ലേഡി ലാവൻഡർ :കനല് കൊണ്ട് കവിതയെഴുതുന്ന നോവൽ
സബീന എം സാലിയുടെ ‘ലേഡി ലാവന്‍ഡര്‍’ എന്ന പുസ്തകത്തിന് വെള്ളിയോടൻ എഴുതിയ വായനാനുഭവം
ഒരു ആഖ്യായിക ലക്ഷ്യം വെക്കുന്ന പല ഘടകങ്ങളുണ്ട്.അതില്‍ പ്രധാനപ്പെട്ടത്, ആഖ്യാതാവിന്റെ ജീവിത കാലഘട്ടത്തെ തെറ്റിന്റെ പക്ഷം ചേരാതെ അടയാളപ്പെടുത്തി വെക്കുക എന്നതാണ്. നോവലുകളുടെ നിരന്തര വായനക്കാരനായ ഒരാള്‍ക്ക് ചരിത്ര സത്യങ്ങള്‍ തേടി മറ്റ് വായനകളിലേക്ക് വഴി തിരിഞ്ഞ് നടക്കേണ്ടി വരില്ല. വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളോടൊപ്പം ഭാഷയുടെ സൌന്ദര്യം കൂടി സമ്മേളിക്കുമ്പോള്‍ സാഹിത്യമെന്ന കലാരൂപത്തിന് വായനക്കാരുടെ ആസ്വാദന തലത്തെ സ്പര്‍ശിക്കാന്‍ സാധിക്കുന്നു. ഡി.സി.ബുക്‌സ് നടത്തിയ റൊമാന്‍സ് ഫിക്ഷന്‍ മത്സരത്തില്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ സബീന എം സാലിയുടെ ലേഡി ലാവന്‍ഡര്‍ എന്ന നോവല്‍ , പ്രണയത്തിന്റെ മാന്ത്രിക വിരലുകള്‍ കൊണ്ട് സ്പര്‍ശിക്കുമ്പോഴും ഒന്നുറക്കെ നിലവിളിക്കാന്‍ പോലും ഹൃദയമില്ലാതെ പോയ കുറേ മനുഷ്യരുടെ നോവുകളുടെ ആഖ്യാനം കൂടിയാണ്.
പൂര്‍ണ്ണമായും മുഖ്യ ലോകസംവിധാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട് , സമാനതകളില്ലാത്ത പീഢനകള്‍ക്കും ക്രൂരതകള്‍ക്കും ഇരയാകേണ്ടി വന്ന , ഇറാഖിന്റേയും സിറിയയുടേയും അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങി ജീവിക്കേണ്ടി വരുന്ന യസീദികളുടെ ദൈന്യതയുടെ മുഖമാണ് ലേഡി ലാവന്‍ഡര്‍. യോഹാന്‍ സെര്‍വറിന്റേയും ആദിലിന്റേയും ലാവന്‍ഡര്‍ സുഗന്ധമുള്ള പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ് നോവല്‍ രചിക്കപ്പെട്ടതെങ്കിലും സമാന്തരമായ മറ്റൊരു ജീവിതത്തെയുമാണ് ഈ നോവല്‍ അടയാളപ്പെടുത്തി വെക്കുന്നത്. ഒരു രാജ്യത്തെ ഭൂരിപക്ഷ വിശ്വാസ ധാരയ്ക്ക് എതിരെ നടക്കുന്ന ഒരു ജനതയായിപ്പോയി എന്ന കാരണത്താല്‍ മാത്രം , ഭൂമുഖത്ത് ആത്മാഭിമാനത്തോടെയും സ്വാതന്ത്ര്യ ബോധത്തോടെയും ജീവിക്കാന്‍ അവകാശമില്ലെന്ന് വിധിക്കപ്പെട്ട യസീദികളെയാണ് ആദിലിലൂടെയും യോഹാനിലൂടെയും ലോകം വായിക്കുന്നത്. ആധുനിക ലോകത്ത് ചന്തകളില്‍ വില്‍ക്കപ്പെട്ട് , ലൈംഗിക അടിമകളായി പരിവര്‍ത്തനപ്പെടുന്ന യസീദി പെണ്ണുടലുകളുടെ നേര്‍ സാക്ഷ്യമാണ് ഈ നോവലിലെ ദില എന്ന കഥാപാത്രം.
തങ്ങളുടെ കര്‍മ്മങ്ങളൊക്കെയും വിശുദ്ധമാണെന്ന് ലോകത്തോട് പറഞ്ഞ് , തങ്ങളെ അംഗീകരിക്കാത്തവരെ ഉന്മൂലനം ചെയ്യുന്ന നരകത്തിന്റെ പോരാളികള്‍ക്ക് പെണ്ണ് ഒരു ഉപഭോഗ വസ്തു മാത്രമാണെന്ന് ഈ നോവലിലുടനീളം വരച്ചിടുന്നുണ്ട്. മതത്തിന്റെ പേരില്‍ മാത്രം കൊല ചെയ്യപ്പെട്ട മനുഷ്യരുടെ ചോര വളമായി മാറിയ മണ്ണില്‍ നിന്നും സമാധാനത്തിന്റെയും പ്രണയത്തിന്റെയും കാല്പനികയിടമായ ജര്‍മ്മനിയിലെ മ്യൂണിക്കിലേക്ക് പറിച്ച് നടപ്പെട്ട ആദിലിന്റെയും യൊഹാന്റേയും ജീവിതത്തില്‍ നിന്നും ആധുനിക കാലത്തെ അദൃശ്യമായ രണ്ട് ലോകക്രമത്തെ വായിച്ചെടുക്കാന്‍ ഈ നോവലില്‍ സാധിക്കുന്നുണ്ട്.
മതം മനുഷ്യനെ ഏതൊക്കെ വിധത്തില്‍ വെറി പിടിപ്പിക്കുന്നു എന്നതിന്റെ നേര്‍ചിത്രമാണ് ലാലിഷ് താഴ് വരയില്‍ നടന്ന കൂട്ടക്കൊലകളും പ്രണയത്തിന് മേല്‍ പാപഭാരം ചുമത്തി നടത്തുന്ന ദുരഭിമാനക്കൊലകളുമെല്ലാം. ഭൂമി നമ്മുടേതല്ലെന്നും നമ്മള്‍ ഭൂമിയുടേതാണെന്നും ഈ നോവല്‍ വായനക്കാരെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്.
കേവലമൊരു രാഷ്ട്രീയ സംവാദത്തില്‍ പ്രകോപിതരാകുന്നവര്‍ , ഒരാളുടെ സ്വപ്നങ്ങളേയും പ്രതീക്ഷകളേയും ജീവിതം തന്നെയും ഇല്ലാതാക്കുന്നതെങ്ങനെയെന്ന് , ആത്തിഫ് എന്ന കഥാപാത്രത്തിലൂടെ നോവലിസ്റ്റ് വരച്ചിടുന്നു. പാതി വഴിയില്‍ നിന്ന് പോകുന്ന പിയാനോ വായനകളുടെ എണ്ണം ഇന്ന് ലോകമെമ്പാടും അധികരിച്ചു കൊണ്ടേയിരിക്കുന്നു.
ഒരു കാട്ട് വള്ളി പടര്‍ന്ന് കയറുന്നത് പോലെ ലേഡി ലാവന്‍ഡറിന്റെ വായനയില്‍ പ്രണയം വായനക്കാരിലേക്ക് പടര്‍ന്ന് കയറുന്നത്.കുടഞ്ഞ് വീണ തൂവലുകള്‍ പോലെ സ്‌നേഹം മാത്രം മൃദുപ്പെട്ട വരികളുടെ ആഘോഷമാണ് ഈ നോവലിലുടനീളം വായിക്കാന്‍ സാധിക്കുന്നത്. വായനക്കാരന്റെ ശരീര തന്മാത്രകളിലും ആത്മാവിന്റെ കോശങ്ങളിലും കനല് കൊണ്ട് കവിതയെഴുതുന്ന നോവലായി ഈ കൃതി പലയിടത്തും രൂപാന്തരപ്പെടുന്നു. മാന്ത്രിക സ്പര്‍ശമുള്ള പ്രണയത്താല്‍ ഒരു സ്ത്രീ ഒരു ആയിരം ഇതളുകളുള്ള ആമ്പലായി വിരിയുന്നതെങ്ങനെയെന്ന് ലേഡി ലാവന്‍ഡറിലൂടെ സബീന എം സാലി ദൃശ്യവത്കരിക്കുന്നുണ്ട്. പ്രണയത്തിന്റെ ഈയല്‍ചിറകുകള്‍ വിരിയിച്ച് , ഓരോ വായനക്കാരനും ചിത്രശലഭമായി പറന്നുയരുന്നു. ലേഡി ലാവന്‍ഡര്‍ എന്ന നോവലിന് ഉപശീര്‍ഷകമായി കൊടുത്തിരിക്കുന്ന വാക്യമാണ് ‘പ്രണയത്തിന് എന്തൊരു മാന്ത്രികതയാണ്’. പ്രണയത്തിന്റെ ആ മാന്ത്രികതയെ ലാവണ്യമുള്ള ഭാഷയില്‍ തരളിതമായാണ് സബീന ഈ നോവലില്‍ ഉള്‍ചേര്‍ത്തു വെച്ചിട്ടുള്ളത്.
മതതീവ്രവാദവും ഏകമതകേന്ദ്രീകൃതമായ ഭരണകൂട ഉന്മൂലനവാദവും മുഖാമുഖം നില്‍ക്കുന്നതിനിടയില്‍ വിരിയുന്ന പ്രണയത്തിന്റെ ദൃശ്യചാരുതയുള്ള രചനയാണ് ഈ നോവല്‍. ഐസിസ് മതതീവ്രത യസീദികളെ വേട്ടയാടുമ്പോള്‍ , സംരക്ഷണം നല്‍കേണ്ട ഭരണകൂടം , തീവ്രവാദികള്‍ക്ക് വെളിച്ചം പകര്‍ന്ന് , വഴിവതുറന്ന് കൊടുക്കുന്നതിനെതിരെയുള്ള വിരല്‍ ചൂണ്ടലാണ് ഈ കൃതി. പ്രണയം നഷ്ടപ്പെടുന്നിടത്താണ് മതത്തിന്റെ ഭീകരതകള്‍ പിറവിയെടുക്കുന്നതെന്ന് ഈ നോവല്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഏറ്റവും സ്വകാര്യമായിരിക്കേണ്ട ഒരു വ്യക്തിയുടെ മതബോധം , അത് അന്യമത ഉന്മൂലനത്തിലേക്ക് പരിവര്‍ത്തനപ്പെടുന്നതെങ്ങനെയെന്ന് ഈ കൃതി കാണിച്ചു തരുന്നുണ്ട്. ഓരോ മനുഷ്യനും ഒരു രാജ്യമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു. തന്നിഷ്ടങ്ങളുടെ സാമ്രാജ്യക്കൊടിയേന്തിയ സ്വേച്ഛാധിപതികളുടെ രാജ്യങ്ങള്‍ ആധുനിക ലോകത്തെ മലിനമാക്കുന്നതെങ്ങനെയെന്ന് ഈ നോവലില്‍ വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്. വായനക്കാരന്റെ ചിന്തകളെ ഉദ്ദീപിപ്പിക്കുകയും ലോകബോധത്തെ പുതിയ ദിശയിലേക്ക് വഴി തിരിച്ചു വിടുകയും അവനിലെ പ്രണയഭാവത്തെ മൃദുലമായി ഉണര്‍ത്തുകയും ചെയ്യുന്നു ഈ നോവല്‍. ഞാന്‍ ഇരയാക്കപ്പെട്ടവളെങ്ങനെയെന്ന ആത്മഭാഷണത്തിന്റെ ആവിഷ്‌കാരം കൂടിയാണ് ഈ നോവല്‍.
Comments are closed.