DCBOOKS
Malayalam News Literature Website

എഴുത്തുകാര്‍ ഫാസിസത്തിനു മുന്നില്‍ ഭയപ്പെടരുത്: ദാമോദര്‍ മൗസോ

ഗൗരി ലങ്കേഷിന്റെ ഘാതകരില്‍നിന്നും വധഭീഷണി നേരിടുന്ന കൊങ്കിണി എഴുത്തുകാരനും സാഹിത്യ അക്കാദമി പുരസ്‌കാരജേതാവുമായ ദാമോദര്‍ മൗസോ കെ.എല്‍.എഫ് സംവാദവേദിയില്‍ പങ്കെടുത്തു. Literature Around Us എന്ന വിഷയത്തില്‍ എം.മുകുന്ദനുമായി നടത്തിയ സംവാദത്തില്‍ സമകാലികമായ നിരവധി വിഷയങ്ങള്‍ കടന്നുവന്നു. പൊലീസ് സംരക്ഷണത്തിലാണ് ദാമോദര്‍ മൗസോ എത്തിയത്.

എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനുമേല്‍ ഫാസിസത്തിന്റെ കയ്യേറ്റം നടക്കുമ്പോള്‍ ഭയപ്പെടാതിരിക്കാനാണ് എഴുത്തുകാരന്‍ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരന്‍ ഒരേസമയം യോദ്ധാവ് കൂടിയാണ്. സമൂഹത്തെ നേര്‍വഴിയ്ക്ക് നടത്തുക എന്ന ചുമതല കൂടി നിര്‍വ്വഹിക്കാന്‍ ബാധ്യസ്ഥനാണ് എഴുത്തുകാരനെന്ന് അദ്ദേഹം പറഞ്ഞു.

ഭഗവത്ഗീതയും കുറെ മുലകളും എന്ന പേരില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥയുണ്ട് മലയാളത്തില്‍. ഇന്നാണ് ആ കഥ എഴുതുന്നതെങ്കില്‍ അത് സംഭവിക്കില്ല. അത്രമാത്രം മലയാളത്തിലെ എഴുത്തുകാര്‍ ഫാസിസം ഭരിക്കുന്ന ഒരു ചുറ്റുപാടില്‍ അകപ്പെട്ടിരിക്കുന്നു. എഴുത്തുകാരന്‍ എന്തെഴുതണമെന്ന് എഴുത്തുകാരന്‍ തീരുമാനിക്കാനാവാത്ത അവസ്ഥ. ഇത്തരമൊരവസ്ഥയില്‍ നിന്നുകൊണ്ട് എഴുതാന്‍ ഭയമില്ലേ എന്ന മുകുന്ദന്റെ ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു ദാമോദന്‍ മൗസോയുടെ മറുപടി.

എഴുത്തുകാരന്‍ തന്റെ ജീവിത പരിസരങ്ങളോട് കൂടുതല്‍ അടുക്കുകയും രചനകള്‍ കൂടുതല്‍ റിയലിസ്റ്റിക്കാവുകയും ചെയ്യുന്ന ഒരു കാലഘട്ടം കൂടിയാണിത്. ആ കാലഘട്ടത്തില്‍ കൂടുതല്‍ ഇടതുപക്ഷ രചനകളാണ് നമുക്കാവശ്യം എന്ന് മുകുന്ദന്‍ അഭിപ്രായപ്പെട്ടു. ഇടതുപക്ഷ രചനകള്‍ക്കു വേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ആവശ്യമില്ലെന്നും അത് സ്വാഭാവികമായും വന്നുചേരുന്നതാണെന്നും ദാമോദര്‍ മൗസോ മുകുന്ദനെ തിരുത്തി.

ഇന്ത്യന്‍ ഭാഷകളില്‍ ധാരാളം രചനകള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലൊഴിച്ച് വിവര്‍ത്തനങ്ങള്‍ സാധ്യമാകുന്നില്ലെന്ന ദാമോദര്‍ മൗസോയുടെ ആശങ്കയെ അതേപടി സ്വീകരിക്കുകയായിരുന്നു മുകുന്ദന്‍. നമുക്ക് നല്ല അധ്യാപകരുണ്ട്, നല്ല വിവര്‍ത്തകരില്ല. ആ രീതിയ്ക്ക് മാറ്റം വരണം. കൂടുതല്‍ വിറ്റുപോകുന്നു എന്നതാകരുത് ഒരു കൃതിയുടെ മൂല്യവും നിര്‍ണ്ണയിക്കാന്‍ കാരണമാകേണ്ടത്.എം. മുകുന്ദന്‍ പറഞ്ഞു.

Comments are closed.