പുസ്തകപ്രേമികള്‍ക്കായി ചാക്കോച്ചന്‍റെ അഞ്ചാം ദിവസത്തെ ചലഞ്ച്
ലോക്ക് ഡൗണ്‍ കാലത്തെ നിരാശയില്‍ നിന്ന് മറികടക്കാൻ ഓരോ ദിവസവും ഓരോ ചലഞ്ചുമായി എത്തുമെന്ന് നടൻ കുഞ്ചാക്കോ ബോബൻ അറിയിച്ചിരുന്നു. പുസ്തകപ്രേമികള്‍ക്കു വേണ്ടിയുള്ളതായിരുന്നു ഇന്നത്തെ അദ്ദേഹത്തിന്‍റെ ചലഞ്ച്.
നീണ്ട 11 വർഷങ്ങൾക്ക് മുൻപ് വായിച്ച ഇംഗ്ലീഷ് പുസ്തകം ഒരിക്കൽക്കൂടി പൊടിതട്ടിയെടുത്ത് വീണ്ടുമൊരു വായനയ്ക്കായി എടുത്ത വിശേഷമാണ് ചാക്കോച്ചൻ ചലഞ്ചിന്റെ അഞ്ചാം ദിവസം കുഞ്ചാക്കോ ബോബൻ പങ്കിടുന്നത്. ജെഫ്രി ആർച്ചറി രചിച്ച ‘ആൻഡ് ദേർ ബൈ ഹാങ്‌സ് എ ടെയിൽ’ എന്ന പുസ്തകം ഒരിക്കൽക്കൂടി വായിക്കാനായി ചാക്കോച്ചൻ കയ്യിലെടുത്തു.
ആലപ്പുഴ എസ്.ഡി. കോളേജിൽ നിന്നും ബി.കോം ഫസ്റ്റ് ക്ലാസ്സോടെ പാസായ ആളാണ് കുഞ്ചാക്കോ ബോബൻ. 1997ലായിരുന്നു അത്. ഈ കാലയളവിൽ തന്നെയാണ് ചോക്ലേറ്റ് നായകനായി ചാക്കോച്ചന്റെ സിനിമാ പ്രവേശവും അന്നത്തെ ഹിറ്റ് നായകന്മാരുടെ നിരയിലേക്കുള്ള ഉയർച്ചയും.
ചാക്കോച്ചന്റെ വായനാ വിശേഷങ്ങൾ കേൾക്കാം: “ഈ ലോക്ക്ഡൗൺ സമയത്ത് 11 വർഷങ്ങൾക്കു മുൻപ് വായിച്ചു തീർത്ത ഒരു പുസ്തകം വീണ്ടും വായിച്ചു. വായനക്കാരനെ അങ്ങനെ വീണ്ടും വീണ്ടും വായിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒരു അത്ഭുതവിദ്യ ഉണ്ട് ജെഫ്‌റി ആർച്ചർ എന്ന എഴുത്തുകാരന്. ‘ആൻഡ് ദേർ ബൈ ഹാങ്‌സ് എ ടെയിൽ’ അദ്ദേഹത്തിന്റേ പുസ്തകങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. 15 ചെറുകഥകളുടെ ഒരു സമാഹാരമാണി പുസ്തകം. ഇതിൽ പത്തു കഥകളും യഥാർഥ സംഭവങ്ങളെ അടിസ്ഥാനം ആക്കിയുള്ളതാണ് എന്ന് വരുമ്പോൾ ആണ് വായന നമ്മളെ പൊള്ളിയ്ക്കുന്നത്. സ്റ്റക്ക് ഓൺ യു എന്ന കഥയിലെ അക്ഷരങ്ങളിൽ പ്രണയവും ഒരു മനുഷ്യന്റെ നിസ്സഹായതയും ഒക്കെ വരച്ചിട്ടുണ്ട് അർച്ചർ. ബ്രിട്ടീഷ് എഴുത്തുകാരനായ ജെഫ്‌റി ആർച്ചർ ഡൽഹി പശ്ചാത്തലം ആക്കി എഴുതിയ ഒരു കഥയും ഇതിൽ ഉണ്ട്. പേര് പോലെ തന്നെ ജാതിയുടെ പേരിൽ നഷ്ടമാകുന്ന പ്രണയത്തിന്റെ കഥയാണ് Caste Off പറയുന്നത്. പ്രണയവും സസ്‌പെൻസും വേദനയും ഒക്കെ നിറഞ്ഞ 15 കഥകളാണ് ഈ പുസ്തകം. വീണ്ടും വായിയ്ക്കുമ്പോഴും മടുപ്പിക്കാത്ത എന്തോ ഒന്ന് ഈ അക്ഷരങ്ങളിൽ. എന്റെ അഞ്ചാമത്തെ ദിവസത്തെ ചലഞ്ച് ഇതാണ്. ഈ ലോക്കഡൗണിൽ നിങ്ങൾ വായിച്ച ഒരു പുസ്തകത്തിൻ്റെ റിവ്യൂ കമൻ്റ്സിൽ ഇടുക. ചിലർക്കെങ്കിലും പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ അത് സഹായകമാവട്ടെ.”
Comments are closed.