DCBOOKS
Malayalam News Literature Website

മരണം സ്നേഹത്തിന്റെ അവസാനമല്ല…!

വി. ജെ. ജയിംസിന്റെ “ലെയ്ക്ക” എന്ന നോവലിനെക്കുറിച്ച് പ്രീദുരാജേഷ് എഴുതിയ വായനാനുഭവം 

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വി.ജെ.ജയിംസ് ബഹിരാകാശവുമായി ബന്ധപ്പെട്ട് മലയാളത്തിൽ എഴുതിയ ആദ്യ നോവൽ ലെയ്ക്ക,ശാസ്ത്ര പരീക്ഷണത്തിനായി സോവിയറ്റ് യൂണിയന്റെ സ്‌ഫുഡ്‌നിക് -2 പേടകത്തിൽ ആദ്യമായി ബഹിരാകാശത്തെത്തിയ തെരുവുനായ ലെയ്ക്കയുടെ ജീവിതമാണ് നോവലിന്റെ ഇതിവൃത്തം.ബഹിരാകാശയാത്രയ്ക്ക് തയ്യാറെടുക്കുന്ന മനുഷ്യനെപ്പോലെ, അല്ലെങ്കിൽ അതിലും ആയാസകരമായി ലെയ്ക്ക തന്റെ ജീവിതലക്ഷ്യത്തിലേക്കുള്ള പോരാട്ടത്തിനായി തയ്യാറെടുക്കുകയാണ്. നോവലിസ്റ്റിന്റെ ചിന്തകളിലൂടെയും കഥയിലെ മറ്റു കഥാപാത്രങ്ങളായ ഡെനിസോവിച്ചിലൂടെയും നടാഷയിലൂടെയും പ്രിയങ്കയിലൂടെയും ആവിഷ്കരിച്ചിരിക്കുന്ന നോവൽ പശ്ചാത്തലം ആദ്യം ഒരാവേശം അനുവാചകനുള്ളിൽ സൃഷ്ടിക്കുന്നുവെങ്കിലും നോവൽ വായന മുഴുമിക്കുമ്പോൾ ഭ്രമണപഥത്തിൽ വെച്ച് ഹൈപ്പർതേർമിയ ബാധിച്ച് ജീവൻ ത്യജിക്കേണ്ടി വന്ന ലെയ്ക്കയും കഥയിൽ നോവലിസ്റ്റിനോടും വായനക്കാരനോടും നിരന്തരം സംവദിക്കുന്ന റഷ്യക്കാരൻ ഡെനിസോവിച്ചിന്റെ മരണവും അതിനും മുൻപ് ലെയ്ക്കയ്ക്കായി മെഴുകുതിരികൾ തെളിച്ചു പ്രാർത്ഥിച്ച് അവൾ തിരികെ വരില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ തയ്യാറാകാതെ ബോധശൂന്യയായ പ്രിയങ്കയും വല്ലാത്തൊരു വേദന സൃഷ്ടിക്കുന്നു.ഒരു ജനത മുഴുവൻ ലെയ്ക്കക്കായി തിരികൾ കൊളുത്തി പ്രാർത്ഥിച്ചത് ശാസ്ത്രവിജയമെന്ന ലക്ഷ്യത്തോടെയായിരുന്നെങ്കിൽ ആത്മാർത്ഥസ്നേഹത്തിന്റെ തിരിവെളിച്ചമായിരുന്നു പ്രിയങ്കയെന്ന കൊച്ചു കുട്ടിയുടെ മനസ്സിൽ ലെയ്ക്കയെന്ന നായ്ക്കുട്ടി.

ഒരു ചോദ്യോത്തരത്തിൽ അല്ലെങ്കിൽ ഒറ്റവരിയിൽ അവസാനിച്ചു പോകേണ്ട ലെയ്ക്കയുടെ പേര് ശാസ്ത്രത്തിലെത്തന്നെ ഏറ്റവും വലിയൊരു Textകണ്ടുപിടുത്തത്തെ പ്രതിനിധീകരിക്കുന്നു. ശാസ്ത്രവും ജീവിതവും പരസ്പര പൂരകങ്ങളാകുമ്പോൾ തെരുവോരത്തെവിടെയോ ജനിച്ച് ശാസ്ത്രത്തിനു വിലപ്പെട്ടൊരു സംഭാവന നൽകി ഒന്നുമറിയാതെ മൺമറഞ്ഞു പോയ ആ മിണ്ടാപ്രാണിയോട് അറിയാതൊരു സ്നേഹം തോന്നിപ്പോകുന്നു.

“ലെയ്ക്ക” എന്ന പേര് നോവലിസ്റ്റിനുള്ളിൽ കാലങ്ങളോളം സൂക്ഷിച്ചതും അതൊരു കഥയായി രൂപപ്പെട്ടതും ഒരു മനുഷ്യന് ശാസ്ത്രത്തോടും ശാസ്ത്രത്തിനായി ജീവൻ ബലികഴിച്ച ലെയ്ക്കയോടും തോന്നിയ ആദരവാണെന്നു നോവൽ വായനയിലൂടെ വ്യക്തമാകും.

“റഷ്യൻ ഓർത്തഡോക്‌സ് പള്ളിയുടെ ഏകാന്തതയിലിരുന്നു പ്രാർത്ഥിക്കുമ്പോഴെല്ലാം താങ്കളെയും കുടുംബത്തെയും ഞാൻ സ്‌മരിക്കാറുണ്ട്. ഇവിടെ പ്രിയപ്പെട്ട രണ്ടു കുഴിമാടങ്ങളുടെ സമ്പന്നതയുണ്ടെനിക്ക്. ഒരിക്കലും പ്രവേശിക്കാൻ ഇഷ്‌ടപ്പെടാത്ത സെമിത്തേരിയിൽ എന്റെ ഡെനിസോവിച്ചും പ്രിയങ്കയും നിത്യവിശ്രമം കൊള്ളുമ്പോൾ ഏതു നേരവും അവിടെയായിരിക്കാൻ ഞാനാഗ്രഹിക്കുന്നു. സ്നേഹിതാ, സെമിത്തേരി വെറുക്കപ്പെടേണ്ട ഒരു സ്ഥലമല്ലെന്നും ഏറ്റവും പ്രിയപ്പെട്ട ഇടമാണെന്നുംകൂടി ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.”

നോവലിസ്റ്റ് ഇങ്ങനെ കുറിക്കുമ്പോൾ രണ്ടു മനുഷ്യരുടെ ഹൃദയബന്ധത്തിന്റെ കഥ കൂടിയാണ് ലെയ്ക്കയെന്നു തിരിച്ചറിയുന്നു. മരണം സ്നേഹത്തിന്റെ അവസാനമല്ല. അഗാധമായ ഓർമപ്പെടുത്തലാണ്. അപരിചിതനായി തന്നിലേക്കെത്തിയ പ്രിയപ്പെട്ട സുഹൃത്തിന്റെ ഓർമകളുടെ സൂക്ഷിപ്പും അത് സൃഷ്ടിക്കുന്ന ശൂന്യതയും എത്രയോ വലുതാണ്. കഥാ പാരായണത്തിലുടനീളം നോവലിസ്റ്റിനു സുഹൃത്തിനോടുണ്ടായിരുന്ന സ്നേഹം തൊട്ടറിയാൻ സാധിയ്ക്കും. വായനക്കാരനും ആ സ്നേഹത്തിന്റെ പങ്കാളിയാകും.

ആദ്യമായി ശൂന്യാകാശത്തെത്തൊട്ട ലെയ്ക്കയെന്ന നായ്ക്കുട്ടി ലോകത്തോട് വിട പറഞ്ഞ് നവംബർ 3 നു 67 വർഷം തികഞ്ഞു. വായനയുടെ അവസാനം ലെയ്ക്കയുടെ ബഹിരാകാശ സഞ്ചാരത്തെക്കുറിച്ച് വെറുതെ സങ്കല്പിച്ചു. “ശാസ്ത്രത്തിന്റെ പരീക്ഷണ വസ്തുവായി നീലാകാശത്തിന്റെ ശൂന്യതയെ തൊട്ടറിഞ്ഞ ലെയ്ക്കാ നിന്റെ ജീവിതത്തിനൊരു ലക്ഷ്യമുണ്ടായിരുന്നു.അതുനിറവേറ്റി നീ ഈ ഭൂമിയിൽ നിന്നും മടങ്ങിയിരിക്കുന്നു. എന്നെന്നും നിന്നെ ലോകം ഓർമ്മിക്കട്ടേ.” വി. ജെ. ജയിംസിന്റെ ലെയ്ക്ക അനുവാചകന് വ്യത്യസ്തമാർന്നൊരു വായനാനുഭവം പകർന്നു നൽകുന്നു.

തെരുവോരത്തെ ആ പ്രിയപ്പെട്ട നായ്ക്കുട്ടിയെക്കുറിച്ച് നോവലിനൊടുവിൽ എഴുത്തുകാരൻ അടയാളപ്പെടുത്തുന്നതിങ്ങനെ:

“ശൂന്യാകാശം പേര് സൂചിപ്പിക്കുന്നതുപോലെ ശൂന്യമല്ല. എല്ലാറ്റിന്റെയും നിറവാണത്. ഈ നിറവ് തിരിച്ചറിഞ്ഞ ചില ആത്മാക്കളുടെ അന്വേഷണമാണ് ‘ലെയ്ക്ക’. ആകാശത്തിന്റെ അതിരുകൾ തേടിത്തേടി ഒടുവിൽ അവനവനിലേക്ക് സൂക്ഷിച്ചുനോക്കാൻ ഈ കൃതി വായനക്കാരനെ പ്രേരിപ്പിക്കുന്നു.”

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.