DCBOOKS
Malayalam News Literature Website

ലോകം ഒരു കൈ അകലത്തില്‍: സാദിഖ് കാവില്‍ എഴുതുന്നു

മറ്റൊരു മനുഷ്യനെ, അല്ലെങ്കില്‍ ജീവിയെ കൈകൊണ്ട് സ്പര്‍ശിച്ച് എത്രനാളായെന്ന് ഞാന്‍ വെറുതെ ആലോചിച്ചു നോക്കി. രണ്ട് മാസത്തോളമായി. അതറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഇതെന്റെ മാത്രം കാര്യമായിരിക്കില്ല, എന്നെപ്പോലെ ഏകനായി കഴിയുന്ന ഓരോ പ്രവാസിയുടെയും അനുഭവമാണ്. മറ്റൊരാള്‍ക്ക് ഒരു ഷെയ്ക് ഹാന്‍ഡ് നല്‍കാതെ, തോളില്‍ തട്ടി സൗഹൃദം പങ്കിടാത്ത സാമൂഹിക അകലം പാലിക്കുന്ന ദിനങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കാലം ജീവിതത്തില്‍ നടത്തിയ ചില ഇടപെടലുകള്‍ക്ക് വിധേയനാകപ്പെടുന്ന മനുഷ്യന്റെ നിസ്സഹായാവസ്ഥയ്ക്ക് അത്രമാത്രം ആഴവും പരപ്പുമുണ്ടെന്ന് തിരിച്ചറിയുന്നു. എല്ലാം വെട്ടിപ്പിടിക്കാന്‍ വേണ്ടി കുതിക്കുകയായിരുന്ന മനുഷ്യവംശം, ഭ്രാന്തമായി ചിരിച്ചാര്‍ക്കുന്ന കാലത്തിന് മുന്‍പില്‍ അന്ധാളിപ്പോടെ നില്‍ക്കേണ്ടി വരുന്ന ഖേദകരമായ അവസ്ഥ.

ലോകം ഒരു കൈ അകലത്തിലാണ് ഇപ്പോള്‍. രാജ്യങ്ങള്‍ തമ്മിലുള്ള ദൂരത്തില്‍ അര്‍ഥമില്ലെന്ന് ഒരു സൂക്ഷ്മാണു കാട്ടിത്തരുമ്പോള്‍ തന്നെ, മനുഷ്യര്‍ തമ്മില്‍ മനുഷ്യത്വപരമായി അടുക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിത്തരികയും ചെയ്യുന്നു. ഇങ്ങനെ ഒരു കെട്ടകാലം മനുഷ്യന്‍ പ്രതീക്ഷിച്ചിരുന്നോ? കോളറ, ബ്യൂബോണിക് പ്ലേഗ്, വസൂരി, ഇന്‍ഫ്‌ലുവന്‍സ തുടങ്ങിയ മഹാവ്യാധികളിലൂടെ കടന്നുപോയ മനുഷ്യന്റെ ഈ തലമുറ ഏവരെയും കിടുകിടാ വിറപ്പിച്ചു നിര്‍ത്തുന്ന, പ്രതിവിധി കണ്ടെത്താനാകാത്ത ഒരു മഹാമാരിക്കാലത്തിന് വീണ്ടും സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരിക്കില്ല. അങ്ങനെയായിരുന്നെങ്കില്‍ ഇത്രമാത്രം അഹംഭാവം നാം കാണിക്കുമായിരുന്നില്ലല്ലോ!

നമുക്കിന്ന് മുഖത്ത് മേയ്ക്കപ്പ് വാരിപ്പൂശണമെന്നില്ല, ചുണ്ട് കനത്തില്‍ ചുവപ്പിക്കേണ്ട, ചുളിവുകള്‍ മാഞ്ഞ വസ്ത്രങ്ങള്‍ വേണമെന്നില്ല, തിളങ്ങുന്ന പാദരക്ഷകള്‍ ആവശ്യമില്ല, വിലകൂടിയ വാച്ചുകള്‍ വേണ്ട, കൈവിരലുകള്‍ നിറയെ സ്വര്‍ണമോതിരങ്ങള്‍ ഇടണമെന്നില്ല, നാലാള്‍ കണ്ടാല്‍ മൂക്കത്ത് വിരല്‍വച്ചുപോകുന്ന ആഡംബര കാറുകളില്‍ കുതിച്ചുപായേണ്ട, ഇടയ്ക്കിടെ മാളുകളില്‍ കറങ്ങി നടന്ന് സുഖിക്കണമെന്നുമില്ല, മണിമാളികകള്‍ കെട്ടിപ്പൊക്കി അതില്‍ കുറച്ചുനാളെങ്കിലും താമസിക്കണമെന്ന ആഗ്രഹവും ഇല്ലാണ്ടായി. ജിംനേഷ്യത്തില്‍ പോയില്ലെങ്കിലും വീടിനകത്ത് തന്നെ വ്യായാമം ചെയ്യാമെന്ന് ചെറുപ്പക്കാരെ ബോധിപ്പിച്ചു. കുഞ്ഞുമക്കളെ താലോലിക്കുന്നതില്‍, അവരുമായി കളിചിരി തമാശകളുടെ ലോകത്ത് വ്യാപരിക്കുന്നതിന് ഇത്രമാത്രം സുഖവും സന്തോഷവുമുണ്ടെന്ന് തിരക്കിന്റെ ലോകത്ത് വിഹരിച്ചിരുന്നവര്‍ തിരിച്ചറിയുന്നു. തനിക്ക് ഇത്രയൊക്കെയേ പഠിപ്പിക്കാനാകൂ എന്ന് കൊറോണ വൈറസ് വ്യക്തമാക്കുകയാണിവിടെ.

പ്രകൃതി ഒന്നു റിഫ്രഷ് ആയ അത്ഭുതകാലമാണിത്. ഭൂമിയുടെ അവകാശികളായ പൂമ്പാറ്റകളും കിളികളും മൃഗങ്ങളും മറ്റു ജീവജാലങ്ങളും ശുദ്ധവായു ശ്വസിക്കുന്ന നാളുകള്‍. മനുഷ്യന്‍ സ്വയം തിരിച്ചറിവ് നേടുന്ന കാലം. മരണം പോലെ ജീവിതവും ഏതു നിമിഷവും മാറിമറിയാമെന്നും ചതിച്ചും വഞ്ചിച്ചും വിശ്വാസവഞ്ചന കാണിച്ചും താന്‍ വെട്ടിപ്പിടിച്ചതെല്ലാം കണ്ണടച്ചുതുറക്കും മുന്‍പേ ഇല്ലാതായിപ്പോയേക്കാമെന്നും മനസിലാകുന്നു. പണക്കാരനെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ കോവിഡ് മനുഷ്യനെ ആഞ്ഞുകൊത്തുന്നു. അതിന്റെ വേദനയില്‍ പുളയാനേ അവന് സാധിക്കുന്നുള്ളൂ. വീടിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയുന്നവരേക്കാള്‍ രോഗം ബാധിച്ച ഒരാളുടെ ചിന്തകള്‍ ആഴത്തിലായിരിക്കും കടന്നുപോയിട്ടുണ്ടാവുക. െഎസലേഷന്‍ എന്നു വിളിക്കുന്ന ഏകാന്ത വാസത്തില്‍ തീര്‍ച്ചയായും പോയ കാലത്തേയ്ക്ക് തിരിഞ്ഞുനോക്കാനുള്ള സുവര്‍ണാവസരമാണ് ലഭിക്കുന്നത്. അപ്പോള്‍, ഒരുപക്ഷേ, നല്ലകാര്യങ്ങള്‍ ഓര്‍ക്കാന്‍ കുറച്ചു മാത്രമുള്ളവര്‍ ഓരോ നിമിഷവും തള്ളിനീക്കുക മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയവന്റെ നിസ്സഹായാവസ്ഥയോടെയായിരിക്കാം. ശ്വാസം നിലയ്ക്കുന്നതിന് മുന്‍പെന്നപോലെ ആ നിമിഷങ്ങളുടെ തീക്ഷ്ണത തിരിച്ചറിയേണ്ട ഒന്നാണ്. പുനര്‍വിചിന്തനത്തിനുള്ള അപൂര്‍വാവസരമാണിതെന്ന് ഈ സൂക്ഷ്മാണു നമ്മെ ബോധ്യപ്പെടുത്തുന്നു.

ദുബായുടെ പ്രാന്തപ്രദേശത്തെ ഈ വില്ലയില്‍ എന്റേതായ ലോകത്ത് വ്യാപരിക്കുമ്പോള്‍ ഈ നഗരം ഇതുവരെ ഇല്ലാത്ത രൂപത്തിലും ഭാവത്തിലും എനിക്ക് മുന്‍പില്‍ അനാവൃതമാകുന്നു. എല്ലാ ഗള്‍ഫ് നഗരങ്ങളുടെയും പ്രതീകമാണിത്. ലോകത്തിന്റെ മിക്ക കോണുകളില്‍ നിന്നും നിരാലംബരായ മനുഷ്യര്‍ തൊഴില്‍ തേടിയെത്തുന്ന സുവര്‍ണനഗരം. ഇന്ത്യയിലേതടക്കം എത്രയോ വീടുകളില്‍ തീ പുകയുന്നത് ഗള്‍ഫ് എന്ന ഈ ഭൂപ്രദേശത്തിന്റെ ഔദാര്യമെന്ന് മനസിലാക്കുന്നു. മഹാമാരിയുടെ വിശേഷങ്ങള്‍ക്കൊപ്പം വികാരവിക്ഷോഭങ്ങളിലൂടെ കടന്നുപോവുകയാണ് എന്റെ നാളുകള്‍. എന്നെപ്പോലുള്ള എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും അവസ്ഥയാണിത്. കോവിഡ് ബാധിച്ച് മരിച്ചുവീഴുന്ന ജീവനുകളെയോര്‍ത്ത് സങ്കടപ്പെടാന്‍ പോലും നേരമില്ലാതായിരിക്കുന്നു. രോഗഭീതി മൂലം ഒറ്റപ്പെട്ടുപോയ ദെയ്‌റ നായിഫില്‍ താമസിക്കുന്ന മലയാളികളുടെയും അനേകായിരം ലേബര്‍ ക്യാംപുകളില്‍ ദുരിതം പേറി ജീവിക്കുന്ന തൊഴിലാളികളുടെയും വിഷമസന്ധി ഓര്‍ക്കുമ്പോള്‍ വലിയ സങ്കടം തോന്നുന്നു. വിവിധ രോഗങ്ങളാല്‍ വലയുന്നവര്‍, ജോലി നഷ്ടപ്പെട്ട് വിലപിക്കുന്നവര്‍, മറ്റൊരു ജീവന്‍ പേറി നിറവയറുമായി വിമാന സര്‍വീസില്‍ കയറിപ്പറ്റാന്‍ കാത്തുനില്‍ക്കുന്ന യുവതികള്‍, ജോലി തേടി വന്ന് തിരിച്ചുപോകാനാവാതെ കുടുങ്ങിപ്പോയ യുവതീയുവാക്കള്‍, ജോലിയും കൂലിയുമില്ലാതെ, മറ്റുള്ളവരോട് സഹായം അഭ്യര്‍ഥിക്കാന്‍ അഭിമാനചിന്ത അനുവദിക്കാതെ മാസങ്ങളായി ദുരിതത്തില്‍ കഴിയുന്ന മധ്യവര്‍ഗക്കാര്‍.. ഗള്‍ഫിലെ ഖേദകരമായ കാഴ്ചകളില്‍ ചിലതു മാത്രമാണിത്. ഇടതടവില്ലാതെ വാഹനങ്ങള്‍ പാഞ്ഞിരുന്ന ഈ നഗരം പാതിനിശ്ചലമായിരിക്കുന്നതു കാണുമ്പോള്‍, ഇത്രയും കാലം എന്തിനായിരുന്നു മനുഷ്യനിങ്ങനെ ശ്വാസം മുട്ടി ഓടിയിരുന്നതെന്ന് വെറുതെ ചിന്തിച്ചുപോകുന്നു. വിദ്യാലയങ്ങളില്‍ കുട്ടികളുടെ കലപില ഒച്ചകളകന്ന് നാളുകളേറെയായി. ഇ–ലേണിങ് സമ്പ്രദായത്തോട് പൊരുത്തപ്പെടാന്‍ പാടുപെടുന്ന വിദ്യാര്‍ഥികള്‍, ഓഫീസുകളില്‍ കുറഞ്ഞ ജീവനക്കാര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. നിശാക്ലബുകളും മദ്യശാലകളും മൂകതയില്‍ മുങ്ങിക്കുളിക്കുന്നു. മാളുകള്‍ ഭാഗികമായി തുറന്നെങ്കിലും ജനസാന്നിധ്യം വളരെ കുറവ്. മുഖാവരണവും കൈയുറകളും ധരിച്ച് മനുഷ്യര്‍ ഇനിയുള്ള കാലം ജീവിക്കേണ്ടിവരുമെന്ന അകാരണമായ ഭയം എല്ലാവരെയും വേട്ടയാടുന്നതുപോലെ. സ്വന്തം മണ്ണില്‍ നിന്ന ്അകന്നുകഴിയുന്നവരെല്ലാം പുറമെ കാണുന്ന പൊലിമകള്‍ക്കപ്പുറം മനസില്‍ സംഘര്‍ഷം കൊണ്ടുനടക്കുന്നവരാണ് പ്രവാസികള്‍, പ്രത്യേകിച്ച് ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍. അതിന്റെ തീവ്രത ഇപ്പോള്‍ ഏറ്റവും ഉയരങ്ങളിലെത്തി എന്നേയൂള്ളൂ. പ്രവാസികള്‍ ഇന്ത്യന്‍ സമ്പദ് ഘടനയുടെ നട്ടെല്ലാണെന്ന് പറഞ്ഞിരുന്നവരില്‍ പലരും, അവരെ കണ്ടാല്‍ വെറുക്കണം എന്ന നിലപാടില്‍ നില്‍ക്കുന്നത് കാണുമ്പോള്‍ ആരുടെ ഹൃദയമാണ് തകര്‍ന്നുപോകാത്തത്!

കഴിഞ്ഞ ദിവസങ്ങളില്‍ ദുബായില്‍ രണ്ട് മലയാളികള്‍ സ്വയം ജീവനൊടുക്കിയത് പ്രവാസി സമൂഹത്തെ ഞെട്ടിച്ചു. സാധാരണ ജോലിക്കാരനായ അശോകന്‍ എന്ന യുവാവും ജോയ് അറയ്ക്കലെന്ന ബിസിനസുകാരനും. ഒരാള്‍ കോവിഡ!!് ഭീതിയില്‍ താമസ സ്ഥലത്ത് നിന്ന് മരണത്തിലേയ്ക്ക് എടുത്തുചാടിയപ്പോള്‍, മറ്റൊരാള്‍ സമ്പത്ത് നഷ്ടപ്പെട്ടുപോകുമോ എന്ന ആധിയില്‍ തന്റെ ഓഫീസ് കെട്ടിടത്തില്‍ നിന്നാണ് എന്നെന്നേക്കുമായി ചാടിയത്. സമാധാനമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്തെന്നും അധിക സമ്പത്ത് മനസ്സമാധാനം നഷ്ടപ്പെടുത്തുമെന്നും ഈ ചെറിയ–വലിയ മരണങ്ങള്‍ പ്രവാസിയെ പഠിപ്പിച്ചു. കോവിഡ് കാലത്തെ കരളലയിപ്പിക്കുന്ന പ്രവാസി കാഴ്ചകള്‍ ഇനിയുമുണ്ട്. ഭര്‍ത്താവും മകനും മരിച്ച് മൃതദേഹം മാത്രം നാട്ടിലേയ്ക്ക് അയക്കുകയും മരണാനന്തര ചടങ്ങുകള്‍ വീഡിയോയില്‍ തത്സമയം കാണേണ്ടി വരികയും ചെയ്ത ഹതഭാഗ്യര്‍ ഒട്ടേറെ. വര്‍ഷങ്ങളായി നാട്ടിലേയ്ക്ക് പോയിട്ട് എന്ന അവസ്ഥയിലിരിക്കെ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മുഖം ഒരുനോക്കു കാണാനാകാതെ വിലപിക്കുന്നവരും ഏറെ.

ഇതൊക്കെ ഒരു വശം മാത്രം. ദുരിതത്തിലായ പ്രവാസികള്‍ക്ക് ഭക്ഷണവും ചികിത്സയും ലഭ്യമാക്കാന്‍ കിണഞ്ഞുശ്രമിക്കുന്ന സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും ഈ ചീത്തകാലത്തെ നല്ല കാഴ്ചകളാണ്. യുഎഇ ദുരിതകാലത്ത് ആരെയും കൈവിടില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചുകൊണ്ട് രോഗികള്‍ക്ക് ചികിത്സകളും അന്നംമുട്ടിയ ഒരു കോടി പേര്‍ക്ക് ഭക്ഷണം എന്ന മഹത്തായ ക്യാംപെയിന്‍ നടത്തുന്നു, അതുവഴി അറബ് മണലാരണ്യത്തിലെ ഈ ഭരണാധികാരികള്‍ തങ്ങളുടെ സ്വന്തം ജനതയെയെന്നവണ്ണം പ്രവാസികളെയും തങ്ങളോട് ചേര്‍ത്തുപിടിക്കുന്നു.

കൊറോണക്കാല ട്രോള്‍: ഉടമസ്ഥന്‍ മരിച്ചു പോയിരിക്കാമെന്ന് ഷൂസ് കരുതി

Comments are closed.