കുഞ്ഞാമനും ദലിത് സമൂഹവും: കെ.എം. സലിംകുമാര്‍
ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍
തന്റെ വ്യക്തിജീവിതത്തെ മാറ്റിമറിച്ചത് സാമ്പത്തിക സ്വാതന്ത്ര്യമല്ല വിദ്യാഭ്യാസ സ്വാത ന്ത്ര്യമാണെന്ന സ്വാനുഭവത്തെ മറച്ചുവെക്കുകയും ലോകത്തെ മാറ്റിമറിക്കാനായി മനുഷ്യന്‍ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസമെന്ന സാമൂഹ്യാനുഭവത്തെ നിരാകരിക്കുകയുമാണ് കുഞ്ഞാമന്‍. സാമ്പത്തികസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയല്ല സഞ്ചാരസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയാണ് കേരളത്തിലെ ദലിതര്‍ ചരിത്രനിര്‍ മ്മാണത്തിലേക്കു പ്രവേശിച്ചത്.
ഇന്നും ദലിതരും ആദിവാസികളും കാര്യങ്ങളെ വസ്തുനിഷ്ഠമായി നോക്കിക്കാണുന്നില്ലെന്നും സാമുദായികവും വൈകാരികവുമായിട്ടാണ് കാണുന്നതെന്നും, ഭൗതികമായ കാഴ്ച്ചപ്പാടിൽ ദലിതരും പാവപ്പെട്ട സവർണരും തമ്മിൽ വ്യത്യാസമില്ലെന്നും, ദലിതരും സവർണരും തമ്മിലല്ല ദലിതരും പിന്നാക്കക്കാരും തമ്മിലാണ് പ്രശ്നമെന്നും, ഇന്ന് ബ്രാഹ്മണിസം നിലനിർത്തുന്നതും പ്രാവർത്തികമാക്കുന്നതും സവർണരല്ല ദലിത്-ആദിവാസി-പിന്നാക്കവിഭാഗങ്ങളാണെന്നുമാണ് കുഞ്ഞാമൻ വിശ്വസിക്കുന്നത്. കുഞ്ഞാമന് ഒരിക്കലും പരിഹരിക്കാൻ കഴിയാതെപോയ ബൗദ്ധികപ്രതിസന്ധിയായിരുന്നു ഇത്. വർഗസ്വത്വം കൈവിടാൻ കഴിയാതിരുന്നതുപോലെ ദലിത് സ്വത്വം ഉൾക്കൊള്ളാനും കഴിയാതെപോയൊരു ബൗദ്ധിക ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയ ബൗദ്ധിക ജീവിതത്തിലും കുടുംബജീവിതത്തിലും ഒറ്റപ്പെട്ടുപോയ കുഞ്ഞാമന്റെ അവസാനനാളുകളിൽ നിത്യസന്ദർശകയും സഹായിയുമായിരുന്ന ഡോ. ശാലിനി, മരണശേഷം സാമൂഹ്യമാധ്യമത്തിൽ എഴുതിയ ഓർമ്മക്കുറിപ്പിൽ പറയുന്നൊരു കാര്യം ശ്രദ്ധേയമാണ്. ദലി
ത്ചിന്തകൻ/ദലിത്ചിന്തക, ദലിത്പ്രഭാഷകൻ/ദലിത്പ്രഭാഷക, ദലിത്അദ്ധ്യാപകൻ/ദലിത്അദ്ധ്യാപിക, ദലിത്ഫെമിനിസ്റ്റ് എന്നിങ്ങനെ പറയുന്നത് തെറ്റല്ലേ എന്ന ചോദ്യത്തിന് കുഞ്ഞാമൻ പറഞ്ഞ മറുപടി: “ഞാനത് ഇഷ്ടപ്പെടുന്നില്ലെന്നും ഒരു വേദിയിൽ ഇത്തരം വാക്കുകൾ സംബോധന ചെയ്യപ്പെട്ടാൽ ഒന്നും പറയാതെ ഞാൻ ഇറങ്ങിപ്പോകും, ഞാനൊരു അക്കാദമിക് ആണ്” എന്നാണ്. താൻകൂടി അംഗമായ സമുദായമാണ് ദലിത് എന്ന വസ്തുതയും ദലിത് ആക്ടിവിസ്റ്റ് എന്ന പ്രയോഗവും അംഗീകരിക്കുന്നുവെന്നല്ലാതെ കുഞ്ഞാമൻ ഒരിക്കലും ദലിത് ആശയലോകത്തെ അംഗീകരിച്ചിരുന്നില്ല.
ജാതിയെ പ്രശ്നവത്കരിച്ചുകൊണ്ടുള്ള സാമൂഹിക വിശകലനം സാധ്യമാകാതെ പോയതുകൊണ്ട് വർണജാതി വ്യവസ്ഥയ്ക്കെതിരായ പോരാട്ടങ്ങളിലൂടെ അയിത്ത ജാതിക്കാർ ഉണ്ടാക്കിയ സാമൂഹ്യമാറ്റത്തെയും നേട്ടങ്ങളെയും കുഞ്ഞാമന് അംഗീകരിക്കാനാവുന്നില്ല. കുഞ്ഞാമൻ തുല്യതയുടെ വക്താവാണ്. പ്രത്യകപരിഗണനയുടെ വിമർശകനും. ഭരണഘടനയുടെ വിമർശകനായി കുഞ്ഞാമൻ മാറുന്നതിന്റെ കാരണങ്ങളിലൊന്ന് അത് വിഭാഗങ്ങളെ ഉൾക്കൊള്ളുന്നുവെന്നതാണ്. ജനപ്രതിനിധികൾ വിഭാഗങ്ങളെയല്ല വ്യക്തികളെയാണ് പ്രതിനിധീകരിക്കേണ്ടത് എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്, വ്യക്തിയുടെ യോഗ്യത (merit) ആണ് പരിഗണിക്കേണ്ടത്. അധഃകൃത–പാർശ്വവത്കൃത സമൂഹങ്ങൾ അർഹിക്കുന്നത് പ്രത്യേക പരിഗണനയല്ല, തുല്യപരിഗണനയാണ്. പ്രത്യേക സാമൂഹികവിഭാഗങ്ങൾക്ക് പ്രത്യേക വികസന പദ്ധതികളും പ്രത്യേക േക്ഷമപ്രവർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കുന്നത് വികലവും അപകടകരവുമാണ്. ഇത്തരം പദ്ധതികൾ വിഭാഗീയത ഉണ്ടാക്കും. മറ്റുള്ളവരുമായി മത്സരിച്ച് ശക്തിയുടെ അടിസ്ഥാനത്തിൽ മുന്നേറുവാനുളള വാശി ഇല്ലാതാക്കും. ദലിത്‌സ്വത്വം ആനുകൂല്യങ്ങൾക്കു വേണ്ടിയാണ്. സംവരണം അവകാശമല്ല, ആനുകൂല്യമാണ്. എസ് സി–എസ് ടി രാഷ്ട്രീയ പ്രാതിനിധ്യം യാന്ത്രികമാണ്. രാഷ്ട്രീയസംവരണം ജനാധിപത്യവൈകൃതമാണ്. പ്രാതിനിധ്യവും പങ്കാളിത്തവും കിട്ടിയെങ്കിലും അധഃസ്ഥിത സമൂഹത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തിയായി മാറുവാനോ അവരുടെ മോചനത്തിന് വഴിയൊരുക്കുവാനോ സംവരണത്തിന് കഴിഞ്ഞില്ല. ഇങ്ങനെ പോകുന്നു കുഞ്ഞാമന്റെ തുല്യതാസങ്കല്പത്തിന്റെ വ്യാഖ്യാനങ്ങൾ.
ഭരണഘടന നിയമനിർമ്മാണ സഭയുടെ അവസാന യോഗത്തിൽ സഭയുടെ അധ്യക്ഷനെന്ന നിലയിൽ 1949 നവംബർ 25-ന് നടത്തിയ പ്രസംഗത്തിൽ ഡോ. ബി.ആർ. അംബേദ്കർ പറയുന്നൊരു കാര്യമുണ്ട് “ഞാൻ ഭരണഘടനാ നിർമ്മാണ സഭയിലെത്തിയത് പട്ടികജാതികളുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ഉത്കടമായ ആഗ്രഹത്തോടെയാണ്. അതായിരുന്നു സുപ്രധാന ലക്ഷ്യം” ആ ലക്ഷ്യത്തിന്റെ ഉൾച്ചേരൽ ഭരണഘടനയുടെ ദലിത് ഭാഷ്യമാണ്. പ്രത്യേക പരിഗണനയിലിലൂടെ തുല്യപരിഗണനയിലെത്തുന്ന ഇന്ത്യൻഡെമോക്രസിയുടെ ദലിത് ഭാഷ്യം. അംബേദ്കറുടെ ലക്ഷ്യം അറിയാത്തവരായിരുന്നില്ല അദ്ദേഹത്തെ ഭരണഘടനാ നിർമ്മാണസഭയുടെ അധ്യക്ഷനാക്കിയത്. ഹിന്ദുവിന്റെ പ്രത്യേകാവകാശം ബ്രാഹ്മണാധിപത്യത്തിന്റെയും ദലിതരുടെ പ്രത്യേകാവകാശം ജനാധിപത്യരാഷ്ട്രീയാധികാരഘടനയിലെ പങ്കാളിത്തത്തിന്റെയും പ്രശ്നമാണെന്ന് അംബദ്കർ മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. ദൗർഭാഗ്യവശാൽ ഈ രാഷ്ട്രീയ ജനാധിപത്യ ഉൾക്കാഴ്ചയെയാണ് കുഞ്ഞാമൻ രാഷ്ട്രീയവൈകൃതം എന്ന് വിശേഷിപ്പിക്കുന്നത്.യോഗ്യതയും കാര്യക്ഷമതയും (efficiency) മാത്രമല്ല, അയിത്ത ജാതിക്കാരുടെ സാമുദായിക പ്രാതിനിധ്യവും ഉറപ്പാക്കപ്പെട്ടുവെന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രത്യേകത.
കുഞ്ഞാമന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
പൂര്‍ണ്ണരൂപം 2024 ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഓഗസ്റ്റ് ലക്കം ലഭ്യമാണ്
Comments are closed.