ഭക്തിനിര്‍ഭരമായി ആറ്റുകാല്‍ പൊങ്കാല
തിരുവനന്തപുരം: അനന്തപുരിയെ യാഗശാലയാക്കി സ്ത്രീകള്‍ ആറ്റുകാല്‍ ഭഗവതിക്ക് പൊങ്കാല നിവേദ്യം സമര്‍പ്പിച്ചു. പൊങ്കാലയര്‍പ്പിക്കാന്‍ വിവിധ ദേശങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് സ്ത്രീകളാണ് തലസ്ഥാന നഗരിയില്‍ എത്തിയത്. രാവിലെ 10.15ഓടെ മേല്‍ശാന്തി എന്‍.വിഷ്ണു നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ആറ്റുകാല്‍ ക്ഷേത്രത്തിന് പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അടുപ്പുകള്‍ നിരന്നു.
ഉച്ച തിരിഞ്ഞ് 2.15നായിരുന്നു പൊങ്കാല നിവേദ്യം. ഭക്തിപൂര്‍വ്വം ഒരുക്കിയ വിഭവങ്ങളിന്മേല്‍ ആറ്റുകാലമ്മയുടെ വരപ്രസാദം ചൊരിഞ്ഞപ്പോള്‍ ആത്മസമര്‍പ്പണത്തിന്റെ നിര്‍വൃതിയാണ് ഏവരിലും തെളിഞ്ഞത്. പതിവുപോലെ ഇത്തവണയും മതസൗഹാര്‍ദ്ദത്തിന്റെയും സ്ത്രീശക്തിയുടെയും പ്രതീകമായിരുന്നു ആറ്റുകാല്‍ പൊങ്കാല. സ്ത്രീകളുടെ കൂട്ടായ്മയാലും പങ്കാളിത്തത്താലും ഏറെ പ്രശംസകളും നേടി ഇത്തവണയും ഈ ഉത്സവമാമാങ്കം.
ബുധനാഴ്ച രാത്രി ഏഴിന് കുത്തിയോട്ട വ്രതക്കാര്‍ക്കുള്ള ചൂരല്‍ക്കൂത്ത് ആരംഭിക്കും, തുടര്‍ന്ന് വാദ്യമേളങ്ങളോടെയും താലപ്പൊലിയുടെയും കുത്തിയോട്ടക്കാരുടെയും അകമ്പടിയോടെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കു ദേവിയെ എഴുന്നള്ളിക്കും.നാളെ രാത്രി 9.15ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം രാത്രി 12.15ന് കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ ഉത്സവം സമാപിക്കും.
Comments are closed.