ലോക്ഡൗൺ കാലത്തെ കാർ യാത്രകൾ
🚘 ലോക്ക് ഡൗൺ കാലമല്ലേ ? ചെറിയ ദൂരം കാറിൽ യാത്ര ചെയ്യാൻ സീറ്റ് ബെൽറ്റ് വേണ്ടല്ലോ ?
പാടില്ല, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കാൻ പാടില്ല. ഒരു അപകടം ഉണ്ടാകാൻ ഉള്ള സാധ്യത എപ്പോഴുമുണ്ട് എന്ന് മനസ്സിൽ കരുതണം. അതുകൊണ്ടുതന്നെ സീറ്റ് ബെൽറ്റ് നിർബന്ധമായും ഉപയോഗിക്കണം. ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ പറ്റിയ കാലമല്ല തന്നെ.
🚘 ലോക്ക് ഡൗൺ ഇളവുകൾ വരാൻ പോകുന്ന കാലമാണ്. ലോക്ക് ഡൗൺ ആണെങ്കിലും അവശ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വാഹനം ഉപയോഗിക്കേണ്ടതായി വരും. ഉദാഹരണമായി പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയ മേഖലകളിൽ ഉള്ളവർക്ക്. അങ്ങനെയുള്ളവർക്ക് പ്രായോഗികമായി നടപ്പിൽ വരുത്താൻ എളുപ്പമുള്ള ചില കാര്യങ്ങൾ ചർച്ച ചെയ്യാൻ മാത്രമാണ് ഉദ്ദേശിക്കുന്നത്.
🚗 സാധിക്കുന്നടത്തോളം കുറച്ച് ആൾക്കാർ ഒരു കാറിൽ യാത്ര ചെയ്യുന്നതാണ് നല്ലത്.
🚗 ആരോഗ്യ പ്രവർത്തകരെ പലപ്പോഴും ഡ്രോപ്പ് ചെയ്യേണ്ടതായി വരാറുണ്ട്. അങ്ങനെയെങ്കിൽ അവർ സ്ഥിരമായി ഒരു സീറ്റിൽ മാത്രം ഇരിക്കുക. ആ സീറ്റ് മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
🚗 വാഹനങ്ങളിൽ നമ്മൾ സ്പർശിക്കുന്ന ഭാഗങ്ങൾ 70% ആൽക്കഹോൾ ഉള്ള സാനിറ്റൈസർ ഉപയോഗിച്ച് ഇടയ്ക്ക് വൃത്തിയാക്കുന്നത് നന്നാവും.
🚗 ആരോഗ്യ പ്രവർത്തകരും ജനങ്ങളുമായി കൂടുതൽ ഇടപെടുന്നവരും ഇരിക്കുന്ന സീറ്റുകളും ഇതുപോലെതന്നെ 70% ആൽക്കഹോൾ ഉള്ള സാനിറ്റൈസർ ഉപയോഗിച്ച് ഇടയ്ക്ക് വൃത്തിയാക്കുന്നത് നല്ലതാണ്.
🚗 മഴ ഇല്ലെങ്കിൽ വാഹനത്തിന്റ ജനാലകൾ തുറന്നിട്ട് യാത്ര ചെയ്യുന്നതാവും നന്ന്, ഒന്നിൽ കൂടുതൽ ആൾക്കാർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ.
🚗 വാഹനങ്ങൾ കൈമാറി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
🚗 കൈമാറി ഉപയോഗിക്കുന്നു എങ്കിൽ സ്റ്റീയറിങ്ങും കീയും അണുവിമുക്തമാക്കാൻ ശ്രദ്ധിക്കുക. കൂടാതെ ഡോർ ഹാൻഡിലും.
🚙 റോഡിൽ വാഹനങ്ങൾ കുറവാണല്ലോ, എന്നാൽ അല്പം ഡ്രൈവിംഗ് പഠനം ആയാലോ ?
ലോക്ക് ഡൗൺ നിലവിലുള്ള സ്ഥലങ്ങളിൽ ഈ അവസരം പഠനത്തിനായി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് നിലവിൽ ഇളവുകൾ ഉള്ളത്.
🚓 പോലീസ് വാഹനങ്ങൾ കണ്ടാൽ വഴിമാറി പോകണോ ?
വേണ്ട. അങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ല. ആവശ്യമുള്ള രേഖകൾ എപ്പോഴും വണ്ടിയിൽ കരുതുക. എന്താവശ്യത്തിനാണ് പോകുന്നത് എന്ന് പൂരിപ്പിച്ച ഫോറം കയ്യിൽ കരുതുക. പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ കാണിക്കുക.
🚔 നിരന്തരം വാഹനങ്ങൾ മാറി മാറി ഉപയോഗിക്കേണ്ടി വരുന്ന പൊലീസ്, മറ്റ് സർക്കാർ വിഭാഗങ്ങൾ എന്നിവിടങ്ങളിൽ എന്തെങ്കിലും ശ്രദ്ധിക്കാനുണ്ടോ ?
തീർച്ചയായും. യാത്ര ചെയ്യുന്നവർ വ്യക്തി ശുചിത്വം പാലിക്കുക. വാഹനത്തിൽ നിന്ന് ഇറങ്ങിയശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. നമ്മൾ സ്പർശിക്കുന്ന പ്രതലങ്ങളിൽ വൈറസ് സാന്നിധ്യം ഉണ്ടെങ്കിൽ പോലും ശരീരത്തിൽ വൈറസ് കയറരുത് എന്നതാവണം ലക്ഷ്യം.
🚗 വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ കൈ മുഖത്ത് സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
🚗 വാഹനങ്ങൾ മാറിമാറി ഓടിക്കുന്ന ഡ്രൈവർമാർ ഇത് പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നാവും.
🚖 ടാക്സി ഉപയോഗിക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ?
വ്യക്തി ശുചിത്വം പാലിക്കുക. കൈ മുഖത്ത് സ്പർശിക്കാതിരിക്കുക. വാഹനത്തിൽ നിന്നും ഇറങ്ങിയ ശേഷം കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
🚕 കാറിനുള്ളിൽ എന്തെങ്കിലും സജ്ജീകരണം വേണ്ടതുണ്ടോ ?
എല്ലാ വാഹനങ്ങളിലും 70% ആൽക്കഹോൾ ഉള്ള സാനിറ്റൈസർ വെക്കുന്നത് നന്നാവും. വാഹനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകൾ വൃത്തിയാക്കുന്നത് നന്നാവും.
🚕 ചുമ, തുമ്മൽ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ വാഹനത്തിനുള്ളിലും മാസ്ക് ധരിക്കണം.
എഴുതിയത്: Dr. Jinesh P S
Info Clinic
Comments are closed.