൊന്നതെന്തിനെന്ന ചോദ്യവും കാലമേറെ കഴിഞ്ഞിട്ടും മനസ്സിലാവാതെയും തെളിയാതെയും കിടക്കുന്നു.
കത്തുകള്‍
കൊലപാതക പരമ്പരയ്ക്കിടയിലും ശേഷവും പൊലീസ് അധികാരികൾക്കും പത്രങ്ങൾക്കും നിരവധി കത്തുകളാണ് ലഭിച്ചത്. കൊലയാളിയെ കണ്ടെത്താൻ സഹായം വാഗ്ദാനം ചെയ്തു കൊണ്ടുള്ള സദുദ്ദേശ്യപരമായ ചിലവ അക്കൂട്ടത്തിൽ ഉണ്ടായിരുന്നെങ്കിലും മിക്കതും ചവറുകളായിരുന്നു. അവയിൽ ‘ഡിയർ ബോസ്’ കത്ത്, ‘സോസി ജാക്കി’ പോസ്റ്റ് കാർഡ്, ‘ഫ്രം ഹെൽ (നരകത്തിൽനിന്ന്)’ കത്ത് എന്നിവ കൊലയാളിയുടേതെന്ന് സംശയിക്കപ്പെടുന്നവയായിരുന്നു. കത്തിലെ കൈയക്ഷരത്തിലൂടെ എഴുതിയ ആളെ കണ്ടെത്താൻ പൊലീസ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
നാളുകൾ കഴിഞ്ഞപ്പോൾ ഭരണാധികാരികൾ ഈസ്റ്റ് എൻഡിലെ ചേരിപ്രദേശങ്ങൾ തകർത്തു കളഞ്ഞ് അവിടം വൃത്തിയും വെടിപ്പുള്ളതുമാക്കി. എങ്കിലും പഴയകാലത്തെ ഓർമ്മിപ്പിക്കാനായി ഇപ്പോഴും അവിട ചില വഴികളിലും കെട്ടിടങ്ങളിലുമൊക്കെ അവശേഷിക്കുന്നുണ്ട്. അവിടമൊക്കെ കാണാനെത്തുന്ന ടൂറിസ്റ്റുകളോട് ഗൈഡുമാർ റിപ്പറുടെ ഐതിഹ്യങ്ങൾ വിവരിച്ച ശേഷം അതിക്രമങ്ങൾ നടത്തപ്പെട്ട സ്ഥലങ്ങൾ കാണിച്ചു കൊടുക്കാറുമുണ്ട്. അതെന്തായാലും കാലം കഴിഞ്ഞതോടെ ജാക്ക് എന്ന റിപ്പർ കുട്ടികളുടെയിടയിൽ ഒരു കുട്ടിച്ചാത്തൻ പരിവേഷമുള്ളവനായി മാറി. അതുകൊണ്ടു തന്നെ അയാളെക്കുറിച്ചുള്ള ചിത്രീകരണങ്ങൾ അസ്വാഭാവികവും മായാരൂപമാർന്നതും കിടിലം കൊള്ളിക്കുന്നതുമായി മാറി. 1920–ലും 1930–ലും 1960–ലും പുറത്തിറങ്ങിയ സിനിമകളിൽ റിപ്പറെ ഇങ്ങനെ പല പരിവേഷത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിലതിലൊക്കെയാവട്ടെ ഭീകര കഥകളിലെ ഡ്രാക്കുളയുടെ വസ്ത്രവും മറ്റും നൽകിയിട്ടുമുണ്ട്.
സിനിമയിലിങ്ങനെയാണെങ്കിൽ നൂറുകണക്കിന് നോവലുകളിലും കഥകളിലും കവിതകളിലും കോമിക്ക് കൃതികളിലും ഗാനങ്ങളിലും ഓപ്പറകളിലും ടെലിവിഷൻ പരിപാടികളിലും മറ്റും പ്രത്യക്ഷപ്പെടുന്ന റിപ്പറെക്കുറിച്ച് ഒരു കൃത്രിമ ഡയറിക്കുറിപ്പു പോലും എഴുതപ്പെട്ടിട്ടുണ്ട്. ഇത്തരം കുറ്റവാസനകളെക്കുറിച്ച് കൂടുതൽ പഠിക്കാനായി കോളിൻ വിൽസൺ 1970–ൽ റിപ്പറോളജി എന്നൊരു പുതിയ പദം തന്നെ ഉണ്ടാക്കിയിട്ടുണ്ട്.
രസകരമായ മറ്റൊരു വസ്തുത ഭീകരരുടെ പ്രതിമകൾ പ്രദർശിപ്പിക്കുന്ന മാഡം തുസാഡിന്റെ ഭീകരമുറിയിൽ റിപ്പറുടെ ഒരു മെഴുകു പ്രതിമ സ്ഥാപിച്ചിട്ടില്ല എന്നതാണ്. അതിന്റെ കാരണം അയാളുടെ രൂപസാദൃശ്യം അറിയാൻ കഴിഞ്ഞിട്ടില്ല എന്നതുമാത്രമാണ്.
ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR ഇന്നത്തെ ബെസ്റ്റ് സെല്ലേഴ്‌സിൽ വായനക്കാർക്കായി ഗീതാലയം ഗീതാകൃഷ്ണന്റെ ‘ലോകത്തെ നടുക്കിയ കൊലപാതകങ്ങൾ’ എന്ന കൃതിയും
tune into https://dcbookstore.com/
Comments are closed.