DCBOOKS
Malayalam News Literature Website

കുഞ്ഞാമനും ദലിത് സമൂഹവും: കെ.എം. സലിംകുമാര്‍

ജൂലൈ ലക്കം പച്ചക്കുതിരയില്‍

തന്റെ ബൗദ്ധിക ജീവിതത്തില്‍ കുഞ്ഞാമന്‍ ഒരിക്കലും ദലിതനായിരുന്നില്ല. ഏതെങ്കിലും ബാഹ്യശക്തികളുടെ സ്വാധീനമായിരുന്നില്ല. മുന്‍ഗാമികളും സമകാലീനരുമായ ദലിത് ബൗദ്ധികാന്വേഷകര്‍ സഞ്ചരിക്കുന്ന പാതയിലേക്ക് പ്രവേശിക്കുവാനുള്ള വിമുഖതയായിരുന്നു അതിന്റെ കാരണം. അക്കാദമിഷന്‍ എന്ന നിലയില്‍ തന്റെ വ്യക്തിസ്വത്വത്തെ ഏതെങ്കിലുമൊരു വിഭാഗത്തോട് ചേര്‍ത്തുവയ്ക്കുവാന്‍ കുഞ്ഞാമന്‍ ഇഷ്ടപ്പെട്ടില്ല: ഡോ. എം. കുഞ്ഞാമന്റെ നിലപാടുകളെ വിശകലനം ചെയ്യുന്നു.

ഡോ. എം. കുഞ്ഞാമന്‍ ആരായിരുന്നുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്നും എഴുത്തുകളില്‍നിന്നും ജീവിതത്തില്‍നിന്നും ആര്‍ക്കും മനസ്സിലാക്കാമെന്നിരിക്കെ ചിലര്‍ തങ്ങളുടെ ഭാവനയ്ക്കും താത്പര്യങ്ങള്‍ക്കുമനുസരിച്ച് അദ്ദേഹത്തെ വ്യാഖ്യാനിക്കുകയും ദലിത് പ്രവര്‍ത്തനമണ്ഡലത്തിന് മുകളില്‍ പ്രതിഷ്ഠിക്കുവാന്‍ ശ്രമിക്കുകയുമാണ്. പ്രാഥമിക വിദ്യാഭ്യാസംപോലുമില്ലാതിരുന്ന സി. കെ. Pachakuthira Digital Editionജാനുവിനെ ആദിവാസികള്‍ക്കും ദലിതര്‍ക്കും മുകളില്‍ ഒരു ബിംബമായി പ്രതിഷ്ഠിക്കുവാന്‍ ശ്രമിച്ചതുപോലെ. കേരളത്തിലെ സിവില്‍ സൊസൈറ്റി ദലിത് രാഷ്ട്രീയത്തിനെതിരേ നടത്തുന്ന ഒളിയുദ്ധമാണിത്.

മരണത്തിനു പിന്നാലെ 2023 ഡിസംബര്‍ 17-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മാദ്ധ്യമപ്രവര്‍ത്തകനായ കെ. എ. ജോണി ‘കരുണയും ധിക്കാരവും’ എന്ന പേരില്‍ കുഞ്ഞാമനെക്കുറിച്ചെഴുതിയ ലേഖനത്തില്‍ അദ്ദേഹത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്: ‘1980 കളില്‍ ഉയര്‍ന്നുവന്ന നവദലിത് രാഷ്ട്രീയത്തിന് കേരളത്തില്‍ ശക്തമായൊരു ബൗദ്ധികാടിത്തറ തീര്‍ക്കുന്നതില്‍ കുഞ്ഞാമന്‍ വഹിച്ച പങ്ക് നിസ്തുലവും നിര്‍ണ്ണായകവുമാണ്. കാസ്റ്റ് ഹയറാര്‍ക്കിയെ തകര്‍ക്കുന്ന ഈ രാഷ്ട്രീയമാണ് കഴിഞ്ഞ പതിറ്റാണ്ടുകളില്‍ മുന്നോട്ടുനടക്കാന്‍ മലയാളികള്‍ക്ക് തുണയായ സുപ്രധാനമായൊരു ഘടകം.’ ശ്രദ്ധേയമായൊരു കാര്യം ഈ വിലയിരുത്തലുമായി ബന്ധപ്പെട്ട് യാതൊരു വസ്തുതയും ചൂണ്ടിക്കാട്ടപ്പെട്ടില്ല എന്നതാണ്. സമാനമായി സോഷ്യല്‍ മീഡിയായില്‍ ദലിത് പ്രവര്‍ത്തനമണ്ഡലത്തില്‍നിന്ന് സണ്ണി എം. കപിക്കാട് എഴുതിയത് ‘കേരളത്തിലെ ദലിത് ബുദ്ധിജീവികള്‍ പറഞ്ഞു പരത്തിയത് കുഞ്ഞാമന്‍ ദാരിദ്ര്യത്തെ ആഘോഷിച്ച ആളാണെന്നും അവര്‍ക്കൊന്നും കുഞ്ഞാമന്റെ അടുത്തിരിക്കാന്‍പോലും യോഗ്യതയില്ലെന്നും കുഞ്ഞാമന്‍ അപമാനമാണെന്നു പറഞ്ഞ ദലിത് ബുദ്ധിജീവികള്‍ പണ്ട് നക്സലൈറ്റുകളായി നടന്നവരാണെ’ന്നുമാണ്. ഈ ബുദ്ധിജീവികളുടെ പേര് വെളിപ്പെടുത്താന്‍ സോഷ്യല്‍ മീഡിയയില്‍തന്നെ ദലിത് പ്രവര്‍ത്തകനായ സി.എസ്. മുരളി ആവശ്യപ്പെട്ടുവെങ്കിലും സണ്ണി അതിന് തയ്യാറായില്ല.

ആശയങ്ങള്‍ കെട്ടുപിണഞ്ഞുകിടക്കുന്നതുകൊണ്ട്, അവയെ വേര്‍തിരിച്ചെടുത്തു പരിശോധിക്കുക എളുപ്പമല്ലെന്നു സൂചിപ്പിച്ചുകൊണ്ട് കെ. വേണു, കുഞ്ഞാമന്റെ ചിന്തയും നിലപാടുകളും വ്യക്തമാക്കിക്കൊണ്ട് രചിച്ച ‘എതിര്‘ എന്ന കൃതിക്ക് എഴുതിയ അവതാരികയുടെ Textഅവസാനഭാഗത്ത് പറയുന്നൊരു കാര്യം ശ്രദ്ധേയമാണ്. ‘സാമൂഹ്യസാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചുള്ള അവ്യവസ്ഥിതമായ ഒരു ചര്‍ച്ചയുടെ രൂപത്തിലേക്ക് ഈ കൃതിയുടെ ഉള്ളടക്കം മാറുന്നുണ്ട്.’ ഈ അവ്യവസ്ഥയില്‍നിന്ന് ഏതാനും വിഷയങ്ങള്‍ തിരഞ്ഞെടുത്താണ് അദ്ദേഹം കൃതിയെക്കുറിച്ച് ചില അഭിപ്രായങ്ങള്‍ പറയുന്നത്. വിദ്യാഭ്യാസകാലത്തെ ചില സംഘര്‍ഷങ്ങളും നേട്ടങ്ങളും ഔദ്യോഗിക ജീവിതത്തിലെ ഉയര്‍ച്ചയും മാറ്റിനിര്‍ത്തിയാല്‍ ആഗോളവത്കരണം ദലിതര്‍ക്ക് ഗുണമായിരുന്നുവെന്ന കുഞ്ഞാമന്റെ നിരീക്ഷണംമാത്രമാണ് ‘ശ്രദ്ധേയം’ എന്നാണ് വേണു വിശേഷിപ്പിക്കുന്നത്. കുഞ്ഞാമന്റെ സാമ്പത്തിക നിലപാടുകളോട് വിയോജിക്കുന്ന വേണു കമ്മ്യൂണിസ്റ്റ് വിരുദ്ധനായൊരു മുന്‍ കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ സൈദ്ധാന്തിക സൂക്ഷ്മതയോടെയാണോ കുഞ്ഞാമന്‍ മാര്‍ക്സിസത്തെ അംഗീകരിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നത് എന്ന സന്ദേഹം ഉയര്‍ത്തുന്നുണ്ട്. വിചിത്രമായൊരു കാര്യം അവ്യവസ്ഥിതമായ ചര്‍ച്ചയുടെ രൂപത്തിലുള്ള ഉള്ളടക്കത്തെക്കുറിച്ചും വേര്‍തിരിച്ചെടുക്കാനാവാത്തവണ്ണം കെട്ടുപിണഞ്ഞുകിടക്കുന്ന ആശയങ്ങളെക്കുറിച്ചും പറയുന്ന കെ. വേണുവിന് ‘ദലിത് സമൂഹത്തില്‍പെട്ടവര്‍ക്കുമാത്രമല്ല, പ്രതിസന്ധികള്‍ നേരിടുന്ന എല്ലാവര്‍ക്കും ഈ കൃതി പ്രചോദനമായിത്തീരു’ മെന്ന് പറയുവാന്‍ എങ്ങനെ കഴിഞ്ഞുവെന്നതാണ്. മറ്റൊരു പ്രഹേളിക പരാജയപ്പെടുത്തപ്പെട്ട, വ്യവസ്ഥിതിയാല്‍ നിസ്സഹായനാക്കപ്പെട്ട ഒരാളുടെ വിചാരങ്ങളാണ് തന്റെ ചിന്തയും നിലപാടുകളും എന്ന് കുഞ്ഞാമന്‍ പറയുമ്പോള്‍, ‘ക്രൂരമായ ഒരു സംവിധാനത്തിന് കീഴടങ്ങാതെ അതിനോട് പൊരുതിക്കൊണ്ടിരിക്കുന്ന ഒരാളാണ് കുഞ്ഞാമ’നെന്ന ‘എതിര്ന്റെ എഡിറ്റര്‍ കെ. കണ്ണന്റെ വാക്കുകളാണ്.

കുഞ്ഞാമന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂര്‍ണ്ണരൂപം 2024 ജൂലൈ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്‌

 

 

Comments are closed.