DCBOOKS
Malayalam News Literature Website

ലക്ഷദ്വീപിലെ ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും

ഡോ.എം.മുല്ലക്കോയയുടെ ‘ലക്ഷദ്വീപിലെ ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും’ എന്ന പുസ്തകത്തിന് വിനീത മാര്‍ട്ടിന്‍ എഴുതിയ വായനാനുഭവം

ഐതിഹ്യങ്ങളുടെയും പുരാവൃത്തങ്ങളുടെയും ലോകം സങ്കീർണമായ രൂപങ്ങൾ നിറഞ്ഞ ഒരു ചിത്രതിരശ്ശീല (Tapestry) യാണ്. ജനതയുടെ വിശ്വാസങ്ങളും മൂല്യങ്ങളും സാമൂഹിക മാനദണ്ഡങ്ങളും അനുഭവങ്ങളുമെല്ലാം ഈ ചിത്രതിരശ്ശീലയിലെ വൈവിധ്യമാർന്ന വർണ്ണ നൂലുകളാകുന്നു.

ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹത്തിലെ മനുഷ്യരുടെ ജീവിതപശ്ചാത്തലവും വീക്ഷണങ്ങളും അടയാളപ്പെടുത്തുകയാണ് ഡോ. എം. മുല്ലക്കോയയുടെ ” ലക്ഷദ്വീപിലെ ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും ” എന്ന കൃതി. ഭാവനയുടെയും ചരിത്രത്തിന്റെയും സമന്വയം ഈ അടയാളപ്പെടുത്തലിന്റെ സവിശേഷതയാകുന്നു.

പ്രകൃതിയുടെ ഭാഗമാണ് മാനവൻ. അതിനാൽ മനുജൻ നെയ്യുന്ന കഥകളിൽ പ്രകൃതിയുടെ ഭാവങ്ങൾ പ്രതിഫലിച്ചുകാണാം. ഐതിഹ്യകഥകളിൽ ഈ പ്രതിഫലനത്തിന് അപൂർവ ചാരുത കൈവരുന്നു. ലക്ഷദ്വീപിലെ ഐതിഹ്യങ്ങളിലൂടെയുള്ള സഞ്ചാരത്തിൽ അനുവാചകർക്ക് ഈ ചാരുത ദൃശ്യമാകുന്നുണ്ട്. ഓടത്തിലെ യാത്രികനായ സൂഫിവര്യൻ തന്റെ തസ്ബീഹ് മാലയിൽ നിന്ന് ഇറുത്തെടുത്ത് കടലിൽ വിതറിയ പളുങ്കുമണികളെ ഓർമ്മിപ്പിക്കുന്ന പവിഴദ്വീപുകളുടെ ചിത്രം ഉദാഹരണം. മൂവന്തിനേരത്ത് പടിഞ്ഞാറേ മാനത്ത് പ്രത്യക്ഷനായി പൊൻകുടുക്കയും അർധവൃത്താകൃതിയിലുള്ള പൊൻകിണ്ണവും പൊൻ താലവുമെല്ലാം ചമയ്ക്കുന്ന പ്രകാശരൂപിയായ അജ്ഞാതന്റെ ചിത്രവും ശ്രദ്ധേയമാണ്. ആഴിയുടെ അടിത്തട്ടിൽ വാഴുന്ന ചെമ്മൻമത്സ്യത്തിന്റെ വിചിത്രമായ ശ്വാസോച്ഛാസരീതി ദ്വീപുകളിൽ വേലിയിറക്കവും വേലിയേറ്റവുമാകുന്നു.
വർഷകാലം അവസാനിച്ചു എന്ന് അറിയിക്കുന്ന ” ആണ്ടറ ” ആഘോഷത്തിൽ പ്രതിഫലിക്കുന്നതും പ്രകൃതിയുടെ വിവിധ ഭാവങ്ങൾ മനുഷ്യജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം തന്നെ. ദ്വീപിൽ പ്രചാരത്തിലുള്ള ” തലമളയ്ക്ക് തിരുണി മുളയ്ക്കും ” എന്ന
ചൊല്ലിന്റെ പൊരുൾ അതിജീവനത്തിന്റെ പ്രകൃതിപാഠമാകുന്നു. ദ്വീപുമണ്ണിൽ ആദ്യമഴയ്ക്ക് ശേഷം മുളയ്ക്കുകയും പരിചരണം കൂടാതെ വളരുകയും ചെയ്യുന്ന ധാന്യച്ചെടിയാണ് തിരുണി.

Textജനവാസമുള്ള ദ്വീപുകൾക്ക് സമീപമുള്ള ഉപദ്വീപുകൾ ” ധർമ്മഭൂമികൾ ” എന്നറിയപ്പെട്ടിരുന്നു. ധർമ്മഭൂമിയിൽ തെങ്ങിൻ തൈകൾ വച്ചു പിടിപ്പിക്കുന്നത് അഭീഷ്ടസിദ്ധിക്കും രോഗനിവാരണത്തിനും കാരണമാകുമെന്ന വിശ്വാസം ശൂന്യമായിരുന്ന ഉപദ്വീപുകളെ തെങ്ങിൻതോപ്പുകളാക്കി മാറ്റി. യാദൃച്ഛികമായി ഇവിടെയെത്തുന്നവർക്ക് ദാഹശമനത്തിന് ഇളനീരും പശിയടക്കാൻ നാളികേരവും ഈ തെങ്ങിൻ തോപ്പിൽ നിന്ന് എടുക്കാം എന്ന അലിഖിത നിയമവും ഉണ്ട്.

സമൂഹമനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ള ധാർമ്മികമൂല്യങ്ങൾ ഐതിഹ്യകഥകളിലൂടെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ആദരവ്, അനുകമ്പ ,സത്യസന്ധത, , സഹാനുഭൂതി തുടങ്ങിയ മൂല്യങ്ങൾ ഈ കഥകളിലെ സന്ദേശങ്ങളുടെ പൊരുളാകുന്നു. സ്വന്തം മാതാവിനോട് അപമര്യാദയായി പെരുമാറിയതിന്റെ ഫലമായി അഭിശപ്തനാവുകയും ആയിരം പല്ലിമത്സ്യമായിത്തീരുകയും ചെയ്ത പുത്രന്റെ ചിത്രം ഉള്ളടക്കമായ ” ഉമ്മായെ പിരാകി ” എന്ന കഥ ഉദാഹരണം. ” ഒഴുകിവന്ന ബീവിക്കും സ്മാരകം ” എന്ന കഥ മാനവികതയുടെ സന്ദേശം ഉദ്ഘോഷിക്കുന്നു. കിൽത്താൻ ദ്വീപിന്റെ കടലോരത്ത് ഒഴുകിയെത്തിയ അജ്ഞാതയായ യുവതിയുടെ മൃതശരീരം ദ്വീപുനിവാസികൾ ആദരവോടെ സംസ്കരിക്കുന്നു. തുടർന്ന് ആ തീരം ” കടൽ ബർക്ക ത്തിന്റെ ” കേന്ദ്രമായി മാറുകയും ജനങ്ങൾ അവിടെ ഒരു സ്മാരകം പണിതുയർത്തുകയും ചെയ്യുന്നു.

പുരാവൃത്തങ്ങളിൽ പ്രത്യക്ഷമാകുന്ന കരുത്തുറ്റ പ്രമേയങ്ങളിലൊന്നാണ് യാത്ര. യാത്രികരുടെ അനുഭവങ്ങൾ കഥയിലെ നിറവാകുമ്പോൾ കഥ ഹൃദയസ്പർശിയും ചിന്തോദ്ദീപകവുമാകുന്നു. ഓടം എന്ന് വിളിക്കപ്പെട്ട പായ്ക്കപ്പലിലെ യാത്രകൾ ഒരു കാലത്ത് ദ്വീപുജീവിതത്തിന്റെ ഭാഗമായിരുന്നു. ദ്വീപുൽപന്നങ്ങളുമായുള്ള ഇത്തരം യാത്രകളിൽ പലപ്പോഴും സ്വന്തം ദ്വീപിൽ തിരിച്ചെത്താൻ കഴിയാതെ വൻകരയിലെ ഏതെങ്കിലും തുറമുഖത്തോ മറ്റ് ദ്വീപുകളിലോ കുടുങ്ങിപ്പോകുന്ന യാത്രികരുടെ അനുഭവങ്ങൾ ” പാടവരിപ്പാട്ടു ” കളിൽ നിലീനമാകുന്നു. കാറ്റ് അനുകൂലമാകണം എന്ന പ്രാർത്ഥനയോടെ കടൽക്കരയിൽ ” കാറ്റുവിളിനൃത്തം” ചെയ്യുന്ന നാരികളെയും ഈ താളുകളിൽ കാണാം. ബംഗാരം, തിണ്ണകര, മിനിക്കോയ് , അഗത്തി എന്നിങ്ങനെയൊക്കെ ദ്വീപുകൾക്ക് പേര് ലഭിച്ചതിന് പിന്നിലും ഒരു നാവികസംഘത്തിന്റെ യാത്രാനുഭവങ്ങളാണ്.

” കിലശക്കാരെ ” ( വ്യാധികൾ പരത്തുന്ന ദുരാത്മാക്കൾ എന്ന് സങ്കൽപം ) തൂർണ എന്ന ഓലപ്പീപ്പിയുടെ നാദത്താൽ വശീകരിച്ച് പൂവരശിന്റെ തടിയിൽ തീർത്ത പൂക്കപ്പലിലേറ്റി നാട്ടിൽ നിന്ന് യാത്രയാക്കുന്ന ചടങ്ങ് മറ്റൊരു കൗതുകക്കാഴ്ചയാകുന്നു.

ദ്വീപിലെ പെരുന്നാൾ ആഘോഷങ്ങളിൽ സൂഫി കലയായ ദിക്റിന് ഇടമുണ്ട്. വീട്ടുമുറ്റങ്ങളിൽ വൃത്തത്തിൽ നിന്ന് ദഫ് മുട്ടി ദൈവസ്തുതിയും പ്രവാചക‌കീർത്തനങ്ങളും ഔലിയാക്കളുടെ അപദാനങ്ങളുമെല്ലാം ആലപിക്കുന്നവർ ഭക്തിസാന്ദ്രമായ ആഘോഷനിറവിൽ അലിയുന്നു.

നാട് വാണവരുടെ ക്രോധമുനയിൽ പ്രിയരുടെ പ്രാണൻ പൊലിയുന്നതിന് സാക്ഷിയാവുകയും തുടർന്ന് മരണഭീതിയിൽ മൂന്നു നാൾ ഒരു പാറയ്ക്കുള്ളിൽ ഒളിവിൽ കഴിയാൻ നിർബന്ധിതയാവുകയും ചെയ്ത ബാലികയുടെ ചിത്രം മിഴികളിൽ നനവായി. അവൾക്ക് അഭയസ്ഥാനമായ പാറ ” ബീക്കുഞ്ഞിപ്പാറ ” എന്നറിയപ്പെടുന്നു.

വിശ്വാസങ്ങളും ആഘോഷങ്ങളും മേളിക്കുന്ന ഈ കഥാലോകത്തിലൂടെയുള്ള യാത്രയിൽ അനുവാചകമനസ്സ് ഒരു സംസ്കൃതിയുടെ ആഴങ്ങളെ അറിയുന്നു. ദ്വീപുജീവിതത്തെ കുറിച്ചുള്ള സാമൂഹ്യ ശാസ്ത്രപരമായ അറിവുകളിലേക്കുള്ള വാതിലാകുന്നു ഈ വായന.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.