ലക്ഷ്മണ്‍ റാവു, ചായയുടെ മണമുള്ള ഷെയ്ക്സ്പിയർ!
”ആരാകണമെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ഷേക്‌സ്പിയര്‍ ആകണമെന്ന് ഞാന്‍ പറയും”- ലക്ഷ്മണ്‍ റാവു
കൊല്ലങ്ങള്‍ക്ക് മുന്‍പ് അമരാവതിയിലെ ഒരു സ്പ്‌നന്നിങ് മില്ലില്‍ ജോലി ചെയ്തിരുന്ന ഒരു സാധാരണക്കാരന്‍, മില്ല് പൂട്ടിയപ്പോള്‍ ഗ്രാമത്തില്‍ കാര്‍ഷികതൊഴില്‍ ചെയ്തു, പിന്നീടെപ്പോഴോ അച്ഛനില്‍ നിന്ന് 40രൂപയും വാങ്ങി ഭോപ്പാലിലേയ്ക്ക്, അവിടെ കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായി ജോലി ചെയ്തു, 90 രൂപ സമ്പാദിച്ച് 1975ല്‍ ഡല്‍ഹിയിലേക്ക് വണ്ടികയറിയത്. സാഹിത്യക്കാരനാകണമെന്ന മോഹവുമായി. അവിടെ പലതരം ജോലികള്‍, 26 വര്‍ഷമായി വഴിയോരത്ത് ചായക്കച്ചവടം. ഗ്രാമത്തിലെ രാമദാസ് എന്ന ആളെക്കുറിച്ച് ലേഖനമെഴുതി. നയി ദുനിയാ കി നയാ കഹാനി എന്ന മറ്റൊരു ലേഖനവുമെഴുതി. ഇത് പുസ്തകമാക്കാനാണ് ഡല്‍ഹിയിലെത്തിയത്. എന്നാല്‍, പ്രസാധകര്‍ ഗെറ്റ് ഔട്ട് അടിച്ചു. തോറ്റില്ല. പണം സമ്പാദിച്ച് 1978ല്‍ പുസ്തകം രാംദാസ് എന്ന പുസ്തകം
പുറത്തിറക്കി. പിന്നെയും പുസ്തകങ്ങള്‍ എഴുതി. സ്‌കൂളുകളില്‍ വിതരണം ചെയ്തു. ഇതാണ് ചായയുടെ മണമുള്ള ലക്ഷ്മണ്‍ റാവു എന്ന എഴുത്തുകാരന്‍.
എന്താണ് ജോലി എന്ന് ചോദിച്ചാല്‍ ഇന്നും ലക്ഷ്മണ്‍ റാവു പറയും, വഴിയരിയികില്‍ ചായക്കടയാണെന്ന്. ന്യൂഡല്‍ഹിയിലെ ഐടിഒ മേഖലയില്‍ റോഡ് സൈഡില്‍ ചായക്കട നടത്തിയാണ് ഉപജീവനത്തിനുളള വക കണ്ടെത്തുന്നത്. ചായ വില്‍പ്പനക്കൊപ്പം അദ്ദേഹം എഴുതി തീര്‍ത്തത് നോവലുകളും അനേകം ചെറുകഥകളുമാണ്. ഒപ്പം രാഷ്ട്രപതിയില്‍ നിന്നുള്‍പ്പെടെ അനവധി പുരസ്‌ക്കാരങ്ങളും അദ്ദേഹത്തിനു സ്വന്തം. 67 കാരനായ റാവു ഇതുവരെ 25പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
ചെറുപ്പം മുതല്‍ ഒരു എഴുത്തുകാരന്‍ ആകണം എന്ന് ആഗ്രഹിച്ചിരുന്ന ഇദ്ദേഹം ആദ്യ പുസ്തകവുമായി ഒട്ടേറെ പ്രമുഖ പ്രസാധകരുടെ പിന്നാലെ നടന്നെങ്കിലും ആരും അത് പുറത്തിറക്കാന്‍ തയ്യാറായില്ല. പക്ഷെ, തളരാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു. ചായക്കടയില്‍ നിന്നു ലഭിക്കുന്ന ഓരോ നാണയത്തുട്ടും കൂട്ടിവച്ച് പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആവശ്യമായ 7000 രൂപ സമ്പാദിച്ചു. ആദ്യ നോവല്‍ കൈകളിലെത്തിയപ്പോള്‍ സ്വയം സൈക്കിളില്‍ സ്‌കൂളുകള്‍ തോറും കയറിയിറങ്ങി വില്‍പ്പന നടത്തി. ‘ഭാരതീയ സാഹിത്യ കലാ പ്രകാഷന്‍’ എന്ന പേരില്‍ ഒരു പ്രസാധക സ്ഥാപനം തുടങ്ങിയ അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
രാത്രി ഒമ്പത് മണി വരെ നീളുന്ന ചായവില്‍പ്പനയ്ക്ക് ശേഷം ഒരു മണി വരെ സര്‍ഗരചനകള്‍ പുറത്തെടുക്കും. 2003ല്‍ ഇന്ദ്രപ്രസ്ഥ സാഹിത്യ ഭാരതി അവാര്‍ഡിന് അര്‍ഹനായി. 42 വയസിലാണ് ബിഎ ബിരുദമെടുക്കുന്നത്. ബിരുദാനന്തര ബിരുദം
പൂര്‍ത്തിയാക്കി. ഇനി ഹിന്ദി സാഹിത്യത്തില്‍ പിഎച്ച്ഡി നേടണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. വൈകാതെ തന്നെ അതും അദ്ദേഹത്തിന്റെ ഇച്ഛാശക്തിക്കു മുന്നില്‍ തലകുനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കഠിനാദ്ധ്വാനത്തിനും ഇച്ഛാശക്തിയ്ക്കും മുന്നില്‍ ഒന്നും അപ്രാപ്യമല്ലെന്ന് തെളിയിക്കുകയാണ് ലക്ഷ്മണ്‍ റാവു.
Comments are closed.