ഭാഷയും തര്‍ജ്ജമയും: മാങ്ങാട് രത്‌നാകരന്‍
ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍
‘ഒരു ഗ്രെയ്റ്റ് മാന്‍’ എന്നു തുടങ്ങിയപ്പോള്‍ മാഷ് ഒന്നു നിര്‍ത്തി. മാഷുടെ കണ്ണുകള്‍ വട്ടംചുറ്റി, വിശാലമായ ആ നെറ്റിയില്‍ ചുളിവുകള്‍ വീണു. ”ഗ്രെയ്റ്റ് മാന്‍, മലയാളത്തില്‍ എന്താണു പറയുക?” കുറച്ചുനേരം മനസ്സില്‍ ചുഴിഞ്ഞപ്പോള്‍ മാഷ്‌ക്ക് ഉത്തരം കിട്ടി, ”മന്ത്രി.” ചിരിയുടെ തരി പോലും ഉണ്ടായിരുന്നില്ല.
എം.എന്‍. വിജയന്‍ മാഷുടെ പ്രഭാഷണങ്ങളില്‍ ആരുടെയെങ്കിലും പേര് ഏറ്റവുമേറെ മുഴങ്ങിക്കേട്ടിട്ടുണ്ടെങ്കില്‍; വൈലോപ്പിള്ളി ശ്രീധരമേനോന്‍ കഴിഞ്ഞാല്‍ (വൈലോപ്പിള്ളിക്കു വേണ്ടിയും) അതു സിഗ്മുണ്ട് ഫ്രോയ്ഡിന്റേതാണ്. പ്രഭാഷണങ്ങളില്‍ മാഷ് പലപ്പോഴും ”ഞങ്ങള്‍” എന്നു പറയാറുണ്ടായിരുന്നു. ഈ ”ഞങ്ങള്‍” മനശ്ശാസ്ത്രജ്ഞര്‍ ആണെന്ന് ഊഹിച്ചിരുന്നുവെങ്കിലും ഈയിടെ കൃത്യമായ ഉത്തരം കിട്ടി. നിരൂപകനായ ഇ.പി.രാജഗോപാലന്‍ സമീപകാലത്തെഴുതിയ ഒരു കുറിപ്പില്‍, വിജയന്‍മാഷോട്, ”ആരാണു മാഷേ, ഈ ഞങ്ങള്‍?” എന്നു ച?ണാദിച്ചപ്പോള്‍, ”ലോകമെങ്ങുമുള്ള ഫ്രോയ്ഡിന്റെ ശിഷ്യന്മാര്‍,” എന്ന് ഒറ്റവാക്യത്തില്‍ മറുപടി കിട്ടിയതായി എഴുതിക്കണ്ടു.
അപൂര്‍വ്വമായി മാത്രം കേട്ട മറ്റൊരു പേര് (റൊളോങ്) ബാര്‍ത്ത് ആയിരുന്നു. ഞാന്‍ കേട്ട ഒന്നുരണ്ടു പ്രഭാഷണങ്ങളില്‍, ചിഹ്നങ്ങളെക്കുറിച്ചു പറഞ്ഞപ്പോഴാണ് (പപ്പടം, പഞ്ഞിമിഠായി, ബലൂണ്‍ തുടങ്ങിയവ!) ആ പേരു തിരനോക്കിയത്. ”അവന്‍ ഏഴു പപ്പടം പൊടിച്ച വീരനാണ്,” അപ്പോള്‍ പപ്പടത്തിന്റെ ചിഹ്നമൂല്യം എന്താണ്, വീരന്റെ ചിഹ്നമൂല്യം എന്താണ്? ആ മട്ടില്‍ പല അന്വേഷണങ്ങളും നടത്തിയ ആ മഹാനിരീക്ഷകനെ കൂടെക്കൂട്ടിയില്ലെങ്കിലല്ലേ അതിശയിക്കാനുള്ളൂ!
ഫ്രാന്‍സിന് ഒരു എം.എന്‍. വിജയനെ അവകാശപ്പെടാമെങ്കില്‍ അതു റൊളോങ് ബാര്‍ത്താണ്; കേരളത്തിന് ഒരു ബാര്‍ത്തിനെ അവകാശപ്പെടാമെങ്കില്‍, എം.എന്‍. വിജയനും. എന്റെ തോന്നലായി കൂട്ടിയാല്‍ മതി. ആദ്യ പരാമര്‍ശത്തില്‍ നവസാമന്തന്മാര്‍ നെറ്റിച്ചുളിച്ചേക്കാമെങ്കിലും രണ്ടാമത്തേതില്‍ ഒരല്പം പൊറുക്കാനിടയുണ്ട്-പൊറുക്കല്‍നീതി! രണ്ടുപേരുടെയും അനുപമമായ ഭാഷാശൈലിയുടെ ഒരെളിയ ആരാധകനാണു ഞാന്‍. ഭാഷാശൈലി എന്നാല്‍ വ്യക്തിമുദ്ര എന്നും വായിക്കാം.
1980-ല്‍, പാരീസില്‍, ഒരു വാഹനമിടിച്ചതിനെത്തുടര്‍ന്നു മരിച്ച ബാര്‍ത്ത്, ‘യഥാര്‍ത്ഥത്തില്‍’ കൊല്ലപ്പെടുകയായിരുന്നുവെന്നും ആരെയും എന്തുചെയ്യാനും നിസ്സന്ദേഹം പ്രേരിപ്പിക്കുന്ന ‘ഭാഷയുടെ ഏഴാമത്തെ ധര്‍മ്മ’ത്തെക്കുറിച്ചു വിശദീകരിക്കുന്നവിലപ്പെട്ട ഒരു രേഖ കൈക്കലാക്കാനായിരുന്നു ആ നിഷ്ഠുരകൃത്യമെന്നും ഭാവന ചെയ്യുന്ന, ലോറാം ബിനെയുടെ നോവല്‍ (ദ് സെവെന്‍ത് ഫംഗ്ഷന്‍ ഓഫ് ലാംഗ്വേജ്) നാലഞ്ചുവര്‍ഷം മുമ്പു വായിച്ചുതീര്‍ത്ത്, ബാര്‍ത്ത് സിഗരറ്റ് കടിച്ചുപിടിച്ചു നില്‍ക്കുന്ന മുഖച്ചട്ടയിലേക്ക് ഒരിക്കല്‍ക്കൂടി തിരിച്ചുവന്നപ്പോള്‍, ഞാന്‍ കുറച്ചേറെ നേരം അന്തംവിട്ടിരുന്നു! അപ്പോള്‍ ഞാന്‍ മാത്രമല്ല ബാര്‍ത്തിന്റെ ഭാഷയില്‍ പെട്ടുപോയത്!
പൂര്‍ണ്ണരൂപം 2024 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്
Comments are closed.