കാന്‍സര്‍ അതിജീവനകഥകള്‍ പങ്കുവെച്ച് ലിസ റേ
ഷാര്‍ജ പുസ്തകമേളയുടെ മൂന്നാം ദിനത്തില്‍, നടിയും മോഡലും ടെലിവിഷന്‍ അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമായ ലിസ റേ അതിഥിയായി എത്തി. നടിയും മോഡലുമായി തിളങ്ങിനില്‍ക്കുന്ന സമയത്ത് അര്‍ബുദബാധിതയാണെന്ന് അറിഞ്ഞ നിമിഷം മുതലുള്ള തന്റെ അതിജീവനശ്രമങ്ങള്‍ ലിസ റേ പങ്കുവെച്ചു. തന്റെ അതിജീവനത്തിന്റെ സാക്ഷ്യപത്രമായി താനെഴുതിയ ‘ക്ലോസ് റ്റു ദി ബോണ്‍’ എന്ന പുസ്തകത്തെ അധികരിച്ചും ലിസ റേ സംസാരിച്ചു.
തീരെ അപൂര്‍വ്വമായ മള്‍ട്ടിപ്പിള്‍ മയോലെമ എന്ന അര്‍ബുദരോഗമാണ് ലിസ റേ റെയില്‍ കണ്ടെത്തിയത്. 2009 ജൂണ്‍ 23-നാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതയാണെന്നറിഞ്ഞ നിമിഷം മുതല്‍ രണ്ട് വ്യക്തിത്വങ്ങളോടെയാണ് താന്‍ ജീവിച്ചുതുടങ്ങിയതെന്ന് ലിസ റേ പറഞ്ഞു. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന നടിയും മോഡലുമായും ജീവിച്ചതോടൊപ്പം മാരകമായ രോഗം ബാധിച്ച ഒരു വ്യക്തിയായും ഒരേ സമയം തനിക്ക് ജീവിക്കേണ്ടിവന്നതായി അവര്‍ തുറന്നുപറഞ്ഞു.
സ്വന്തം സാഹിത്യത്തെ കുറിച്ച് പരാമര്‍ശിക്കവെ, താന്‍ ഒരു മികച്ച നിരീക്ഷകയാണെന്ന് ലിസ റേ പറഞ്ഞു. ചുറ്റുപാടുകളെയും തന്നോടിടപെടുന്ന വ്യക്തികളെയും താന്‍ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. ഈ സ്വഭാവം തന്റെ എഴുത്തിനെ കാര്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. തനിക്ക് ധാരാളം കഥകള്‍ ഇനിയും പറയാനുണ്ടെന്ന് ലിസ റേ പറഞ്ഞു. തന്റെ മനസ്സില്‍ എഴുതാനായി ധാരാളം സങ്കല്‍പ്പങ്ങളുണ്ട്.
അഭിനയിക്കുന്ന വേളകളില്‍ മുഖത്തണിയുന്ന മേയ്ക്കപ്പുകളുടെ ആവരണങ്ങള്‍ പോലെ നാമെല്ലാവരും സദാസമയവും മുഖാവരണങ്ങള്‍ ധരിച്ച് ജീവിക്കുന്നവരാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഇത്തരം മുഖംമൂടികള്‍ എല്ലാ വ്യക്തികള്‍ക്കും സ്വാഭാവികമായിത്തന്നെയുണ്ട്. രോഗവിമുക്തയായെന്ന ബോധം കൂടുതല്‍ ഉത്തരവാദിത്തങ്ങളാണ് തനിക്ക് ചാര്‍ത്തിത്തന്നതെന്നും ലിസ കൂട്ടിച്ചേര്‍ത്തു. മോഡലിങ്ങും അഭിനയവും പണവും പ്രശസ്തിയും നേടിത്തരുമെങ്കിലും അത്തരം ലക്ഷ്യങ്ങളിലെത്താന്‍ ധാരാളം അനുകൂലഘടകങ്ങള്‍ ഒത്തുവരണം. അര്‍ത്ഥപൂര്‍ണ്ണമായ ജീവിതത്തിന് അവനവനോട് തന്നെയുള്ള സ്‌നേഹവും സത്യസന്ധതയും അനിവാര്യമാണെന്നും ലിസ റേ സംവാദത്തില്‍ പറഞ്ഞു.
Comments are closed.