അധ്വാന ചിന്തയും അംബേദ്കറും
ഡിസംബർ ലക്കം പച്ചക്കുതിരയിൽ
രതീഷ് ശങ്കരന്‍
ആര്യന്‍- വൈദിക സംസ്‌കാരത്തെ അശേഷം തള്ളിക്കളഞ്ഞ ഗൗതമബുദ്ധന്റെ സാംസ്‌കാരിക പുനക്രമീകരണങ്ങളാണ് അംബേദ്കര്‍ പ്രതിജ്ഞാബദ്ധമായ ദേശീയ സംസ്‌കാര ഘടകങ്ങളായി മുന്നോട്ടുവെക്കുന്നത്. ബുദ്ധനിലൂടെ മൃഗബലിയും ലൈംഗികദുരാചാരങ്ങളും സുരപാന- ചൂതാട്ടങ്ങളും വക്രമായ ജീവിതോപാധികളുമൊക്കെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായി.
ദേശീയതയിലെ സംസ്‌കാര വിശകലനസമീപനങ്ങളെ അതിന്റെ വ്യത്യസ്തമാനങ്ങളില്‍ അഭിമുഖീകരിക്കുമ്പോള്‍ അതില്‍ സംസ്‌കാരവിമര്‍ശനത്തിന്റെ അദ്വിതീയ മാതൃകയ്ക്ക് മാര്‍ഗ്ഗദര്‍ശിയാവുന്നു എന്നുള്ളതാണ് ബി. ആര്‍. അബേദ്ക്കറുടെ എക്കാലത്തെയും പ്രസക്തി. ചരിത്രമെന്ന ഗര്‍ഭത്തിനകത്താണ് സാഹിത്യപരങ്ങളായ വേദേതിഹാസങ്ങളും സ്മൃതിശാസ്ത്രപുരാണങ്ങളുമൊക്കെ സ്ഥിതികൊള്ളുന്നത്. ഭൂതകാലത്തിലെ അധീശസ്ഥാപനങ്ങളുടെ കാലികമായ നിലനില്‍പ്പിനും സാധൂകരണത്തിനുമുള്ള പ്രമാണികവ്യവഹാരങ്ങളായാണ് അവ പ്രവര്‍ത്തിക്കുന്നത്. ചരിത്രം ഔദ്യോഗികമായൊരു ബോധന വൈജ്ഞാനിക പദ്ധതിയായിട്ടാണ് ആധികാരികമാക്കപ്പെടുന്നതെങ്കില്‍ സാഹിത്യം ഒരു സാംസ്‌കാരികബോധമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ജീവിതത്തെ പ്രതിഫലിപ്പിക്കുക എന്നതില്‍ കവിഞ്ഞ് ജീവിതത്തെ നിരന്തരം ഭൗതികമാക്കുന്ന സാംസ്‌കാരികശക്തിയായിട്ടാണ് സാഹിത്യത്തെ കാണേണ്ടത്. സാഹിത്യത്തിന്റെ ഭൗതികശേഷിയെ തിരിച്ചറിയുകയും വിമര്‍ശനാത്മകമാക്കുകയും ചെയ്യുന്ന സന്ദര്‍ഭം ഇന്ത്യന്‍ ദേശീയതാസംവാദങ്ങള്‍ക്കകത്തുണ്ട്. ഇന്ത്യക്കാര്‍ ഒരു ദേശീയ ജനതയായി പരിണമിക്കണമെങ്കില്‍ പ്രാഥമികമായി കൈവരിക്കേണ്ടത് സാഹോദര്യ സമത്വത്തിലൂന്നിയ സാമൂഹിക ജനാധിപത്യമാണെന്ന് പ്രഖ്യാപിക്കുന്ന അംബേദ്ക്കര്‍ ഹിംസാത്മകമായ സാമൂഹിക ഘടനയെ സാധൂകരിക്കുന്ന പ്രമാണസ്രോതസ്സുകളായിട്ടാണ് ബ്രാഹ്മണസാഹിത്യത്തെ കാണുന്നത്.
ഇന്ത്യയെ അതിന്റെ അടിത്തട്ടില്‍ നിന്ന് അറിയുകയും, ദയാശൂന്യമായ നീതിരാഹിത്യവ്യവസ്ഥകളെ നിരന്തരം അഭിമുഖീകരിക്കുകയും ചെയ്തുകൊണ്ടാണ് അംബേദ്ക്കറെന്ന (1892- 1956) ചരിത്രപുരുഷന്‍ അശ്രാന്തമായ പോരാട്ടങ്ങളിലേര്‍പ്പെടുന്നത്. വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ പൊതുസ്ഥലത്തിലൂടെ നടക്കുവാനോ, വെള്ളം കുടിക്കാനോ തലമുടി വെട്ടുവാനോ യാത്രചെയ്യുവാനോ ഒന്നുംതന്നെ സാധിക്കാതെ, ദൈനംദിനജീവിതത്തിലെ ഭീകരമായ വിലക്കുകളെ അനുഭവിച്ചറിഞ്ഞുകൊണ്ടാണ് അംബേദ്ക്കര്‍ ജാതിവ്യവസ്ഥയെ മനസ്സിലാക്കുന്നത്. ശ്രേണീകൃതമായൊരു സാമൂഹിക- സാമ്പത്തികവ്യവസ്ഥയായി നിലനില്‍ക്കുന്ന ജാതിയെ അതിന്റെ വേരുകളില്‍ നിന്ന് അന്വേഷിക്കുകയും അതിനെ ഉന്‍മൂലനം ചെയ്യാനുള്ള ജ്ഞാനാത്മകമായ രീതിശാസ്ത്രം രൂപപ്പെടുത്തുകയും ചെയ്യുന്നതിന്റെ ആദ്യപടിയായിട്ടാണ് സാഹിത്യത്തിന്റെ ഭൗതികതയെ തിരിച്ചറിയേണ്ടത്. യൂറോപ്പിന്റെയും ഇന്ത്യയുടെയും സംസ്‌കാര ദേശീയ ചിന്തകള്‍ക്ക് അടിത്തറയാകുന്ന ആര്യന്‍ വംശീയസിദ്ധാന്തം അതിന്റെ സ്രോതസ്സുകളായ വേദങ്ങള്‍, വേദങ്ങളെ വംശീയതയുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് നയിക്കുന്ന മാനവധര്‍മ്മശാസ്ത്രങ്ങള്‍ (മനുസ്മൃതി ആധികാരികം) ബ്രാഹ്മണങ്ങള്‍, കഥാത്മകമായ മിത്തിക്കല്‍ ഭാവനകളെ ജനപ്രിയമാക്കുന്ന ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ തുടങ്ങി ചരിത്രവും, പുരാണവും, സാഹിത്യവും ഇടകലര്‍ന്ന വംശീയപ്രമാണസംഘാതങ്ങളെയാണ് അംബേദ്ക്കര്‍ പ്രാഥമികവിമര്‍ശനപാഠങ്ങളായി തിരഞ്ഞെടുക്കുന്നത്. അംബേദ്ക്കര്‍ മുന്നോട്ട് വയ്ക്കുന്ന ഗഹനമായ വിമര്‍ശനാവബോധം ഇന്ത്യയിലെ മര്‍ദ്ദിതജനതയെ ജ്ഞാനാത്മകമായി നവീകരിക്കുന്ന രാഷ്ട്രീയബോധമായി വികസിക്കുന്നു എന്നുള്ളിടത്താണ് അതിന്റെ സര്‍വ്വകാലിക പ്രസക്തി.
ചരിത്രം, സംസ്‌കാരം, മതം, സാമ്പത്തിക-ദര്‍ശനങ്ങള്‍, ദേശീയതാ സങ്കല്പങ്ങള്‍, ഭരണഘടനാമൂല്യങ്ങള്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലക്ക് വിന്യസിക്കപ്പെടുന്ന സമഗ്രമായ ജ്ഞാനാത്മക-വിമര്‍ശാവബോധമാണ് ദേശീയസ്വാതന്ത്ര്യസമരഘട്ടത്തില്‍ നിന്നുകൊണ്ട് അംബേദ്ക്കര്‍ ചിന്തകള്‍ പടര്‍ത്തിയത്. ഇന്ത്യയുടെ സമത്വസാഹോദര്യ ജനാധിപത്യ ഭാവിയെ കരുപിടിപ്പിക്കുന്ന ധൈഷണിക കേന്ദ്രമായി അത് പ്രവര്‍ത്തിക്കുന്നു. ഇന്ത്യയെ ബ്രാഹ്മണ്യസംസ്‌കാരത്തിന്റെ ഏകതാനതയില്‍ പ്രതിഷ്ഠിക്കുകയും ബഹുസ്വര മതേതരപാരമ്പര്യത്തിന് വെല്ലുവിളിയാകുകയും ചെയ്യുന്ന അധീശ സംസ്‌കാര/ വംശീയ ചിന്താധാരകളെ അത് നിരന്തരം പ്രതിക്കൂട്ടിലാക്കുന്നു.
അബേദ്ക്കറുള്‍പ്പെടെയുള്ളവര്‍ക്ക് നേരെ ബ്രിട്ടീഷ് കൊളോണിയല്‍ പക്ഷപാതിത്വം എന്ന ദേശീയവിരുദ്ധമായ ആരോപണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും, കൊളോണിയല്‍ വിരുദ്ധതയും ഭാരതീയ സംസ്‌കാരശുദ്ധിവാദവും മേലങ്കിയാക്കിയ ആദര്‍ശാത്മക ദേശീയമാതൃകകളായി സ്വയം അവരോധിക്കുകയും ചെയ്യുന്ന വിഷയികളും വിഷയങ്ങളും ഇവിടെ സൂക്ഷ്മതയോടെ അപഗ്രഥിക്കേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ യൂറോപ്പുമായി വംശീയഐക്യം പ്രഖ്യാപിച്ചുകൊണ്ട് കൊളോണിയല്‍ പക്ഷപാതിത്വം അലങ്കാരമാക്കിയത് ഹിന്ദുത്വ ദേശീയവാദികളാണ്. ആര്യന്‍മാര്‍ എന്ന വംശീയപാരമ്പര്യത്തിലൂടെ ഹിന്ദുദേശീയവാദികള്‍ പാശ്ചാത്യജനതയോട് സഹോദരത്വം പ്രഖ്യാപിക്കുന്നു. ഭൂതകാലത്തില്‍ വേരറ്റുപോയ സഹോദരന്‍മാരുടെ പുനഃസമാഗമമായിട്ടാണ് ബ്രിട്ടീഷുകാരുടെ ആഗമനത്തെ കേശബ്ചന്ദ്രസെന്‍ കണ്ടത്. സംസ്‌കാരത്തെ മുന്‍നിര്‍ത്തിക്കൊണ്ട് ഭൂഖണ്ഡാന്തര വംശീയബാന്ധവം കെട്ടിപ്പടുക്കുകയും കൊളോണിയലിസത്തെ ആശ്ലേഷിക്കുകയും ചെയ്ത വംശീയ ദേശീയവാദികളോടുള്ള സമഗ്രമായ പ്രതിരോധമാണ് അംബേദ്ക്കറിലെ ധൈഷണികത.
പൂര്‍ണ്ണരൂപം 2024 ഡിസംബർ ലക്കം പച്ചക്കുതിരയില്‍
ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍
ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബർ ലക്കം ലഭ്യമാണ്