DCBOOKS
Malayalam News Literature Website

കുട്ടികള്‍ക്കായി സനില്‍ പി.തോമസിന്റെ ‘കുട്ടിക്കളികള്‍’

മേല്‍ക്കൂരയില്ലാത്ത ക്ലാസ്‌റൂം എന്നാണ് കളിക്കളത്തെ കുറിച്ചു പറയുന്നത്. ജയിക്കാനുള്ള വാശിയും തോല്‍വി അംഗീകരിക്കാനുള്ള മനസും കളിക്കളത്തില്‍ വളര്‍ത്തിയെടുക്കുവാന്‍ കഴിയും. പക്ഷെ, പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കു പോലും കളികളില്‍ താത്പര്യം കുറയുന്നു. ടിവിയിലും കംപ്യൂട്ടറിലുമൊക്കെയാണ് അവരുടെ ശ്രദ്ധ. ഒരളവു വരെ മാതാപിതാക്കള്‍ അതിനവരെ പ്രേരിപ്പിക്കുന്നു. സനില്‍ പി തോമസ്‌ രചിച്ച കുട്ടിക്കളികള്‍ കുട്ടികളുടെ മനസിന് ഉണര്‍വ്വും ഉന്‍മേഷവും പകരുന്ന രസകരമായ കളികളെ കുറിച്ചാണ് പറയുന്നത്.

ആരോഗ്യമുള്ള മനസും ആരോഗ്യമുള്ള ശരീരവും കുട്ടികളില്‍ വേണമെങ്കില്‍ കളികള്‍ ആവശ്യമാണ്. ക്രിക്കറ്റിനും ഫുട്‌ബോളിനും മാത്രമായിരിക്കരുത് സ്ഥാനം. ശരീരത്തിന് ഉന്‍മേഷവും മനസിന് ഉണര്‍വും പ്രദാനം ചെയ്യുന്ന കളികള്‍ എത്രയോ ഉണ്ട്. അഞ്ചു വയസു മുതല്‍ പന്ത്രണ്ട് വയസു വരെയുള്ള കുട്ടികള്‍ക്കായുള്ള കളികളാണ് കുട്ടിക്കളികളില്‍ ഉള്ളത്. ചിലതെങ്കിലും കൗമാരക്കാര്‍ക്ക് ഉതകുന്നതു തന്നെ.

എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്ക് എളുപ്പത്തില്‍ കളിച്ചു പഠിക്കാവുന്ന എഴുപതു കളികള്‍. രസിക്കാനും ഉല്ലസിക്കാനുമായി ലളിതവും വ്യത്യസ്തവുമായ പലതരം കളികള്‍. കുട്ടികള്‍ക്കു തന്നെ വായിച്ചു പരീക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ലളിതമായ ഭാഷയിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്. ഡിസി ബുക്‌സ് 2003 നവംബറില്‍ മാമ്പഴം ഇംപ്രിന്റില്‍ പുറത്തിറക്കിയ കുട്ടിക്കളികളുടെ ആറാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

Comments are closed.