കളിത്തട്ടുകളായി ക്യാമ്പുകള്‍; കുഞ്ഞുമനസ്സുകളില്‍ സ്‌നേഹത്തിരിനാളം നിറച്ച് മനു ജോസും സംഘവും
പ്രളയ ദുരിതത്തിന്റെ ദുഃസ്വപ്‌നങ്ങളല്ല പകരം, പ്രത്യാശയുടെ, നന്മയുടെ ആയിരം പൂക്കള്‍ വിരിയുന്ന നിറസൗന്ദര്യമാണ് ഇപ്പോള്‍ അവരുടെ കണ്ണുകളില്‍ നിറയുന്നത്. ഡി.സി ബുക്‌സും കോട്ടയം ജില്ലാ ഭരണകൂടവും മി ആന്റ് യു എന്ന സംഘവും സംയുക്തമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ സംഘടിപ്പിക്കുന്ന കഥയവതരണവും കളികളും ഏറെ സജീവമാവുകയാണ്. കുട്ടികള്‍ക്കൊപ്പം കഥകളും പാട്ടുമായി അവരെ ആടിയും പാടിയും ഏറെ സന്തോഷിപ്പിച്ച്, അവരെ ഉത്തേജിപ്പിച്ച് ഉന്മേഷം പകരുകയാണ് ഈ ക്യാമ്പുകളില്‍.
ഇന്നലെ കോട്ടയം താഴത്തങ്ങാടി മുഹമ്മദന്‍സ് യു.പി സ്‌കൂളിലെ ക്യാമ്പില്‍ വെച്ചാണ് കലാസംഘത്തിന്റെ കഥയവതരണ പരിപാടികള്‍ ആരംഭിച്ചത്. പിന്നീട് കോട്ടയം മൗണ്ട് കാര്‍മ്മല്‍ സ്‌കൂളിലും തിരുവാര്‍പ്പിലും സംഘം കുട്ടികള്‍ക്കായി വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ഇന്ന് രാവിലെ ചങ്ങനാശ്ശേരി കുറിച്ചി പുത്തന്‍പള്ളി പള്ളി ക്യാമ്പിലും എസ് ബി കോളേജ് ക്യാമ്പിലും സംഘം എത്തിയിരുന്നു. ഇവിടെയെല്ലാം കുട്ടികള്‍ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് പരിപാടികളില്‍ പങ്കെടുക്കുന്നത്. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും സംഘാടകരും ഈ പരിപാടികളെ ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.
ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് ചങ്ങനാശ്ശേരി എസ്.ബി സ്‌കൂളിലും വൈകിട്ട് അഞ്ചരക്ക് തിരുവല്ല സാല്‍വേഷന്‍ ആര്‍മി ക്യാമ്പിലും കലാസംഘം പരിപാടികള്‍ അവതരിപ്പിക്കാനെത്തും.
കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക 9061394172, 9946109628
Comments are closed.