DCBOOKS
Malayalam News Literature Website

വീണ്ടെടുക്കാനായി ജീവിതത്തെ വലിച്ചെറിയുന്നവര്‍: സബീന എം. സാലി


ഡി സി ബുക്‌സ് റൊമാന്‍സ് ഫിക്ഷന്‍ മത്സരം ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ നോവല്‍ ‘’ എന്ന പുസ്തകത്തിന്റെ എഴുത്തനുഭവം സബീന എം. സാലി എഴുതുന്നു 

സൗന്ദര്യവും ഭീകരതയും ശത്രുതയും മിത്രതയും നീതിയും അനീതിയും പ്രപഞ്ചത്തിന്റെ ഭാഗമായിരിക്കെ സഹജീവികളെ കൊല്ലാനോ, അവരുടെ വിശ്വാസങ്ങള്‍ക്ക് മേല്‍ കടന്നു കയറാനോ ഒരു മനുഷ്യനും അധികാരമില്ല. വംശഹത്യകള്‍ മനുഷ്യരില്‍ ഭീതിയും നിസ്സഹായതയും തീര്‍ത്ത് അവരുടെ സ്വപ്‌നങ്ങളെയപ്പാടെ മായ്ച്ച് കളയുമ്പോള്‍ ജീവിതം അവര്‍ക്ക് വലിയൊരു അനാഥത്വമാകുന്നു. ചരിത്രം സ്തംഭിക്കുന്നു.

വായുവില്‍ അനാഥമായിപ്പോകുന്ന അത്തരക്കാരുടെ ശബ്ദങ്ങള്‍ക്ക് ഒരു പ്രതിധ്വനി. ഒന്നും സ്വന്തമായിട്ടില്ലാത്തവര്‍ക്ക് ഒരഭയസ്ഥാനം. സാക്ഷാത്കരിക്കപ്പെടാത്ത അവരുടെ
സ്വപ്‌നങ്ങള്‍ക്ക് സ്‌നേഹംകൊണ്ട് ഒരു തുന്നിക്കെട്ട്. അതാണ് ലേഡി ലാവന്‍ഡര്‍.

Textവശ്യതയും രതിയുണര്‍ത്തുന്ന ഗന്ധവുമാണ് ലാവന്‍ഡര്‍പ്പൂക്കളുടെ പ്രത്യേകത. അലറിവിളിക്കുന്ന ദുരന്തത്തിന്റെ കൊടുങ്കാറ്റ് ജീവിതത്തിലുടനീളം പരന്നു വീശുമ്പോഴും രക്തത്തിലൂടെ പ്രണയത്തിന്റെനീര്‍ച്ചാലുകളൊഴുക്കി പ്രണയംകൊണ്ട് വാചാലരാവുകയാണ് ആദിലും യൊഹാനും. മരണവും ഹിംസയും ഭയവും ക്രോധവുമൊക്കെ നേരിടുമ്പോഴും അവയ്‌ക്കെല്ലാം മീതേ ഊറി വരുന്ന ആത്മാര്‍ത്ഥപ്രണയത്തിന്റെ തേന്‍തുള്ളി മധുരം. ഇതിലെ കഥാപാത്രങ്ങള്‍ മുഴുവന്‍ സാങ്കല്പികമാണെങ്കിലും, ഭൂമിയുടെ പല കോണിലായി ചിതറിപ്പോകുന്ന മനുഷ്യരുടെ പച്ചയായ ജീവിതവും അവരുടെ തീക്ഷ്ണമായ അഭിരതികളും പ്രണയമെന്ന പ്രതിഭാസവും തികച്ചും സത്യമാണ്. ഈ പുസ്തകം സാര്‍ത്ഥകമാകുമ്പോള്‍ ഞാനാദ്യം ദൈവത്തിന് നന്ദിയര്‍പ്പിക്കുന്നു. അവസാനഘട്ടത്തിലെത്തിയ അസുഖം സ്ഥിരീകരിക്കപ്പെട്ട് പ്രിയപ്പെട്ട പിതാവിന്റെ ആയുസ്സ് എണ്ണപ്പെട്ട് കഴിഞ്ഞു എന്നറിഞ്ഞപ്പോഴുണ്ടായ അതിതീവ്രമായ സങ്കടക്കടല്‍ ഉള്ളില്‍ ആര്‍ത്തലയ്ക്കുമ്പോഴും എഴുതുവാന്‍ സ്ഥൈര്യം തന്നതിന്. കടലാസിന് മുന്നില്‍ ധ്യാനിച്ചിരിക്കുമ്പോള്‍ കഥാപാത്രങ്ങളെയോരോന്നായി മനസ്സിലേക്ക് രംഗപ്രവേശം ചെയ്തു തന്നതിന്.

ഈ രചനയിലുടനീളം എന്റെ ഉന്മാദങ്ങള്‍ക്കും ശൗര്യങ്ങള്‍ക്കും ക്ഷമയോടെ കൂട്ട് നിന്ന നല്ല പാതിക്ക്, മയില്‍ച്ചിറകുള്ള മാലാഖ എന്ന ചെറുകഥ വായിച്ച്, ഇത് ഒരു നോവലാക്കാന്‍ ശ്രമിച്ചുകൂടേയെന്ന ചിന്ത ആദ്യമായി എന്നിലേക്കിട്ട് തന്ന പ്രിയ സുഹൃത്ത് വെള്ളിയോടന്, എഴുത്തിന്റെ ഓരോ ഘട്ടത്തിലും ആശയപരമായ സംവാദങ്ങളും വ്യത്യസ്തമായ ചിന്തകളുമായി കൂടെ നിന്ന പ്രിയ നസീറിന്, സര്‍വ്വോപരി എന്റെ പ്രിയപ്പെട്ട വായനാസുഹൃത്തുക്കള്‍ക്ക് നന്ദി.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

 

 

Comments are closed.