DCBOOKS
Malayalam News Literature Website

വി. മുസഫര്‍ അഹമ്മദിന്റെ കുടിയേറ്റക്കാരന്റെ വീട് രണ്ടാം പതിപ്പില്‍

യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വി. മുസഫര്‍ അഹമ്മദിന്റെ പ്രവാസക്കുറിപ്പുകളാണ് കുടിയേറ്റക്കാരന്റെ വീട്. മരുഭൂമി പാഴ്‌നിലമാണെന്നും അവിടെ ജീവന്റെ ഒരു തുടിപ്പുമില്ലെന്നും മലയാളി പൊതുവില്‍ കരുതുന്നു. എന്നാല്‍ ജീവന്റെ തുടിപ്പുകള്‍ ആ ബ്രൗണ്‍ ലാന്‍ര്‌സ്‌കേപ്പിലൂടെ നിരന്തരമായി സഞ്ചരിക്കുമ്പോള്‍ കാണാന്‍ കഴിയുന്നു. നാം ഊഷരത എന്നു വിളിക്കുന്ന പ്രകൃതിയിലും ജീവന്റെ തിളക്കം കാണുവാനാകുന്നുണ്ട്. അതുകൊണ്ടുതന്നെയായിരിക്കാം ലക്ഷക്കണക്കിന് മലയാളികള്‍ക്ക് മരുഭൂമിനാടുകള്‍ അന്നവും അര്‍ത്ഥവും നല്‍കി ജീവനെ പൊലിപ്പിച്ചുനിര്‍ത്തിയത്. ഗള്‍ഫ് മലയാളി ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ അടരുകളിലേക്ക് വി. മുസഫര്‍ അഹമ്മദ് കുറെ വര്‍ഷത്തിനിടെ നടത്തിയ യാത്രകളാണ് ഈ കുറിപ്പുകള്‍. പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്‌.

കുടിയേറ്റക്കാരന്റെ വീടിന് വി. മുസഫര്‍ അഹമ്മദ് എഴുതിയ ആമുഖക്കുറിപ്പ്…

13 വര്‍ഷത്തെ സൗദിജീവിതം പഠിപ്പിക്കുകയും അനുഭവിപ്പിക്കുകയുംചെയ്ത കാര്യങ്ങളും വസ്തുതകളും നിരവധിയാണ്. എന്തിന് മലയാളി ഗള്‍ഫിലേക്കു പോയി, അവിടെ എങ്ങനെ ജീവിച്ചു, ഗള്‍ഫ് മലയാളിയുണ്ടാക്കിയ പണം നാട്ടില്‍ എങ്ങനെ ചെലവഴിച്ചു- ഇതു സംബന്ധിച്ച് കൃത്യമായി പഠിച്ചാല്‍ ഏതാണ്ട് 50 വര്‍ഷത്തെ കേരള ചരിത്രത്തിന്റെ പ്രധാനപ്പെട്ട ഏട് എഴുതാന്‍ പറ്റുമായിരിക്കും. ഗള്‍ഫുകാരന്‍ എഴുതുമ്പോള്‍ വൈയക്തികമാകുന്നുവെന്നും സി.ഡി.എസ്സുകാരുടെ പ്രബന്ധനങ്ങള്‍ വരണ്ടതാണെന്നും പറയുകയല്ലാതെ മുഖ്യധാരയില്‍ ഗള്‍ഫുകാരന്‍ എന്ന പ്രതിഭാസത്തെ എങ്ങനെ അവതരിപ്പിക്കും എന്നതിനെക്കുറിച്ച് ഇന്നും കൃത്യവും സമഗ്രവുമായ രീതിശാസ്ത്രങ്ങള്‍ ഉണ്ടായിട്ടില്ല.

മരുഭൂമി പാഴ്‌നിലമാണെന്നും അവിടെ ജീവന്റെ ഒരു തുടിപ്പുമില്ലെന്നും മലയാളി പൊതുവില്‍ കരുതുന്നു. എന്നാല്‍ ജീവന്റെ തുടിപ്പുകള്‍ ആ ബ്രൗണ്‍ ലാന്റ്‌സ്‌കേപ്പിലൂടെ നിരന്തരമായി സഞ്ചരിക്കുമ്പോള്‍ കാണാന്‍ കഴിഞ്ഞു. അത് ഹരിതലോകത്തുള്ളതുപോലെ സജീവമാണെന്നല്ല പറയുന്നത്. എന്നാല്‍ നാം ഊഷരത എന്നു വിളിക്കുന്ന പ്രകൃതിയിലും ജീവന്റെ തിളക്കം കാണുവാനായി. അതുകൊണ്ടുതന്നെയായിരിക്കാം ലക്ഷക്കണക്കിനു മലയാളികള്‍ക്ക് മരുഭൂമി നാടുകള്‍ അന്നവും അര്‍ഥവും നല്‍കി ജീവനെ പൊലിപ്പിച്ചുനിര്‍ത്തിയത്.

ഇഖാമ (വര്‍ക്ക് പെര്‍മിറ്റ്) ഉള്ളവരും അതില്ലാതെയുള്ളവരും ഗള്‍ഫില്‍ കഴിയുന്നു. അതിജീവിക്കുന്നു. മറ്റെവിടെയും കാണാനാകില്ല. മലയാളിക്ക് ഗള്‍ഫില്‍ എത്തുമ്പോള്‍ മണ്ണും മണലും എന്ന പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടിവരും, തീര്‍ച്ച. എന്നാല്‍ കുറച്ചുനാള്‍ കൊണ്ട് മണല്‍തന്നെ മണ്ണായിമാറുന്ന രാസപ്രക്രിയയെ അഭിമുഖീകരിക്കേിവരികയും ചെയ്യും. ഗള്‍ഫ് മലയാളി ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ അടരുകളിലേക്ക് 13 വര്‍ഷത്തിനിടെ നടത്തിയ യാത്രകളാണ് ഈ കുറിപ്പുകളും ലേഖനങ്ങളുമെന്ന് ഒരര്‍ഥത്തില്‍ പറയാം.

പുസ്തകത്തിന്റെ ഒടുവില്‍ ചേര്‍ത്തിരിക്കുന്ന അറബി എഴുത്തുകാരന്റെ മലയാളിയെക്കുറിച്ചുള്ള കഥയാണ് ഗള്‍ഫ് മലയാളിയുടെ ഇന്നത്തേയും ചിത്രം. ആ കഥാകാരനു നന്ദി. പുസ്തകത്തിന്റെ ഒന്നാം ഭാഗത്തുള്ള നേര്‍ക്കഥകള്‍ കെ.സി. ഇംതിയാസ് ഹുസൈന്‍ എന്ന തൂലികാനാമത്തില്‍ 2006-ല്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതിയതാണ്. അക്കാലത്ത് എന്നെ പ്രചോദിപ്പിച്ച
കെ. കണ്ണന് നന്ദി. മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപര്‍ കമല്‍റാം സജീവ്, പച്ചക്കുതിര പത്രാധിപര്‍ ജയദേവ്, തൂലിക എഡിറ്റര്‍ സാദിഖലി,തോര്‍ച്ച എഡിറ്റര്‍ ബിജോയ് ചന്ദ്രന്‍, നേരറിവ് മാസിക പ്രവര്‍ത്തകന്‍ സന്തോഷ് എന്നിവരോടും നന്ദി പ്രകാശിപ്പിക്കുന്നു. പല ഘട്ടങ്ങളില്‍ ഈ പ്രസിദ്ധീകരണങ്ങള്‍ വഴിയാണ് ഇവിടെ സമാഹരിച്ചിരിക്കുന്ന ലേഖനങ്ങള്‍ പുറത്തുവന്നത്. പുസ്തകം പ്രസിദ്ധീകരിക്കുന്ന ഡി സി ബുക്‌സിനും നന്ദി.

Comments are closed.