സാഹിത്യവും കാലത്തോടൊപ്പം വളരുകയാണ്: എം മുകുന്ദന്‍
സാഹിത്യവും കാലത്തോടൊപ്പം വളരുകയാണെന്നും സാഹിത്യം വളരുന്തോറും എതിര്‍പ്പുകളും വര്‍ദ്ധിച്ചുവരുമെന്നും എം മുകുന്ദന്‍. കണ്ണൂരിൽ നടന്ന ഡി സി ബുക്സിന്റെ 48-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകം വായിക്കാനുള്ളതു മാത്രമല്ല കേള്‍ക്കാനുള്ളതുകൂടിയായി മാറിയെന്നും എഴുത്തുകാരന്‍ സാധാരണ ക്കാരനായി മാറുകയാണെന്നും എം മുകുന്ദന്‍ പറഞ്ഞു. എസ്.ഹരീഷിന്റെയും ആര്‍.
രാജശ്രീയുടെയുമൊക്കെ രചനകള്‍ പുതുകാല സാഹിത്യത്തിന്റെ അടയാളമാണെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
‘വായനക്കാര്‍ പുസ്തകം തേടി പോയ കാലം മാറി. ഇപ്പോള്‍ പുസ്തകം വായനക്കാരെ തേടുകയാണ്. പുതുയുഗത്തില്‍ സാഹിത്യം വളരുകയാണ്. ഗൗരവപൂര്‍വമുള്ള വായനകള്‍ കൂടി വരികയാണ്.
കാലത്തോടൊപ്പം സാഹിത്യവും എഴുത്തുകാരും യാത്ര ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘മാര്‍ക്സ്, ഗാന്ധി, അംബേദ്കര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍’ എന്ന വിഷയത്തില്‍ ബി. രാജീവന്‍ ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തി. മാര്‍ക്‌സ്, ഗാന്ധി , അംബേദ്കര്‍ എന്നീ യുഗപുരുഷന്മാരെ പുതിയ കാലത്തില്‍ പുതിയ രീതിയില്‍ വായിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിന് തെളിവാണ് ജനകീയ സമരങ്ങള്‍. യുഗ പുരുഷന്മാരെ ഒരുമിച്ചു ചേര്‍ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് ജനം തിരിച്ചറിഞ്ഞു. പൗരത്വ ബില്‍, വിഴിഞ്ഞം – സമരങ്ങളില്‍ യുഗപുരുഷന്മാരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയതു ചൂണ്ടിക്കാട്ടി ബി.രാജീവന്‍ വിശദീകരിച്ചു.
ഒരുരാഷ്ട്രീയ പ്രസ്ഥാനത്തിന്റെയു പതാകാവാഹകരായല്ല അവര്‍ വിഴിഞ്ഞം സമരം നയിക്കുന്നത്. പാഠപുസ്തക ധാരണകളില്‍ നിന്നു മാറി വരാനിരിക്കുന്ന രാഷ്ട്രീയത്തില്‍ ഇവര്‍ക്കുള്ള സ്ഥാനം ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക ലോകത്തിലെ ചിന്താ-ഭാവനാവൈവിധ്യങ്ങളെ അടയാളപ്പെടുത്തുന്ന വിവിധ പുസ്തകങ്ങളുടെ പ്രകാശനം സി.വി. ബാലകൃഷ്ണന്‍, ജിസ ജോസ്, വിനോയ് തോമസ്, ആര്‍. രാജശ്രീ, ഷീല ടോമി എന്നിവർ സംയുക്തമായി നിർവഹിച്ചു. സി. വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രവി ഡി സി സ്വാഗതവും ഏ വി ശ്രീകുമാർ നന്ദിയും പറഞ്ഞു.
Comments are closed.