‘കുഞ്ഞാലിമരക്കാര്‍’ ; അറബിക്കടലിന്റെ രാജാവായ പോരാളി
ടി.പി.രാജീവന്റെ ‘കുഞ്ഞാലിമരക്കാര്‍’ എന്ന പുസ്തകത്തെക്കുറിച്ച് പി ജിംഷാര്‍ എഴുതിയ കുറിപ്പ്
തുഹുഫത്തുല്‍ മുജാഹിദീന്‍ ഓതുകയും, പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള പോരാട്ടം മുസ്ലിമിന്റെ വിശ്വാസപരമായ ബാധ്യതയാണെന്നും കരുതുന്നൊരു കുഞ്ഞാലി മരക്കാര്‍. ശൂരനും വീരനും ദേശാഭിമാനിയുമായ കുഞ്ഞാലി. തുര്‍ക്കി, ഇറാന്‍, ഇറാഖ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായി സാമൂതിരിയ്ക്ക് വേണ്ടി നയതന്ത്ര ബന്ധങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നയതന്ത്ര വിദഗ്‌ദന്‍ . ഇത്രയും സവിശേഷതകളുള്ള വ്യക്തിത്വമാണ്, ടി.പി.രാജീവന്റെ തിരനോവലിലെ കുഞ്ഞാലി മരക്കാര്‍. ഇക്കാരണങ്ങളാല്‍ തന്നെ ചരിത്ര വസ്തുതകളോട് ഏറെ നീതി പുലര്‍ത്തുന്ന ടി.പി.രാജീവന്റെ കുഞ്ഞാലിമരക്കാര്‍ എന്ന തിരനോവല്‍ സിനിമയായി കാണാന്‍ അതിയായി ആഗ്രഹം ഉണ്ട്.
സാമൂതിരിയുടെ നിര്‍ദ്ദേശപ്രകാരം വിദഗ്‌ദന്‍ തുര്‍ക്കി കപ്പലിന് അകമ്പടി പോകുന്ന, സാമൂതിരിയുടെ നാവികപ്പടത്തലവനായ പോര്‍ച്ചുഗീസുകാരുടെ പേടി സ്വപ്നമായ കുഞ്ഞാലി മരക്കാര്‍ നാലാമന്‍. അയാള്‍ കായംകുളം കൊച്ചുണ്ണിയെ പോലെ കള്ളനോ പിടിച്ചു പറിക്കാരനോ അല്ല. സഹായി ആയ ചിന്ന അലിയുടെ പ്രേമത്തിന്റെ വള്ളിക്കെട്ടില്‍ ഇടപെട്ട് സാമൂതിരിയുടെ അതൃപ്തിക്ക് പാത്രമായവനും അല്ല. തികഞ്ഞ യോദ്ധാവും ദേശസ്‌നേഹിയുമാണ്. അറബിക്കടലിന്റെ രാജാവായ പോരാളിയായ ആ കുഞ്ഞാലിയെ തിരശീലയില്‍ കാണാന്‍ കഴിയാത്ത നിരാശയുണ്ട്. കുഞ്ഞാലിയുടെ എളാമ്മയുടെ മകന്‍ അലിയെ പോര്‍ച്ചുഗീസ് പട്ടാളം പിടിച്ചു കൊണ്ടുപോയി ഡോണ്‍ പെഡ്രോറോഡ്‌റിഗ്‌സ് ആക്കി മാറ്റുമ്പോള്‍ അയാള്‍ കാത്തിരിക്കുന്നൊരു കുഞ്ഞാലിയുണ്ട്. അറബിക്കടലിലെ യഥാര്‍ത്ഥ സിംഹമായ കുഞ്ഞാലി.
ഡോണ്‍ പെഡ്രോറോഡ്‌റിഗ്‌സ് കാത്തിരുന്ന, അയാളിലെ അതിജീവനത്തിന് കരുത്തായ കുഞ്ഞാലി മരക്കാര്‍ എന്ന നായകനെ കുറിച്ചുള്ള അലിയെന്ന അഞ്ചാം കുഞ്ഞാലി മരക്കാറിന്റെ ഓര്‍മകളാണ്, ടി.പി രാജീവന്റെ കുഞ്ഞാലി മരക്കാര്‍. തിയേറ്ററില്‍ കണ്ട കുഞ്ഞാലി മരക്കാറേക്കാള്‍ ത്രില്ലിങ്ങും ഇതിഹാസമാനവും ഉണ്ട് ടി.പി.രാജീവന്റെ ഈ തിരനോവലിലെ കുഞ്ഞാലി മരക്കാറിന്. തന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ജനിച്ച മണ്ണിനോടും രാജ്യത്തോടുമുള്ള കൂറ് എന്ന് പ്രഖ്യാപിക്കുന്ന ധീരനായ കുഞ്ഞാലി മരക്കാര്‍ എന്ന പോരാളിയെ അറിയേണ്ടവര്‍ ടി.പി.രാജീവന്റെ കുഞ്ഞാലി മരക്കാര്‍ എന്ന തിരനോവല്‍ വായിക്കുക. വരും നാളുകളില്‍ ഈ തിരനോവല്‍ സിനിമ ആവട്ടേ എന്ന് ആശംസിക്കുന്നു.
Comments are closed.