ചതിയുടെയും ഉപജാപങ്ങളുടെയും ഒളിപ്പോരിന്റെയും ചോര വീണ ചരിത്രം
1497 മാര്‍ച്ച് 25. സാവോ ഗബ്രിയേല്‍, സാവോ റാഫേല്‍, സാവോ ബെറിയോ എന്നീ കപ്പലുകള്‍ പോര്‍ച്ചുഗലിലെ ബെലെം തുറമുഖത്തുനിന്നു യാത്ര തുടങ്ങുമ്പോള്‍ ശാന്തമായിരുന്നു ‘കാലിക്കൂത്തി’ലെ കടലും കടല്‍ത്തീരവും. ഒരു വര്‍ഷത്തിനുശേഷം 1498 മേയ് 17 ന് സൈന്‍സ് പട്ടണത്തിലെ എസ്തേവാഡ ഗാമയുടെയും ഇസബെല്‍ സോദ്രയുടെയും മകന്‍ വാസ്കോ ഡ ഗാമ കാലിക്കൂത്ത് തുറമുഖത്ത് കപ്പലടിപ്പിക്കുമ്പോള്‍ കടല്‍ ഇളകിമറിയാന്‍ തുടങ്ങിയിരുന്നു.
നൂറുവര്‍ഷത്തിനുശേഷം 1599 ലെ മാര്‍ച്ച് മാസം. ഉച്ചവെയിലില്‍ അറബിക്കടലില്‍ തീക്കടലായി തിളയ്ക്കുന്നു. ഒരു നൂറ്റാണ്ട് ആടിയും ഉലഞ്ഞും ചിന്നിയും ചിതറിയും പറന്ന പറങ്കിപ്പതാകകയ്ക്ക് അപ്പോഴും കാലിക്കൂത്തിലെ ആകാശം ഒരു സ്വപ്നം മാത്രമായിരുന്നു. അവസാനമായി ഒരിക്കല്‍ക്കൂടി പറങ്കിപ്പതാക കാലിക്കൂത്തിലെ ആകാശം ലക്ഷ്യമാക്കി ഉയരുമ്പോള്‍ തിര ആഞ്ഞടിച്ചുതുടങ്ങിയിരുന്നു. അറബിക്കടലിലെ ‘കുഞ്ഞാലിത്തിര’. ഒന്നിനു പിന്നാലെ ഒന്നായി ഇരച്ചെത്തിയ മരയ്ക്കാര്‍ത്തിര. കടല്‍ത്തിര കണ്ടു പതറാത്ത, ഇടിമിന്നല്‍ കണ്ടു നടുങ്ങാത്ത, പടകുപോലെ ജീവിതക്കടലിനുമീതെ തെന്നിനീങ്ങിയ മരയ്ക്കാര്‍ത്തിര. കാലിക്കൂത്ത് എന്നു പോര്‍ച്ചുഗീസുകാര്‍ വിളിച്ച കോഴിക്കോടിന്റെ കപ്പടല്‍പ്പടയുടെ കാവലാളുകളായി കുട്യാലി മരയ്ക്കാരും കുട്ടിപ്പോക്കറും പട്ടുമരയ്ക്കാരും മുഹമ്മദ് മരയ്ക്കാരും അറബിക്കടലിലെഴുതിയ വീരേതിഹാസം. നാടുവാഴുന്ന സാമൂതിരിക്ക് ഏറ്റവും പ്രിയപ്പെട്ട എന്ന അര്‍ഥത്തില്‍ ‘ കുഞ്ഞ് അലി’ എന്ന വിശിഷ്ട പദവി ചാര്‍ത്തിക്കിട്ടിയ കുഞ്ഞാലിമരയ്ക്കാന്‍മാരുടെ കഥയും ജീവിതവും കാലിക്കൂത്തിന്റെ ചരിത്രമാണ്. നമ്മുടെ നാടിന്റെ ചരിത്രമാണ്. കടല്‍ക്കരുത്തില്‍ എഴുതിയ ദേശാഭിമാനത്തിന്റെ വീരചരിതം. നൂറ്റാണ്ടു നീണ്ട പോരാട്ടത്തിന്റെ ചരിത്രം. ചതിയുടെയും ഉപജാപങ്ങളുടെയും ഒളിപ്പോരിന്റെയും ചോര വീണ ചരിത്രം. നൂറ്റാണ്ടുകള്‍ക്കു പിന്നില്‍നിന്ന് ചരിത്രക്കടല്‍ നീന്തി കഥയുടെ കപ്പല്‍ വര്‍ത്തമാനകാലത്തില്‍ നങ്കൂരമിടുകയാണ്; ‘കുഞ്ഞാലിത്തിര’ എന്ന ചരിത്രസൃഷ്ടിയിലൂടെ. വര്‍ത്തമാനത്തിനും ഭാവിക്കും വേണ്ടി. വരാനിരിക്കുന്ന തലമുറകള്‍ക്കുവേണ്ടി. ഭാവിയിലെ പോരാട്ടങ്ങളില്‍ മണ്ണിലുറച്ചുനിന്നു പോരാടാനുള്ള ഊര്‍ജമായി.
രാജീവ് ശിവശങ്കര്‍ എഴുതിയ കുഞ്ഞാലിത്തിര ഒരു ചരിത്രസൃഷ്ടി തന്നെയാണ്; പരിമിതമായ അര്‍ഥത്തിലല്ല, എല്ലാ അര്‍ഥത്തിലും. ചരിത്രത്തെ ആധാരമാക്കിയുള്ള കൃതിയാണു കുഞ്ഞാലിത്തിര. പക്ഷേ അതൊരു ചരിത്രസൃഷ്ടിയാകുന്നത് മലയാളനോവല്‍ സാഹിത്യ ചരിത്രത്തില്‍ ഒരു പുതിയ ചരിത്രം സൃഷ്ടിക്കുന്നതുകൊണ്ടുകൂടിയാണ്. സൈനികശേഷിയും ആയുധബലവും ആള്‍ബലവുമായി കാലിക്കൂത്തിലെ കച്ചവടക്കുത്തക പിടിക്കാന്‍ എത്തിയ പറങ്കികള്‍ക്കെതിരെ ഈ നാടിന്റെ ചെറുത്തുനില്‍പു സംഘടിപ്പിച്ച കുഞ്ഞാലികളെപ്പോലെ, വിശാലവും ആഴമേറിയതുമായ ഒരു നൂറ്റാണ്ടിന്റെ ചരിത്രക്കടലിനെ ഒരു നോവലിന്റെ ചെപ്പില്‍ ഒതുക്കിവയ്ക്കുന്ന സാഹസികതയും ധീരതയും കൊണ്ട്. ചതിയുടെ ഒളിപ്പോരില്‍ ഒടുവില്‍ കുഞ്ഞാലി വീഴുകയും പറങ്കികള്‍ കോട്ട പണിത് കാലിക്കൂത്തില്‍ ആധിപത്യമുറപ്പിക്കുന്നതില്‍ വിജയിക്കുകയും ചെയ്തുവെങ്കിലും ചരിത്രത്തില്‍ അതീവസൂക്ഷ്മതയോടെ നോവലിന്റെ വലയെറിഞ്ഞ് രാജീവ് ശിവശങ്കര്‍ തിരുത്തിയെഴുതുകയാണ്; വിജയത്തിന്റെ പുതുചരിത്രം. അതീ നാടിനുള്ളതാണ്. ജനങ്ങള്‍ക്കുള്ളതാണ്. നാടിനെ സ്നേഹിക്കുന്ന നാട്ടുകാര്‍ക്കുള്ളതാണ്. കുഞ്ഞാലിത്തിര എന്ന വീരേതിഹാസം.
ഐതിഹാസികമെങ്കിലും ഏതാനും പേജില്‍ ഒതുക്കിവയ്ക്കാന്‍ കഴിയും കുഞ്ഞാലിമരയ്ക്കരുടെ ജീവിതകഥ. സാമൂതിരിയുടെ വിശ്വസ്തരായി നിന്ന് നാടു കാത്ത നിസ്വാര്‍ഥ പോരാളികളുടെ ഒരുകാലത്തിന്റെ ചരിത്രം. പക്ഷേ, കേവലം ഒരു കുഞ്ഞാലിയിലോ ഏതാനും കുഞ്ഞ് അലിമാരിലോ മാത്രം ഒതുങ്ങുന്നതല്ല കുഞ്ഞാലിത്തിര എന്ന നോവല്‍. പോര്‍ച്ചുഗീസിലെ ബൈലം തുറമുഖത്തുനിന്നു തുടങ്ങിയ യാത്രയെ ഒരു ചരിത്രപണ്ഡിതനായി പിന്തുടരുന്ന നോവലിസ്റ്റ് ചരിത്രം ചോരക്കടലാക്കിയ ഗവര്‍ണര്‍മാരെ, വൈസ്രോയിമാരെ, ജനറല്‍മാരെ, മിഷിനറിമാരെ, പാതിരിമാരെ പിന്‍പറ്റുന്നു. നൂറ്റാണ്ടുകള്‍ കടലില്‍ മുഴങ്ങിയ നിലവിളിയും പൊട്ടിച്ചിരികളും ഒപ്പിയെടുക്കുന്നു. പ്രതികാരവും വ്യാമോഹങ്ങളും ആഖ്യാനം ചെയ്യുന്നു. ചരിത്രത്തിലൂടെ വായിക്കപ്പെട്ട വിരസമായ സ്ഥിതിവിവരക്കണക്കുകളിലേക്ക് ജീവിതത്തിന്റെ ചൂടും ചൂരും സമ്മാനിക്കുന്നു. ഒരു ചരിത്രപണ്ഡിതനും സാധാരണ വായനക്കാരനും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇതിഹാസമാണ് കുഞ്ഞാലിത്തിര. ആ അര്‍ഥത്തിലാണ് കുഞ്ഞാലിത്തിര ചരിത്രസൃഷ്ടിയാകുന്നതും മലയാള നോവല്‍ സാഹിത്യ ചരിത്രത്തില്‍ ഇടം നേടുന്നതും. കാലിക്കൂത്ത് മാത്രമല്ല, കണ്ണൂര്‍, കൊച്ചി രാജവംശങ്ങളും ഗോവയുമെല്ലാം തുല്യപ്രാധാന്യത്തോടെ കുഞ്ഞാലിത്തിരയില്‍ അണിനിരക്കുന്നുണ്ട്. സാമൂതിരിമാരും കോലത്തിരിമാരും രാമവര്‍മമാരും മങ്ങാട്ടച്ചനുള്‍പ്പെടെയുള്ളവരും.
ഒരു ഇടവേളയ്ക്കുശേഷം ചരിത്രനോവലുകള്‍ ലോകസാഹിത്യത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കൊണ്ടിരിക്കുന്നത് പുതിയ കാലത്തെ പ്രവണതകളിലൊന്നാണ്. വിവിധ രാജ്യങ്ങളില്‍ ഇത്തരത്തില്‍ ചരിത്രം സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇരുളിലാണ്ട ചരിത്രസത്യത്തെ വീണ്ടെടുക്കാനുള്ള പരിശ്രമങ്ങള്‍. സത്യത്തിന്റെ സൂക്ഷ്മവെളിച്ചത്താല്‍ തെളിച്ചെടുക്കപ്പെടുന്ന ചരിത്രസത്യങ്ങള്‍. സമ്പന്നമായ ഈ പുതുസാഹിത്യശാഖയിലേക്ക് മലയാളത്തിന് അഭിമാനപൂര്‍വം സമര്‍പ്പിക്കാം കുഞ്ഞാലിത്തിര. വായനയുടെ ആസ്വാദ്യത കഴിഞ്ഞുപോയ കാലത്തിന്റെ സവിശേഷതയല്ലെന്നും ഇന്റര്‍നെറ്റ് യുഗത്തിലും മികച്ച കൃതികള്‍ക്കു വായനക്കാരുണ്ടെന്നും തെളിയിക്കുന്ന പ്രതിഭയുടെ കലാപമാണ് കുഞ്ഞാലിത്തിര.
ചരിത്രനോവലുകളെ ഇഷ്ടകൃതികളാക്കി മാറ്റുന്നത് ഭാഷയുടെ മധുരവും മാധുര്യവുമാണ്. കാരുണ്യത്തിന്റെ കടലും സാഹസികതയുടെ ആകാശവും കരുത്തിന്റെ കരയും ഇഴുകിച്ചേരുന്ന ഭാഷ. വാസ്തവത്തെയും ഭാവനയെയും തമ്മില്‍ വേര്‍തിരിക്കാതെ കടല്‍വെള്ളത്തിലെ ഉപ്പുപോലെ കുറുക്കിയ ഭാഷ. കുഞ്ഞാലിത്തിരയുടെ കരുത്താണ് ഭാഷയും തെളിഞ്ഞ ശൈലിയുമെങ്കിലും ചരിത്രനോവലുകളിലെ ചില ക്ളീഷേകള്‍ ഒഴിവാക്കാമായിരുന്നു. പുതുതായി ഒരര്‍ഥവും ദ്യോതിപ്പിക്കാത്ത ചില പ്രകൃതിവര്‍ണനകളെ വര്‍ജിക്കാമായിരുന്നു. വ്യക്തിപരമായ അഭിപ്രായങ്ങളോ വിയോജിപ്പുകളോ പക്ഷേ, കുഞ്ഞാലിത്തിരയുടെ മഹത്വം കുറയ്ക്കുന്നില്ല. ചരിത്രത്തിലെ അര്‍ഹതപ്പെട്ട സ്ഥാനം നിഷേധിക്കുന്നുമില്ല. കാലത്തിന്റെ വരദാനമായി ഏറ്റെടുക്കേണ്ട ഈ കൃതിയെ മലയാളം സഹര്‍ഷം സ്വാഗതം ചെയ്യുന്ന കാലമാണ് വരാനിരിക്കുന്നത്. സത്യസന്ധമായ കൃതികളുടെ നന്‍മ തിരിച്ചറയുന്ന വായനയുടെ വസന്തകാലം.
രാജീവ് ശിവശങ്കറിന്റെ ”കുഞ്ഞാലിത്തിര” എന്ന നോവലിന് ജി പ്രമോദ് എഴുതിയ വായനാനുഭവം.
കടപ്പാട്; മനോരമ ഓണ്‍ലൈന്‍
Comments are closed.