നിരൂപണവും ജേര്‍ണലിസവും പുതിയ കാലത്ത്
കേരളത്തിന്റെ തനതായ അനുഭവമണ്ഡലത്തില്‍ നിന്നുകൊണ്ടുതന്നെ മലയാളത്തിന് ഒരു നിരൂപണവഴി സാധ്യമാകുമോയെന്ന അന്വേഷണങ്ങള്‍ ധാരാളമായിട്ടുണ്ടെന്ന് എഴുത്തുകാരന്‍ ഇ.പി രാജഗോപാലന്‍. ഇന്നത്തെ സാഹചര്യത്തില്‍ ജേര്‍ണലിസം കൃത്യമായ മുതലാളിത്ത നിക്ഷേപങ്ങളുടെ ഭാഗമാണ്. ഭരണകൂടത്തിനനുകൂലമായ സമ്മതിയുല്പാദിപ്പിക്കുകയാണ് പ്രധാനമായും അവരുടെ ഉദ്ദേശം. പക്ഷെ സാഹിത്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സംവാദങ്ങളുല്‍പ്പാദിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇ.പി രാജഗോപാലന്‍ അഭിപ്രായപ്പെട്ടു.
നിരൂപണം ജേര്‍ണലിസത്തിനുമപ്പുറം എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ പി.എസ് രാധാകൃഷ്ണന്‍, പി.പി രവീന്ദ്രന്‍. ഇ.പി രാജഗോപാലന്‍, ഇ.വി രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. എം.സി അബ്ദുള്‍ നാസറായിരുന്നു മോഡറേറ്റര്‍.
മാതൃഭൂമി ആഴ്ചപ്പതിപ്പിന് മുമ്പ് തന്നെ മാതൃഭൂമി പത്രം ഉണ്ടായിരുന്നു. പക്ഷെ സാഹിത്യപരമായ കാര്യങ്ങള്‍ക്ക് ഒന്നാം പേജില്‍ തന്നെ മാതൃഭൂമി പ്രാധാന്യം നല്‍കി. കേസരി ബാലകൃഷ്ണപിള്ളയുടെ പത്രത്തിലും ഇതേ പ്രവണത നമുക്ക് കാണാന്‍ കഴിയുമായിരുന്നു. അക്കാലത്താണ് സാഹിത്യമെന്ന വാക്കിനെ പണ്ഡിതന്മാര്‍ നല്‍കുന്ന അര്‍ത്ഥത്തില്‍നിന്നും മാറി പുതുതായി നോക്കിക്കാണാന്‍ കഴിയുമോയെന്ന് ശ്രമിക്കുന്നതെന്നും ഇ.പി രാജഗോപാലന്‍ കൂട്ടിച്ചേര്‍ത്തു.
സാഹിത്യത്തിന് സംഭവിച്ച മാറ്റത്തിന്റെ ഭാഗം തന്നെയാണ് നിരൂപണത്തിന് ഇത്ര വലിയ വ്യാപ്തിയുണ്ടാക്കിക്കൊടുത്തത് എന്നായിരുന്നു ഇ.വി രാമകൃഷ്ണന്റെ വാദം. അധികാരത്തോട് സത്യം പറയുകയാണ് ജേര്‍ണലിസത്തിന്റെയും നിരൂപണത്തിന്റെയും ഉത്തരവാദിത്വമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ത്തമാനകാല സാഹിത്യ നിരൂപണത്തിന്റെ ഏറ്റവും സജീവമായ മുഖങ്ങളായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. മലയാള സാഹിത്യ നിരൂപണത്തിന്റെ പുതിയ മേഖലകളെ കുറിച്ച്, അതിന്റെ അതിര്‍വരമ്പുകള്‍ മായുന്നതിനെക്കുറിച്ച്, നിരൂപണനിര്‍മ്മാണത്തിലെ ഏറ്റവും പുതിയ ഘടകങ്ങളെക്കുറിച്ച് തുടങ്ങി നിരവധി വിഷയങ്ങളിലൂടെ സംവാദം കടന്നുപോയി. സാഹിത്യം എങ്ങനെ നിലനില്‍ക്കുന്നോ അതുപോലെ തന്നെ നിരൂപണവും നിലനില്‍ക്കുമെന്ന പ്രതീക്ഷ പ്രേക്ഷകരില്‍ നിറഞ്ഞുനിന്നിരുന്നു.
Comments are closed.