ലിഥിയം പരിശോധന വേണോ പൊലീസ് സേനയില്‍ അംഗമാകാന്‍; ചര്‍ച്ചയായി ഐപിഎസ് ഡയറിക്കുറിപ്പ്
ശ്രീ എന്‍ രാമചന്ദ്രന്‍ ഐപിഎസിന്റെ ‘കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങള്‍’എന്ന
പുസ്തകത്തിന് ജി പ്രമോദ് എഴുതിയ വായനാനുഭവം.
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അവരുടെ സഹപ്രവര്‍ത്തകന്‍ അടുത്ത കാലത്ത് മാരകായുധമുപയോഗിച്ച് വെട്ടിവീഴ്ത്തി പെട്രോള്‍ ഒഴിച്ചു തീവച്ചുകൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെ കേട്ടത് സാധാരണ കേരള ജനത മാത്രമല്ല ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമാണ്.
ഈ സംഭവത്തെ അത്യപൂര്‍വമാക്കിയത് മൂന്നു കാര്യങ്ങള്‍. കേരള പൊലീസിലെ മികച്ച പരിശീലനം ലഭിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് നിഷ്ഠുര കൃത്യം നിര്‍വഹിച്ചത്. പൊലീസ് പരിശീലന കേന്ദ്രത്തിലെ പരിശീലകനായിരുന്നു കേട്ടുകേള്‍വിയില്ലാത്ത കൊലപാതകത്തിനു പിന്നില്‍. ഇയാള്‍ പരിശീലനം നല്‍കിയ വ്യക്തിയെത്തന്നെയാണ് കൊലക്കത്തിക്ക് ഇരയാക്കിയത്. ഈ മൂന്നു വസ്തുതകളും സാധാരണക്കാരേക്കാളും അസ്വസ്ഥരാക്കിയത് പൊലീസ് നേതൃത്വത്തെക്കൂടിയാണ്. അവരുടെ കൂട്ടത്തിലുണ്ട് എന്‍.രാമചന്ദ്രന്‍ ഐപിഎസ്; കേരളം കണ്ട മികച്ച കുറ്റാന്വേഷണ ഉദ്യോഗസ്ഥരിലൊരാള്‍.
കേരളത്തില്‍ വിവാദം സൃഷ്ടിച്ച സൂര്യനെല്ലി പീഡനക്കേസ് ഉള്‍പ്പെടെ ഒട്ടേറെ കുറ്റകൃത്യങ്ങളുടെ അന്വേഷണച്ചുമതല വിജയകരമായി പൂര്‍ത്തിയാക്കിയ പൊലീസ് ഉദ്യോഗസ്ഥനാണ് രാമചന്ദ്രന്‍ ഐപിഎസ്. കേസ് അന്വേഷണത്തിലെ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന നിര്‍ണായക നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്ന പൊലീസ് ഡയറിയില്‍ പൊലീസുകാരന്‍ തന്നെ പ്രതിയായ സംഭവത്തിന്റെ അപൂര്‍വതയും പ്രധാന്യവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്; ഒപ്പം പരിഹാരവും.
പൊലീസിന് ദിശാബോധം നഷ്ടപ്പെട്ടോ എന്നു ചോദിക്കുന്ന രാമചന്ദ്രന്‍ ഐപിഎസ് സേനയെ കളങ്കങ്ങളില്ലാതാക്കി മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ശാസ്ത്രീമായി അപഗ്രഥിക്കുന്നു. കായികക്ഷമതയും ബുദ്ധിശക്തിയും പരിശോധിക്കുന്നതിനൊപ്പം ഉദ്യോഗാര്‍ഥികളുടെ മാനസിക നിലയും പരിശോധിച്ചുവേണം സേനയില്‍ അംഗങ്ങളാക്കാന്‍ എന്നാണ് അദ്ദേഹത്തിന്റെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ഇതിനുള്ള ഒരു മാര്‍ഗമാണ് ലിഥിയം പരിശോധന.
മനുഷ്യരുടെ മാനസിക ആരോഗ്യത്തില്‍ രക്തത്തിലുള്ള ലിഥിയത്തിന്റെ അളവിനു പ്രസക്തിയുണ്ട്. താഴ്ന്ന ലിഥിയം ലെവലുള്ള വ്യക്തി കുറ്റം ചെയ്യാനുള്ള പ്രവണതയും ആത്മഹത്യാ സ്വഭാവവും വലിയ അളവില്‍ കാണിക്കുമെന്നു തെളിയിച്ചിട്ടുണ്ട് ശാസ്ത്രീയ പരീക്ഷണങ്ങള്‍. അതിനാല്‍, പൊലീസ് സേനയിലേക്ക് തിരഞ്ഞെടുക്കുന്നതിനുമുന്‍പ് വ്യക്തികളിലുള്ള
ലിഥിയത്തിന്റെ അളവ് പരിശോധിച്ചറിഞ്ഞ് അയാള്‍ക്ക് സേനയില്‍ ജോലി ചെയ്യാന്‍ പ്രാപ്തിയുണ്ടോയെന്ന് മനസ്സിലാക്കണം എന്നാണ് രാമചന്ദ്രന്റെ നിര്‍ദേശം. കുറ്റം ചെയ്യുന്ന പൊലീസുകാരെ പിരിച്ചുവിട്ടതുകൊണ്ടോ നിയമ നടപടികള്‍ എടുത്തതുകൊണ്ടോ ശാശ്വത പരിഹാരം ഉണ്ടാകില്ലെന്നും അദ്ദേഹം തെളിവുകള്‍ നിരത്തി വാദിക്കുന്നു.
കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന പൊലീസ് ഡയറിയില്‍ കേരളത്തെ ആശങ്കയിലാഴ്ത്തിയ ഒട്ടേറെ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും അണിയറക്കഥകളുണ്ട്. സമര്‍പ്പണവും സന്‍മനസ്സുമുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സങ്കീര്‍ണമായ പല കേസുകള്‍ക്കും തുമ്പുണ്ടാക്കി പ്രതികളെ അഴികള്‍ക്കകത്താക്കിയതിന്റെ ഉദ്വേഗജനകമായ കഥകള്‍. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാര്‍ക്കും വിലപ്പെട്ട പാഠമാണ് ഈ പൊലീസ് ഡയറി.
കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരുടെ മനസ്സ് പഠിക്കാനും അവരെ ക്രൂരകൃത്യങ്ങളിലേക്ക് നയിച്ച വികാരങ്ങള്‍ മനസ്സിലാക്കാനും എന്നും ശ്രമിച്ചിട്ടുണ്ട് രാമചന്ദ്രന്‍. പേടി തോന്നിപ്പിക്കുന്നതിനു പകരം കഴിവും സത്യസന്ധതയും സ്വഭാവ മഹിമയുമാണ് ഉദ്യോഗസ്ഥര്‍ക്കുവേണ്ടതെന്ന സത്യം ഉദ്യോഗ കാലയളവില്‍ തെളിയിച്ചു വിജയിപ്പിച്ച അപൂര്‍വ വ്യക്തി. കളങ്കമില്ലാതെ ജോലി ചെയ്ത്, തിന്‍മയില്ലാതെ ജീവിച്ച് സന്തോഷവും സംതൃപ്തിയും നേടുന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് അദ്ദേഹത്തിന്റെ ജീവിതം. അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള കഴിവുകള്‍ക്കുപുറമെ സാഹസികതയും അന്വേഷണ മനോഭാവവും മനുഷ്യത്വത്തോടുള്ള സമര്‍പ്പണവുമാണ് അദ്ദേഹത്തെ കേരളത്തിലെ എണ്ണപ്പെട്ട കുറ്റാന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളാക്കി മാറ്റിയത്. ഓരോ കേസും അദ്ദേഹം ഇഴപിരിച്ചെടുക്കുന്നത് ആകാംക്ഷയോടും ഉത്കണ്ഠയോടും കൂടി മാത്രമേ വായിക്കാനാവൂ. അമേരിക്കയില്‍ രാമചന്ദ്രന്‍ നടത്തിയ യാത്രകളുടെ അനുഭവങ്ങളും പൊലീസ് ഡയറിയെ വിലപ്പെട്ടതാക്കുന്നു.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
കടപ്പാട്; മനോരമ ഓണ്‍ലൈന്‍
Comments are closed.