കുട്ടിച്ചാത്തന്‍; ബിജോയ് ചന്ദ്രന്‍ എഴുതിയ കഥ
സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍
ഭ്രാന്തന്മാരുടെ
വൃത്തത്തിന്റെ ഒത്ത
നടുക്ക് കുട്ടിച്ചാത്തൻ
നിലത്ത് പടിഞ്ഞ്
ഇരിക്കുകയാണ്.
ഒരു സ്വർണ്ണ മത്താപ്പ് പോലെ.
അല്ലെങ്കിൽ ഒരു
തീപ്പന്തംപോലെ
തെള്ളിയുടെ കറുത്ത പൊന്തപ്പടർപ്പിൽവെച്ച് കുട്ടിച്ചാത്തനെ കാണാതായതും സന്ധ്യ കൂടുതൽ ഇരുണ്ടുവന്നതും ഒരുമിച്ചായിരുന്നു.
“”എന്റെ പൊന്നു കുട്ടിച്ചാത്താ, വെറുതേ കളിക്കല്ലേട്ടോ…”
ഞാൻ എന്റെ വിറയൽ മറച്ചുവെക്കാൻവേണ്ടി അല്പം ഒച്ചകൂട്ടി പറഞ്ഞു. ഇരുട്ട് ഒരു വലിയ പാത്രത്തിലേക്ക് എന്നതുപോലെ തെള്ളിയെ പൊതിഞ്ഞ കാടിന്റെ ഹൃദയത്തിൽ വീണ് നിറഞ്ഞുകൊണ്ടിരുന്നു. ഞാൻ കുറ്റിരുട്ടിലേക്ക് ചെവി ചേർത്തുവെച്ചു. ചാത്തന്റെ മറുപടി ഒന്നും പുറത്തുവരുന്നില്ല. പൊന്തയ്ക്കുള്ളിലേക്കു രണ്ടും കല്പിച്ച് ഒന്നു തലയിട്ടു നോക്കി. ഇല്ല, കണ്ണുകൾ കഴിയുന്നത്ര കൂർപ്പിച്ച് പിടിച്ചിട്ടും പച്ചയിരുട്ടല്ലാതെ ഒരു വകയും കാണാനില്ല.
വീടിനു പിന്നിലെ ചെറിയ പണിയിടങ്ങൾക്കപ്പുറത്ത് തെക്കേ കുടിയിലേക്ക് ഇരുട്ട് പൊത്തിപ്പിടിച്ച് ഒതുങ്ങി മാറിനിന്ന പെരുങ്കാടിനെയാണ് ഞങ്ങൾ തെള്ളി എന്നു വിളിച്ചത്. മുതുക്കൻ കാട്ടുമരങ്ങളും കാഞ്ഞിരവുമെല്ലാം വളർന്നു പെരുകി പിരിയൻ ഞവരവള്ളികൾ കൊണ്ട് കെട്ടിപ്പിണഞ്ഞുനിന്ന തെള്ളിയിലേക്കു പകൽപോലും ആരുംതന്നെ കടന്നുചെല്ലാറില്ല. അവിടെ കാരണവന്മാരുടെ ചില കുടിയിരിപ്പുകളുണ്ടായിരുന്നു. പത്താമുദയത്തിന് വീട്ടിലെ മൂത്ത കാരണവർ അവിടെ പോയി വിളക്കു വെച്ചിരുന്നു. വേനലിൽ കട്ടച്ചുവപ്പുള്ള ചില പൂക്കൾ തെള്ളിയിലെ വൻമരങ്ങൾക്കുമേലേ പന്തലിച്ച വള്ളികളിൽ കത്തിപ്പടർന്നു കിടന്നു. യക്ഷിയുടെ ഇടതൂർന്ന മുടിക്കുല പോലെ അത് അഴിഞ്ഞുലഞ്ഞ് താഴേക്കു വിടർന്നു കിടന്നു. അകലെ നിന്നു നോക്കിയാൽ തീയാളും പോലെ അപ്പോൾ ആ കാട് കാണപ്പെട്ടു. അതുകൊണ്ടാണ് ഞങ്ങളതിനെ തെള്ളി എന്നു വിളിച്ചത്. ആഭിചാരക്രിയയിൽ എരിയുന്ന തീയിലേക്കു തെള്ളിപ്പൊടി എറിയുമ്പോൾ പെരുങ്കാളിയെപ്പോലെ തീ പെരുകിക്കയറുന്ന ഏതോ പാതിരാവിന്റെ ഓർമ്മ ആ വിളിപ്പേരിൽ മഷിക്കാഴ്ച്ച പോലെ തെളിഞ്ഞുവരും. ഒളിച്ചുകളിക്കാൻവേണ്ടിയാണ്, ഞാൻ വേണ്ടെന്നു പറഞ്ഞിട്ടും കുട്ടിച്ചാത്തൻ എന്നെയുംകൊണ്ട് ആ വൈകുന്നേരം തെള്ളിക്കാട്ടിലെത്തിയത്. പക്ഷേ, പെട്ടെന്ന് ഒരു മിന്നായംപോലെ അവനെ കാണാതായതോടെ ഞാൻ തെള്ളിയുടെ അന്തിമയക്കത്തിൽ പകച്ചുനിന്നു.
ചില പേടിപ്പെടുത്തുന്ന തോന്നലുകൾ അന്നേരം എന്റെയുള്ളിൽ ചിറകനക്കാൻ തുടങ്ങി. അത് പതിവാണ്. നെടുകേ വളർന്നു നിൽക്കുന്ന കുടപ്പനകൾ ഇലകൾ വിരുത്തി തമ്മിലുരുമ്മി അരം കൊണ്ട് ഇരുമ്പിൽ രാകുന്ന ഒരൊച്ച കേൾപ്പിച്ചു. കാഞ്ഞിരത്തിന്റെ മേലാപ്പിൽനിന്നും കായകൾ കാട്ടുമരങ്ങൾക്കിടയിലൂടെ അടരുന്ന ശബ്ദവും. ഏറ്റവും മ്ലാനമായ ഒരു നിഴൽ വിടർത്തിയുള്ള കരിങ്കൂവളത്തിന്റെ നിസ്സംഗമായ ആ നില്പും. ഇനിയിന്ന് ഈ കളി തുടർന്നാൽ പന്തിയാവില്ല.
“”കുട്ടിച്ചാത്താ, എറങ്ങിപ്പോരേ വേഗം… നിന്റെ തമാശ തെള്ളീല് വേണ്ട.” ഞാൻ വീണ്ടും വിളിച്ചു പറഞ്ഞു.
കുട്ടിച്ചാത്തന്റെ അനക്കമൊന്നും കേൾക്കാനില്ല.
പൂര്‍ണ്ണരൂപം 2024 സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്
Comments are closed.