DCBOOKS
Malayalam News Literature Website

‘ഖുഷി’ കുട്ടികള്‍ക്കായുള്ള പരിസ്ഥിതി നോവല്‍

കുട്ടികള്‍ക്കായി ഗള്‍ഫ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ടിട്ടുള്ള ആദ്യ പരിസ്ഥിതി നോവലാണ് സാദിഖ് കാവിലിന്റെ ഖുഷി. ഖുഷി എന്ന പൂച്ചക്കുട്ടിയും ജയ് എന്ന ബാലനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ നോവലില്‍ പറയുന്നത്. ഭൂമിയേയും അതിലെ ജീവജാലങ്ങളേയും കുറിച്ചുള്ള ആശങ്കകള്‍ എഴുത്തുകാരന്‍ ഈ കൃതിയിലൂടെ വായനക്കാരുമായി പങ്കുവെക്കുന്നു.

ഫ്ലാറ്റിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ പെട്ടുപോകാന്‍ വിധിയ്ക്കപ്പെട്ട നമ്മുടെ കുട്ടികള്‍ക്ക് പ്രകൃതി എന്നാല്‍ ബാല്‍ക്കണിയിലെ ഒരു ചെടിച്ചട്ടിയും ആകാശമെന്നാല്‍ ഒരു ജനാലക്കാഴ്ചയുമായി മാത്രം ചുരുങ്ങിപ്പോകുന്ന കാലത്ത് അവര്‍ക്ക് പ്രകൃതിയുടെ അനന്തവൈവിധ്യവും വിശാലതയും പറഞ്ഞുകൊടുക്കാനും അവരില്‍ പാരിസ്ഥിതികബോധം വളര്‍ത്താനുമുള്ള അക്ഷരശ്രമമാണ് സാദിഖ് കാവിലിന്റെ ഈ നോവലെന്ന് പ്രശസ്ത എഴുത്തുകാരനായ ബെന്യാമിന്‍ കുറിയ്ക്കുന്നു. ബാല്യവും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ അതിമനോഹരമായാണ് ഈ നോവലില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

കാസര്‍ഗോഡ് സ്വദേശിയായ സാദിഖ് കാവില്‍ ഗള്‍ഫില്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്യുകയാണ്. ഔട്ട്പാസ്, കന്യപ്പാറയിലെ പെണ്‍കുട്ടി, ജീവിതത്തില്‍ നല്ലൊരു ഭാഗം, പ്രിയ സുഹൃത്തിന് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔട്ട്പാസ് എന്ന നോവലിന് പ്രവാസി ബുക്ക് ട്രസ്റ്റ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഡി.സി ബുക്‌സ് മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഖുഷി 2017ലാണ് പുറത്തിറങ്ങിയത്. ഖുഷിയുടെ രണ്ടാം പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്കായി ലഭ്യമാണ്.

Comments are closed.