DCBOOKS
Malayalam News Literature Website

ലേഡീസ് കൂപ്പേ

മടുപ്പിക്കുന്ന ജീവിതത്തിന്റെ വിരസതകളില്‍നിന്ന് രക്ഷ നേടാനായാണ് അഖില കന്യാകുമാരിയ്ക്ക് യാത്ര തിരിക്കുന്നത്. അവിവാഹിതയും ഉദ്യോഗസ്ഥയുമായ ആ നാല്പത്തഞ്ചുകാരി എന്നും തന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്ന ഒരു ചോദ്യത്തിന് ആ യാത്രയിലും ഉത്തരം തേടുന്നുണ്ട്. ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് സന്തുഷ്ടജീവിതം നയിക്കാനാവുമോ? പൂര്‍ണ്ണതയുണ്ടാവാന്‍ പുരുഷന്‍ കൂടിയേ തീരൂ എന്നുണ്ടോ? എക്‌സ്പ്രസ്സ് ട്രെയിനിലെ ലേഡീസ് കൂപ്പെയില്‍ അവള്‍ ആ യാത്ര ആരംഭിച്ചു.

ലേഡീസ് കൂപ്പേയിലെ സൗഹൃദാന്തരീക്ഷത്തില്‍ അഞ്ച് സഹയാത്രികകളെ അഖിലയ്ക്ക് കിട്ടി. സന്തുഷ്ടമായ ദാമ്പത്യത്തിനൊടുവില്‍ പുത്രഭാര്യയുമായി ഒത്തുപോകാനാകാതെ നാട്ടിലേക്ക് തിരിച്ചു പോകുന്ന ജാനകി, രസതന്ത്രാധ്യാപികയായ മാര്‍ഗരറ്റ് ശാന്തി, ഉത്തമഭാര്യയും മകളുമായ പ്രഭാദേവി, വീട്ടുകാരുമായി സ്വരച്ചേര്‍ച്ചയിലല്ലാത്ത പതിനാലുകാരി ഷീല, പിന്നെ ഒറ്റ രാത്രിയുടെ ആര്‍ത്തിയില്‍ നിഷ്‌കളങ്കത നഷ്ടമായ മാരിക്കൊളുന്തും.

ആറു സ്ത്രീകളും യാത്രയ്ക്കിടയില്‍ തങ്ങളുടെ ജീവിതം പങ്കുവെച്ചപ്പോള്‍ വര്‍ഷങ്ങളായി തന്നെ അലട്ടിക്കൊണ്ടിരുന്ന സമസ്യകളുടെ ഉത്തരങ്ങള്‍ അഖിലയ്ക്ക് മുമ്പില്‍ ചുരുളഴിഞ്ഞു തുടങ്ങി. ലേഡീസ് കൂപ്പെയിലെ യാത്രയ്ക്കൊടുവില്‍ കന്യാകുമാരിയിലെ ഒരു അസ്തമയത്തിനൊപ്പം പഴയ അഖിലയും അസ്തമിച്ചു. ഒരു പുതിയ സ്ത്രീയായി അവള്‍ ഉദിച്ചുയര്‍ന്നു.

കരുത്തും സ്വാതന്ത്ര്യവും തേടിയുള്ള സ്ത്രീയുടെ അന്വേഷണങ്ങളുടെ കഥയാണ് അനിതാ നായരുടെ ഇന്റര്‍നാഷണല്‍ ബെസ്റ്റ്‌സെല്ലറായ ലേഡീസ് കൂപ്പെ എന്ന നോവല്‍ പറഞ്ഞത്. അഖിലയ്ക്ക് മാത്രമല്ല, ലേഡീസ് കൂപ്പെയില്‍ അവള്‍ക്കൊപ്പം യാത്ര ചെയ്ത മറ്റുള്ളവര്‍ക്കും ലഭിച്ചിരിക്കാം അവരവര്‍ തേടുന്ന സമസ്യകളുടെ ഉത്തരം. ആറു സ്ത്രീകളുടെ ജീവിതത്തിലൂടെ കടന്നുപോയി ഇന്ത്യയിലെ ഓരോ സ്ത്രീയും അനുഭവിക്കുന്ന ചില പ്രശ്‌നങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ലേഡീസ് കൂപ്പെയിലൂടെ അനിതാ നായര്‍ സഞ്ചരിച്ചത്.

2004ല്‍ ഡി സി ബുക്‌സ് ലേഡീസ് കൂപ്പെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. പ്രമീളാദേവിയാണ് വിവര്‍ത്തനം നിര്‍വ്വഹിച്ചത്. മലയാളത്തിലും മികച്ച സ്വീകരണം ലഭിച്ച ഈ കൃതിയുടെ അഞ്ചാം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

അനിതാ നായരുടെ ബെറ്റര്‍മാന്‍, മിസ്ട്രസ്സ്, മറവിയുടെ പാഠങ്ങള്‍ (ലെസ്സണ്‍സ് ഇന്‍ ഫോര്‍ഗെറ്റിംഗ്) തുടങ്ങിയ നോവലുകള്‍ ഡി സി ബുക്‌സ് മലയാാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

 

Comments are closed.