DCBOOKS
Malayalam News Literature Website

കൊവിഡ് ഐസിയുവിൽ ഇരുന്ന് ഒരു നഴ്സ് എഴുതുന്നു!

ചരിത്രത്തിലുടനീളം രോഗങ്ങളും രോഗാണുക്കളും കൊന്നുകൂട്ടിയത്ര മനുഷ്യരെ യുദ്ധങ്ങളോ പ്രകൃതി ദുരന്തങ്ങളോ പോലും കൊന്നിട്ടില്ല. സഹസ്രാബ്ദങ്ങളായി മലേറിയ കൊന്നൊടുക്കിയത് അര മില്യൺ ആളുകളെ. ആറാം നൂറ്റാണ്ടിൽ പ്ലേഗ് 50 മില്യൺ. പതിനാലാം നൂറ്റാണ്ടിൽ കരിമ്പനി 200 മില്യൺ, small pox മുന്നൂറു മില്യൺ, 1918 ലെ flue 50-100 മില്യൺ. ഒന്നാം ലോക മഹാ യുദ്ധത്തിലെ മരണസംഖ്യയെക്കാൾ കൂടുതൽ! HIV ഇതുവരെ 32 മില്യൺ ആളുകളെ കൊന്നൊടുക്കി, അതിപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു.

small pox നെതിരെയുള്ള വാക്‌സിൻ 1796 ൽ എഡ്‌വേഡ്‌ ജെന്നർ കണ്ടുപിടിച്ചപ്പോൾ മുതൽ വാക്സിനുകളുടെ ജൈത്രയാത്ര Textതുടങ്ങിയെങ്കിലും പല മാരകരോഗങ്ങളെയും വാക്സിനുകൾ നിയന്ത്രണവിധേയമാക്കിയെങ്കിലും ഒന്നിന് പുറകെ ഒന്നായി മഹാമാരികൾ മനുഷ്യകുലത്തെ തോൽപ്പിച്ചു കൊണ്ടേയിരുന്നു.

പ്രകൃതിദുരന്തമോ യുദ്ധമോ പോലെ സാംക്രമിക രോഗങ്ങൾ ഒരു സ്ഥലത്തു പരിമിതപ്പെടുന്നില്ല. രോഗാണുക്കൾ യുദ്ധമുഖത്തു തീർന്നു പോകുന്ന ആയുധവുമല്ല. ഓരോ അസുഖം ബാധിച്ചയാളും ഈ വൈറസിന്റെ ഫാക്ടറി ആവുകയാണ്. സൈനികർ പോലും യുദ്ധമുഖത്ത് മരിക്കുന്നതിനേക്കാൾ അസുഖങ്ങൾ കൊണ്ട് മരിക്കുന്നു.

എന്നിട്ടും നമ്മളൊരിക്കലും തയ്യാറായിരുന്നില്ല ഒരു ആഗോള മഹാമാരിയെ നേരിടാൻ. ചരിത്ര പഠന ക്ലാസ്സുകളിൽ അവയെക്കുറിച്ചു ഒരിക്കൽ പോലും ചർച്ച ചെയ്യാതെ നാം യുദ്ധങ്ങളെക്കുറിച്ചു മാത്രം വാചാലരായിക്കൊണ്ടിരുന്നു.

സൈനിക താവളങ്ങളെ രൂപകൽപന ചെയ്യുമ്പോഴും ആയുധങ്ങൾക്ക് വേണ്ടി ധനവിനിയോഗം ചെയ്യുമ്പോഴും കാണിച്ച ശുഷ്കാന്തിയൊന്നും പൊതുജനാരോഗ്യരംഗം ശക്തിപ്പെടുത്താൻ ഒരു രാജ്യവും കാണിച്ചില്ല. ദുരിതനാൾക്കളിൽ ആവേശം മൂത്തു ഓരോന്ന് പ്രഖ്യാപിക്കുകയും പിന്നെയത് കാറ്റിൽ പറത്തുകയും ചെയ്യുന്ന പതിവ് ഓരോ മഹാമാരിക്കാലത്തും നാം തുടർന്നുപോന്നു.

കോവിഡ്19 ന്റെ ഉത്ഭവചരിത്രം 2019 നവംബറിൽ ആണെന്ന് പരക്കെ വിശ്വസിക്കുന്നുണ്ടെങ്കിലും ആരോഗ്യപ്രവർത്തകരെ ഉണർത്തിയത് 24 ജനുവരിയിൽ lancet ൽ വന്ന ലേഖനമാണ്. pneumonia of unknown origin എന്ന് ചൈന തുടക്കത്തിൽ തിരുത്തി മായ്ക്കാൻ ശ്രമിച്ച വൈറസ് ലോക വ്യാപന സാധ്യതയുള്ളതെന്നും PPE പോലുള്ള മുൻകരുതലുകളുടെ ആവശ്യകതയുണ്ടെന്നും ആ ലേഖനം മുന്നറിയിപ്പ് നൽകി.

2020 January 30 നു കോവിട്19 ആഗോള മഹാമാരിയാണെന്നു ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തത് മുതൽ നമ്മുടെ പ്രതികരണം ഒരേ സമയം അത്യാധുനികവും, പ്രായോഗികമായി മധ്യകാല മഹാമാരികളെ നേരിട്ട മാർഗങ്ങളിൽ നിന്ന് വലിയ വ്യത്യാസമൊന്നും ഇല്ലാത്തതും ആയിരുന്നു. വൈറസ്സിന്റെ ജനിതകവ്യതിയാനങ്ങളെ പഠിച്ചു മുന്പില്ലാത്തവിധം ചടുലതയോടെ ഗവേഷണങ്ങൾ നടത്തുമ്പോഴും ക്വാറന്റൈനും മുന്നൊരുക്കങ്ങളില്ലാതെ പ്രഖ്യാപിച്ച ലോക്ക്ഡൗണും സമൂഹത്തിനു കൊടുത്ത കീമോതെറാപ്പി ആയിരുന്നു.

ലോകത്തെ മുഴുവൻ മുട്ടിലിഴയിച്ച കോവിഡിനെ നേരിടാൻ മുൻനിരയിൽ നിർത്തിയ മനുഷ്യകവചമായിരുന്നു നഴ്സുമാർ. ആരോഗ്യമേഖലയുടെ പ്രവർത്തങ്ങളെ പ്രത്യേകിച്ച്

നഴ്സുമാരുടെ ജീവിതക്രമത്തെ ഈ മഹാമാരി എങ്ങനെയാണ് മാറ്റിമറിച്ചത് എന്ന് ചർച്ച ചെയ്യുകയാണിവിടെ.

യുദ്ധവുമായി ബന്ധമില്ലാത്തതൊന്നും ചരിത്രമാവുകയില്ല. ഒരു യുദ്ധവുമായി കൂട്ടിക്കെട്ടുന്നതുവരെ നഴ്സിങ്ങിന് എഴുതപ്പെട്ട ചരിത്രമുണ്ടായിരുന്നില്ല. ക്രിമിയൻ യുദ്ധഭൂമി മുതൽ കൊറോണ യുദ്ധം വരെയുള്ള ദീർഘ കാല ചരിത്രമുണ്ട് നഴ്സിംഗിന്.

1854 ലെ വസന്തകാലം. റഷ്യക്കെതിരെയുള്ള തുർക്കിയുടെ യുദ്ധത്തിൽ സാമ്രാജ്യത്വ താല്പര്യങ്ങളോടെ ബ്രിട്ടനും ഫ്രാൻസും തുർക്കിക്കൊപ്പം സഖ്യം ചേർന്നു. മൂന്നാഴ്ച കൊണ്ട് തീരുമെന്ന് കരുതിയ യുദ്ധം 1856 മാർച്ച് വരെ നീണ്ടു. ലക്ഷക്കണക്കിന് മനുഷ്യർ കൊല്ലപ്പെട്ട യുദ്ധത്തിൽ, പരിക്കേറ്റു ചികിത്സ കിട്ടാതെ ആറാത്ത പുണ്ണുകളോടെ പുഴുവരിച്ചു മരിച്ചവർ യുദ്ധക്കളത്തിൽ മരിച്ചവരെക്കാൾ എണ്ണത്തിൽ കൂടുതലായിരുന്നു.

ഇതാണ്ടിതേ കാലയളവിൽ ലണ്ടനിൽ gentle women during illnes എന്ന പേരിൽ ഒരു നഴ്സിംഗ് കൂട്ടായ്മ florence nightingale തുടങ്ങി വെച്ചിരുന്നു.

1820 മേയ് 12 നു ഇറ്റലിയിലെ ഫ്ലോറെൻസിൽ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച അവർ ഒരേ സമയം പലമേഖലകളിൽ നൈപുണ്യം തെളിയിച്ച സാമൂഹ്യ പ്രവർത്തക കൂടിയായിരുന്നു. സ്ത്രീകളുടെ വിദ്യാഭാസത്തിനു ഊന്നൽ കൊടുത്തിരുന്ന പിതാവ് അവരാഗ്രഹിച്ചതൊക്കെ പഠിക്കുവാൻ അവർക്കു വാതിൽ തുറന്നിട്ടു കൊടുത്തു. എന്നിട്ടും അവസാനം സമൂഹത്തിലെ അധഃകൃതർ മാത്രം ചെയ്തു പോന്ന നഴ്സിംഗ് തൊഴിലായി അവർ തെരെഞ്ഞെടുത്തത് വീട്ടുകാർ അംഗീകരിച്ചില്ല. നഴ്സിങ്ങിനെ ദൈവവിളിയായി വിശ്വസിക്കുകയും അത് തന്റെ സന്യാസമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു അവർ. ണൈറ്റിംഗേലിൽന്റെ എഴുത്തിലും പ്രവൃത്തിയിലും ചിന്തയിലും മുന്നിട്ടു നിൽക്കുന്ന ഈ ഭാവം പിന്നീട് നൂറ്റാണ്ടുകളോളം നഴ്സിങ്ങ്നെ ദോഷകരമായി ബാധിച്ചു എന്നത് അധികമാരും ചർച്ച ചെയ്യാത്ത വിഷയമാണ്.

വിക്ടോറിയൻ പാരമ്പര്യമുള്ള ബ്രിട്ടന്റെ ഉന്നത ശ്രേണിയിൽ സ്വാധീനമുള്ള ണൈറ്റിംഗേലിന്റെ പൊതു പ്രവർത്തനങ്ങൾ പെട്ടെന്ന് തിരിച്ചറിയപ്പെട്ടു. ക്രിമിയൻ യുദ്ധഭൂമിയിലേക്കു നഴ്സുമാരെ വേണ്ടി വന്നപ്പോൾ സർക്കാർ ണൈറ്റിംഗേലിന്റെ നേതൃത്വത്തിൽ നഴ്സിംഗ് ടീം വേണമെന്ന് നേരിട്ട് നിര്ദേശിക്കുകയാണുണ്ടായത്.

എന്നാൽ നെറ്റിങ്ഗേൾ തെരെഞ്ഞെടുത്ത 38 പേരും ഉന്നത കുലജാതരായ ഇംഗ്ലീഷ് സ്ത്രീകളായിരുന്നു. സദ്സ്വഭാവത്തിനും വ്യക്തിത്വത്തിനും ഉയർന്ന സാമൂഹിക പദവിക്കും മുൻഗണന നൽകപ്പെട്ട ആ തിരഞ്ഞെടുപ്പിൽ നഴ്സിംഗ് അനുഭവ പരിചയമോ വിദ്യാഭാസമോ കഴിവോ ഒന്നും പരിഗണിക്കപ്പെട്ടില്ല.

1908 ൽ ന്യൂയോർക്കിൽ national association of coloured graduate nurses സ്ഥാപിക്കേണ്ടി വന്നത് ഇതിന്റെ പ്രതിഫലനമായാണ്. 1918 ൽ ആഗോള മഹാമാരിയായി ഫ്ലൂ പടർന്നു പിടിക്കുകയും ആവശ്യത്തിന് നഴ്സുമാരെ കിട്ടാതിരിക്കുകയും ചെയ്തപ്പോൾ മാത്രമാണ് ഇവരെ ലോകം അംഗീകരിച്ചത്. രണ്ടാം ലോക യുദ്ധകാലത്തു 1941 ൽ മാത്രമാണ് ഇവരെ american nurses association ൽ ലയിപ്പിച്ചത്.

നഴ്സുമാരുടെ ഈ തെരെഞ്ഞെടുപ്പിൽ നൈറ്റിംഗേൽ പുലർത്തിയ മാനദണ്ഡങ്ങൾ നഴ്സിംഗ് കോളേജുകളിൽ ഇന്നും പ്രകടമാണ്. ലൈംഗികത പാപമാണെന്നു പഠിപ്പിക്കുന്ന ക്രൈസ്തവ പാരമ്പര്യം പഠിക്കുന്ന കാലത്തു വിവാഹം പാടില്ലെന്നു ഒപ്പിട്ടു വാങ്ങിയതും കന്യകാത്വ പരിശോധന നടത്തി മാത്രം കോഴ്സിന് ചേരാൻ അനുവദിച്ചതുമെല്ലാം അടുത്ത കാലം വരെ നിലനിന്നിരുന്നു. കർശനമായ അച്ചടക്കവും അടിമത്വവും അറിവിനേക്കാൾ ഇവിടെ പ്രോത്സാഹിപ്പിക്കപ്പെടുന്നു. പ്രാർത്ഥനകൾ കുത്തിനിറച്ചു ആത്മീയപരിവേഷം കെട്ടിക്കുന്നു.

ഇന്നും കുടുംബ ജീവിതത്തിനു പറ്റിയ തൊഴിലല്ല നഴ്സിംഗ്. “വനിതാ നഴ്സുമാരെ ആവശ്യമുണ്ട്എന്ന പത്രപരസ്യം തന്നെ വലിയ ചതിക്കുഴിയാണ്. പല രാജ്യങ്ങളും തൊഴിലിടങ്ങളിൽ ആൺപെൺ വിവേചനം പുലർത്തുന്നവയാണ്. മിക്ക രാജ്യങ്ങളും ജോലിയുള്ള പുരുഷന്മാർക്ക് കുടുംബത്തെ കൂടെ നിർത്താൻ നിയമ പരിരക്ഷയും ഇളവുകളും നൽകുന്നു, മറിച്ചു സ്ത്രീകൾക്ക് ആ ആനുകൂല്യങ്ങൾ ഇല്ല. തൽഫലമായി വിവാഹം കഴിഞ്ഞവരും ഹോസ്റ്റലിൽ ജീവിക്കുന്നു. ദുരിതക്കയങ്ങളിൽ നിന്നു തന്നെയും തന്നെ ആശ്രയിച്ചിരിക്കുന്നവരെയും കരകയറ്റാൻ പ്രസവിച്ച മുപ്പതാം ദിവസം കുഞ്ഞിനെ വീട്ടുകാരെ ഏൽപ്പിച്ചു തിരികെപറക്കുന്നു. പലരെയും പ്രസവാനന്തര വിഷാദം മൂടുന്നു. അവർ

ഉറക്കമില്ലാതെ പുതപ്പിനടിയിൽ കരയുന്നു, ഡ്യൂട്ടിക്കിടയിലും പാലു പിഴിഞ്ഞ് കളയുന്നു. വേദന കുറയാൻ മാറിടങ്ങളിൽ തണുപ്പിച്ച ക്യാബേജ് ഇലകൾ വെച്ചു കെട്ടുന്നു. ആർത്തവവും പ്രസവവും normal physiological process മാത്രമാണെന്ന് പറഞ്ഞു അവധികൾ നിഷേധിക്കുന്നു.

പറഞ്ഞു വന്നത് നൈറ്റിംഗേലിന്റെ 38 പേരെക്കുറിച്ചാണ്. ആ യാത്ര കൊണ്ട് മിലിറ്ററി നഴ്സിംഗ് എന്നൊരു പ്രത്യേക വിഭാഗം തന്നെ രൂപപ്പെടാൻ അവർ മുന്നോടിയാവുകയായിരുന്നു. അതുവരെ നഴ്സുമാരായിരുന്നവർ രണ്ടാംകിടക്കാരും ഈ 38 പേർ ആധുനിക നഴ്സിംഗിനെ പ്രതിനിധീകരിക്കുന്നവരുമായിത്തീർന്നു. നഴ്സിംഗ് വളരെ ആദരവര്ഹിക്കുന്ന തൊഴിലാണെന്നു സമൂഹത്തെ ബോധ്യപ്പെടുത്താൻ ഇത്തരം മാർഗങ്ങൾ അവർ സ്വീകരിച്ചു എന്ന് വേണം കരുതാൻ.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.