DCBOOKS
Malayalam News Literature Website

മലയാളകഥയുടെ ഏറ്റവും പുതിയ പ്രത്യക്ഷം

പി ഫ് മാത്യൂസ് 'കുളെ' വായിക്കുന്നത്..

MUNGAMKUZHI Book By AASH ASHITHA

മരിച്ച വീട്ടിൽ വന്ന് വേണ്ടതെല്ലാം ചെയ്ത് മടങ്ങിയ ആ മൂന്നുപേർ മനസ്സിൽ നിന്ന് ഇറങ്ങി പോകുന്നില്ല. മരിച്ചവളോടുള്ള അവരുടെ അളവറ്റ സ്നേഹം പ്രകടമായിരുന്നു. സ്വാഭാവികമായും അവർ ആരായിരിക്കും എന്നറിയുവാനുള്ള ആകാംക്ഷ നാട്ടിൻപുറത്തിന് ആകമാനമുണ്ട്. ഒടുവിൽ ഒരു വൃദ്ധൻ അവളുടെ ഭർത്താവിനോട് തന്നെ തുറന്നു ചോദിച്ചു : ആരായിരുന്നു മോനെ അവരൊക്കെ…
ഞങ്ങൾ നാലുപേരും അവളുടെ കാമുകന്മാരായിരുന്നു അമ്മാമാ… എന്ന് അവളുടെ ഭർത്താവ് പറയുന്നതോടെ കഥ അവസാനിപ്പിക്കുകയാണ്.

മൃദുൽ വി.എം. മലയാളകഥയുടെ ഏറ്റവും പുതിയ പ്രത്യക്ഷം. നല്ല കലയ്ക്ക് വേണ്ടുന്ന ധ്യാനാത്മകത നഷ്ടപ്പെട്ടു കഴിഞ്ഞു എന്നു വിചാരിച്ചിരുന്ന ഞാൻ , സ്വയം തിരുത്തുന്നു. അമിതമായി യാതൊന്നുമില്ല. വിവരണങ്ങൾ ലളിതം നാടകീയതയുടെ കനമില്ലാത്തത്. വലിയൊരു ഭാവപ്രപഞ്ചവും അന്തരീക്ഷവും അവശേഷിപ്പിച്ച് കഥ അവസാനിക്കുകയാണ്.

മരണാനന്തര ജീവിതം സ്വപ്നം കാണാനും കൂടിയാണ് മൃദുലിന് എഴുത്ത്. കുളെ എന്ന കഥയിലൂടെ ഏറെ വായനക്കാരെ നേടിയ എഴുത്തുകാരൻ. ആത്മാക്കളുടെ വിവാഹമാണ് കഥയിലേക്ക് ആകർഷിക്കുന്നത്. പ്രേത വിവാഹം വധുവിന്റെ വീട്ടിൽ നടത്താൻ നിശ്ചയിക്കുന്ന നോട്ടീസിൽ തന്നെ കഥയുണ്ട്. അത് വിടർന്നു വികസിച്ച് ഭംഗിയുള്ള, ഒന്നാന്തരം ചെറുകഥയാകുന്നുമുണ്ട്.
ശ്രീവിദ്യയുടെ വരവ് എന്ന കഥയെക്കുറിച്ചും പറയണം. ഈ ശ്രീവിദ്യ സിനിമാനടിയല്ല എന്ന് മാത്രമല്ല മനുഷ്യകുലത്തിൽ പെട്ട ആളുമല്ല. അതൊരു കോഴി, പിടക്കോഴി. മുട്ടയിടാൻ, പഴയ വീട് തേടി, പഴയ അമ്മയെ തേടി വന്നിരിക്കുകയാണ്. അത്രയും പറഞ്ഞതുകൊണ്ട് കഥയനുഭവം, അമ്മയനുഭവം നഷ്ടപ്പെടാൻ പോകുന്നില്ല. കഥ വായിക്കുക തന്നെ വേണം. നീലനഖം നാട്ടുഭാഷയിലെ സൗന്ദര്യം കൊണ്ട് വശീകരിക്കുന്ന കഥയാണ്.

സർവ്വതും നാവിൻതുമ്പിലേക്ക് വിളമ്പിക്കിട്ടണം എന്ന പിടിവാശിയുള്ള വായനക്കാരെ പിടിച്ചെടുക്കാനും വിപണി വിജയത്തിനും വേണ്ടി അതിനാടകീയതയും അതിലാളിത്യവും കഥകളുടെ കളം നിറഞ്ഞാടുന്ന നേരത്ത് കലയുടെയും സാഹിത്യത്തിന്റെയും വഴിയെ ഗൗരവുദ്ധിയോടെ സഞ്ചരിക്കുന്ന ഒരു പുത്തനെഴുത്തുകാരനെ കാണുമ്പോൾ തീർച്ചയായും സന്തോഷം ഉണ്ടാകും. മൃദുലിന്റെ എഴുത്ത് ഏറെ സന്തോഷിപ്പിക്കുന്നതാണ്.

‘കുളെ’ വാങ്ങിക്കുവാനായി ക്ലിക്ക് ചെയ്യൂ…

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.