DCBOOKS
Malayalam News Literature Website

‘കുട നന്നാക്കുന്ന ചോയി’ വീണ്ടുമൊരു മയ്യഴിക്കഥ

വീണ്ടുമൊരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതുരുചിയും തന്റേടവുമുള്ള കഥ. കുട നന്നാക്കിക്കൊണ്ടിരുന്ന ചോയി ഒരിക്കല്‍ താന്‍ മരിച്ചാലേ തുറക്കാവു എന്നുപറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏല്‍പ്പിച്ച് ഫ്രാന്‍സിലേക്കു പോകുന്നു. അത് മയ്യഴിനാട്ടിലാകെ വാര്‍ത്തയാകുന്നു. നാട്ടുകാരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഒടുവില്‍ ചോയിയുടെ മരണാനന്തരം ആ ലക്കോട്ട് തുറക്കുന്നു….എന്തായിരുന്നു ആ ലക്കോട്ടിലുള്ളത്?

മയ്യഴിയിലെ നാട്ടുകാരെയും അതുപോലെ വായനക്കാരെയും ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന നോവലാണ് എം മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി. എം മുകുന്ദന്‍ ഇതിനുമുമ്പുപറഞ്ഞ മയ്യഴിയുടെ കഥയില്‍ നിന്നും ചരിത്രത്തില്‍ നിന്നും തികച്ചും Textവ്യത്യസ്തമായ പ്രമേയമാണ് അദ്ദേഹം പുതിയ നോവലായ കുട നന്നാക്കുന്ന ചോയിക്കുവേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. ഫ്രഞ്ചുകാര്‍ മാഹി വിട്ടുപോകുന്നതുമുതല്‍ കാവിവല്‍ക്കരണത്തിന്റെ ഭീകരതയില്‍ നടുങ്ങുന്ന ആധുനികകാലം വരെ നോവലില്‍ കടന്നുവരുന്നുണ്ട്. ദേശീയപതാക എങ്ങനെ കാവിയാകുന്നുവെന്നും, ഗാന്ധിജിയുടെ ഇന്ത്യയെ കാവിക്കൊടിക്കാര്‍ എങ്ങനെയാണ് ഭാരതദേശമാക്കുന്നതെന്നും മുകുന്ദന്‍ ഈ നോവലിലൂടെ കാണിച്ചുതരുന്നു.

മയ്യഴിയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട മറ്റൊരു ഇതിഹാസം തന്നയാണ് കുട നന്നാക്കുന്ന ചോയി. ഒരു ഗ്രാമത്തെയാകെ ആകാംഷയിലാഴ്ത്തിയ ലക്കോട്ടിലെ രഹസ്യം തേടിയാണ് കുട നന്നാക്കുന്ന ചോയി വികസിക്കുന്നത്. കറ തീര്‍ന്ന ദേശസ്‌നേഹത്തെപ്പോലും കാവിവത്കരിക്കുന്ന സമകാലീന ഇന്ത്യയുടെ കഥ പറയുന്ന നോവല്‍ അക്ഷരമണ്ഡലം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിച്ചത്.

കേന്ദ്രകേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, മാതൃഭൂമി പുരസ്‌കാരം, ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ ഓഫ് ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സ് ബഹുമതി, വയലാര്‍ പുരസ്‌കാരം, എം പി പോള്‍ അവാര്‍ഡ്, എന്‍ വി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ് തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള എം.മുകുന്ദന്റെ ഏഴോളം രചനകള്‍ മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments are closed.