കേരളത്തിലെ ആയിരത്തി നാനൂറോളം ക്ഷേത്രങ്ങളുടെ വിശദാംശങ്ങളുമായി ‘ക്ഷേത്രവിജ്ഞാനകോശം’; ഇപ്പോൾ വിപണിയിൽ
കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളെക്കുറിച്ചും ഏറ്റവും ആധികാരികമായി വിവരിക്കുന്ന പി.ജി. രാജേന്ദ്രന്റെ ക്ഷേത്ര വിജ്ഞാനകോശം ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം 10% വിലക്കുറവില്‍. 1999 രൂപാ മുഖവിലയുള്ള പുസ്തകം 10% വിലക്കുറവില്‍ 1799 രൂപയ്ക്ക് ഇപ്പോള്‍ പ്രിയവായനക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയും, സംസ്ഥാനത്തെ ഡിസി ബുക്‌സ്/ കറന്റ് ബുക്‌സ് സ്‌റ്റോറുകള്‍ വഴിയും വായനക്കാര്‍ക്ക് പുസ്തകം സ്വന്തമാക്കാം. 1999 രൂപാ വിലയുള്ള മൂന്ന് വാല്യങ്ങള്‍ ഒന്നിച്ച് 499 രൂപയ്ക്കും, ഓരോ വാല്യങ്ങളായി 199 രൂപയ്ക്കും ഇപ്പോള്‍ വായനക്കാര്‍ക്ക് ഇ-ബുക്കുകളായും സ്വന്തമാക്കാവുന്നതാണ്. പൂർവ്വികർ സുഗമമായ ക്ഷേത്രനടത്തിപ്പിന് ഏർപ്പെടുത്തിയ ചിട്ടകളും നിഷ്ഠകളും ആചാരങ്ങളും ക്ഷേത്രങ്ങളുടെ ചരിത്രം, ഐതിഹ്യം, പാരമ്പര്യം ഇവയൊക്കെ നിർണ്ണയിക്കാനുതകുന്ന വസ്തുതകളുമെല്ലാം ഈ ഗ്രന്ഥത്തിലുണ്ട്.
പുസ്തകത്തിന് അക്കിത്തം എഴുതിയ അവതാരിക വായിക്കാം
ഭാരതം എന്ന ശബ്ദമുണ്ടായത് ഭരതന്‍ എന്ന ശബ്ദത്തില്‍നിന്നാണല്ലോ. ഏതു ഭരതനില്‍നിന്ന് എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ട്. ദുഷ്യന്തപുത്രനായ ഭരതനില്‍നിന്ന്, ദശരഥപുത്രനായ ഭരതനില്‍ നിന്ന്, എന്നൊക്കെയാണ് ചിലര്‍ പറയുന്നത്. നാട്യശാസ്ത്രരചയിതാവായ ഭരതനില്‍നിന്നാണെന്ന് ആരും പറയുന്നില്ല. എന്നാല്‍ ഇവരെക്കാളൊക്കെ മുമ്പുണ്ടായ ഋഷഭപുത്രനായ ഭരതനില്‍നിന്നാണ് ഭാരത ശബ്ദമുണ്ടായത് എന്നു വിചാരിക്കുന്നതാവും കൂടുതല്‍ സമീചീനം. കാരണം: വിഷ്ണുവില്‍നിന്നു ബ്രഹ്മാവും ബ്രഹ്മാവില്‍നിന്നു സ്വായം ഭുവമനുവും സ്വായംഭുവമനുവില്‍നിന്നു പ്രിയവ്രതനും പ്രിയവ്രതനില്‍നിന്ന് അഗ്‌നീധ്രനും അഗ്‌നീധ്രനില്‍നിന്ന് നാഭിയും നാഭിയില്‍നിന്ന് ഋഷഭനും ഋഷഭനില്‍നിന്ന് ഭരതനും ജനിച്ചു എന്ന വംശാവലിക്രമം നോക്കിയാല്‍ നമുക്കു മനസ്സിലാക്കാം: ആദ്യത്തെ ഭരതന്‍ അദ്ദേഹം തന്നെയായിരുന്നു. മാത്രമല്ല, അന്ന് ഈ പ്രദേശം അറിയപ്പെട്ടിരുന്നത് ജംബൂദ്വീപം എന്ന പേരിലായിരുന്നു താനും. എന്തായാലും പില്ക്കാലത്ത് സിന്ധുനദീതടത്തിലെ നിവാസികളെ പുറത്തുള്ളവര്‍ ‘സിന്ധുക്കള്‍’ എന്നു വിളിച്ചുവന്നു. ക്രമേണ അവര്‍ ‘ഹിന്ദുക്ക’ളായി. പിന്നെയും കുറെ കഴിഞ്ഞ് പാശ്ചാത്യരുടെ ഭരണം ഇവിടെ വേരോടിയപ്പോള്‍ അത് ‘ഇന്ത്യക്കാര്‍’ എന്നായി. ഇതിലൊന്നും സംശയത്തിനു സാംഗത്യമില്ല.
പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
ഈ ജനതയില്‍ പ്രകൃത്യാ ഉണ്ടായിത്തീര്‍ന്ന സത്യദര്‍ശനമാണ് ധര്‍മ്മം എന്നത്. സനാതനധര്‍മ്മം! പ്രകൃതിയിലെ ശാശ്വതമൂല്യമെന്ത് എന്ന ചിന്തയില്‍നിന്നാണ് സനാതനധര്‍മ്മം ഉളവായത്. ഇവിടെ വസ്തുക്കള്‍ രണ്ടു തരത്തിലുണ്ട്. വാസ്തവത്തില്‍ രണ്ടല്ല, മൂന്നു തരത്തില്‍ ഉണ്ട്. നശ്വരം, ശാശ്വതം എന്നിവയ്ക്കപ്പുറത്ത്, ‘ബ്രഹ്മ’സ്വരൂപത്തില്‍, മറ്റൊന്നുകൂടിഉണ്ട്. അതാണ് പരമസത്യം. എങ്കിലും മനുഷ്യന്റെ പ്രാര്‍ത്ഥനകള്‍ക്കനുസരിച്ച് നിഗ്രഹാനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന ശാശ്വത സത്യമാണ് ഈശ്വരന്‍. ഇങ്ങനെ വിചാരിച്ച ആദ്യകാലീനരാണ് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത്. ഈ പ്രാര്‍ത്ഥനാപാരമ്പര്യത്തില്‍നിന്നു പില്ക്കാലത്തുണ്ടായ വളര്‍ച്ചയാണ് ബിംബാരാധന. ബിംബാരാധനയുടെ ആദ്യസൂചന കാണുന്നത് ദ്വാപരയുഗത്തിലാണ്. കൃതയുഗത്തില്‍ തപസ്സും ത്രേതായുഗത്തില്‍ യജ്ഞവും ദ്വാപരയുഗത്തില്‍ ബിംബാരാധനയും കലിയുഗത്തില്‍ നാമോച്ചാരണവും യുഗ ധര്‍മ്മങ്ങളായിത്തീര്‍ന്നതിന്റെ ചിത്രം പതിനെട്ടു പുരാണങ്ങളില്‍നിന്നു നമുക്കു ലഭിച്ചിരിക്കുന്നു.
ബിംബാരാധന ക്ഷേത്രമായി വികസിച്ചതിന്റെ ആദിമസൂചനകള്‍ ‘രാമായണ’ത്തില്‍ കാണാം. സേതുബന്ധനസുമുഹൂര്‍ത്തത്തില്‍ ശ്രീരാമന്‍ മണല്‍വാരി പ്രതിഷ്ഠിച്ച ശിവലിംഗമാണല്ലോ പിന്നീട് രാമേശ്വര ക്ഷേത്രമായി വികസിച്ചത്. ദേവീക്ഷേത്രങ്ങളുണ്ടായത് ദേവകി ശ്രീകൃഷ്ണനെ പ്രസവിച്ച മുഹൂര്‍ത്തത്തില്‍ യശോദ പ്രസവിച്ച സ്ത്രീപ്രജ കംസന്റെ കൈയില്‍ നിന്ന് വഴുതി ആകാശത്തേക്കുയര്‍ന്നതോടുകൂടിയാണെന്ന് ‘ശ്രീമദ് ഭാഗവതം’ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു.
പെങ്ങളിപ്പോള്‍പ്പെറ്റ കുഞ്ഞിന്‍
കാല്‍കള്‍ കൂട്ടിപ്പിടിച്ചവന്‍
അടിച്ചൂ പാറപ്പുറത്താ
സ്വാര്‍ത്ഥത്താല്‍ സ്‌നേഹമറ്റവന്‍,
കൈയില്‍നിന്നുടനാകാശ
ത്തേയ്ക്കു പൊങ്ങിയ ദേവിയോ,
വിളങ്ങീ കൃഷ്ണാനുജ, സാ
യുധ, അഷ്ടമഹാഭുജ,
ദ്രവ്യവസ്ത്രാഭരണമാ
ല്യാലേപാദ്രി വിഭൂഷിത,
ധനുശ്ശൂലേഷുചര്‍മ്മാസി
ശംഖചക്രഗദാധര.
സിദ്ധചാരണഗന്ധര്‍വ്വ
കിന്നരാഹ്യപ്‌സരസ്സുകള്‍
ഉപഹാരങ്ങളര്‍പ്പിച്ചു
കീര്‍ത്തിക്കെച്ചൊല്ലിനാളവള്‍,
”എന്നെക്കൊന്നിട്ടെന്തുകാര്യം?
പാരിലെങ്ങോ തവാന്തകന്‍,
മന്ദ, ജാതന്‍ പൂര്‍വ്വശത്രു;
വൃഥാ കൊല്ലായ്ക ദീനരെ.”
അവനോടിത്രയും ചൊല്ലി
ബ്ഭൂമിയില്‍പ്പലകോവിലില്‍
പല പേരായ് വിഷ്ണുമായ
വിളയാടുന്നിതിപ്പൊഴും.
പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
ദേവീക്ഷേത്രങ്ങളെ പിന്തുടര്‍ന്നു വിഷ്ണുക്ഷേത്രങ്ങളും ഉണ്ടാവാന്‍ തുടങ്ങി എന്നു നമുക്കൂഹിക്കാം. കാരണം വിഷ്ണുവും ശ്രീകൃഷ്ണനും ഒരേ വസ്തുതയാണ് എന്നാണ് നിലവിലുള്ള ധാരണ. അതിനു ദൃഷ്ടാന്തം: പൂജിക്കുന്നത് വിഷ്ണുവിനെയായാലും ശ്രീകൃഷ്ണനെയായാലും ഉപയോഗിക്കുന്ന മൂലമന്ത്രം ‘ഓം നമോ നാരായണായ’ എന്നാണ്. നാരായണശബ്ദത്തില്‍ ബിംബിക്കുന്നത് ‘ആലിലക്കണ്ണ’നത്രേ.
‘കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യപത്രസ്യ പുടേശയാനം
ബാലം മുകുന്ദം മനസാ സ്മരാമി.’
എന്ന ശ്ലോകത്തിലൂടെ പ്രകാശിക്കുന്ന ചിത്രം അതുതന്നെയാണല്ലോ. പ്രദോഷനൃത്തം നിര്‍വഹിക്കുന്ന ശിവനാണല്ലോ നടരാജന്‍. വേദത്തിലെ, പുരുഷസൂക്തത്തിലെ, വിരാള്‍പുരുഷചിത്രവുമായി നടരാജസങ്കല്പത്തിനുള്ള ബന്ധം അനിഷേധ്യമാണ്. അത്രത്തോളം പഴക്കമുള്ള മറ്റൊരു ഭാരതീയസങ്കല്പചിത്രമുള്ളത് ഈ ആലിലക്കണ്ണന്റേതു മാത്രമാവാമെന്നു തോന്നുന്നു.
എന്തായാലും ശാശ്വതസത്യം ആനന്ദമാണ്. അതാണ് പ്രകൃതിയിലെ ഈശ്വരന്‍; ബ്രഹ്മവും. അതാണ് പ്രകൃതിയിലെ ധര്‍മ്മം. പൂവിലെ ധര്‍മ്മം സുഗന്ധവും സുരൂപവും ആണെന്നതുപോലെ. പ്രകൃതിയിലെ ആനന്ദാംശത്തെ, സ്‌നേഹാംശത്തെ അനുഭവിക്കാനാണ് ക്ഷേത്രങ്ങള്‍ ഉണ്ടായത്. സംഘടിതമതം ഉണ്ടായിത്തീര്‍ന്നത് ബുദ്ധഭഗവാന്റെ ‘സംഘം ശരണം ഗച്ഛാമി’ എന്ന പ്രാര്‍ത്ഥനയ്ക്കു ശേഷമത്രേ. ഇത്രയും ഇപ്പോള്‍ ചിന്തിക്കുവാനിടവരുത്തിയത് പി.ജി. രാജേന്ദ്രന്റെ ‘ക്ഷേത്രവിജ്ഞാനകോശം’ എന്ന പുസ്തകമാണെന്ന് പറയ്യേണ്ടതില്ലല്ലോ. രാജേന്ദ്രന്‍ പത്രപ്രവര്‍ത്തകന്‍ മാത്രമല്ല, മനുഷ്യസംസ്‌കാരത്തിന്റെ പരമകന്ദമെന്തെന്ന് അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരു പരിശുദ്ധാന്വേഷകന്‍ കൂടിയാണ്. ജന്മനാ അദ്ദേഹം അതായിരുന്നു എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. മനസ്സും വാക്കും പ്രവൃത്തിയും തമ്മിലുള്ള അടി സ്ഥാനബന്ധം രാജേന്ദ്രന്റെ ചെയ്തികളില്‍ എപ്പോഴും ഞാന്‍ കണ്ടെത്തിയിരുന്നു.
‘ക്ഷേത്രവിജ്ഞാനകോശ’ത്തില്‍ അദ്ദേഹം പ്രതിപാദിച്ചിട്ടുള്ളത് കേരളത്തിലെ 1400 ഓളം ക്ഷേത്രങ്ങളുടെ വിശദാംശങ്ങളാണ്. ഈ വിവരങ്ങളദ്ദേഹം സംഭരിച്ചത് കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ; നെടുകെയും കുറുകെയും പലതവണ സഞ്ചരിച്ചിട്ടാണ്. ബസ്സും ഓട്ടോറിക്ഷയുമൊന്നും ഇല്ലാത്തേടത്ത് കാല്‍നടയായി ചെന്ന് വിവരങ്ങളന്വേഷിച്ച് ചിട്ടപ്പെടുത്തി പുസ്തകം രചിക്കുക എന്നത് മഹത്തായ ഒരു തപസ്യതന്നെയാണെന്ന് പറയ്യേുതില്ലല്ലോ. ഈ തപോനിഷ്ഠയുടെ ആദ്യഫലം മാത്രമാണ് നമ്മുടെ മുമ്പിലിരിക്കുന്ന പുസ്തകം. ഹിമവല്‍ഗിരിവരെ ചവുട്ടിമെതിച്ചിട്ടുള്ള ഒരന്വേഷകനാണ് രാജേന്ദ്രന്‍. ഭാവിയില്‍ ഭാരതക്ഷേത്രങ്ങളെ മുഴുവന്‍ പരിചയപ്പെടുത്തിത്തരുന്ന ഒരു ഗ്രന്ഥം ഇദ്ദേഹത്തിന്റെ കൈകളിലൂടെ പുറത്തുവരാനിടവരട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന. അങ്ങനെ പ്രാര്‍ത്ഥിക്കാന്‍ വസ്തുതകള്‍ എന്നെ പ്രേരിപ്പിക്കുന്നു. മനസ്സിന്റെ ഫലമാണല്ലോ വാക്ക്; വാക്കിന്റെ ഫലം കായികകര്‍മ്മവുമാണല്ലോ. രാജേന്ദ്രന്റെ ഈ മഹോദ്യമത്തിനു ഞാന്‍ സര്‍വഭാവുകവും നേരുന്നു. അദ്ദേഹം ജനിച്ചു വളര്‍ന്നേടത്താണല്ലോ കൊടുങ്ങ ല്ലൂരമ്മ വാണരുളുന്നത്. അവിടെ ഇരുന്നുകൊ്യുാണ് കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ ‘ഭാരതം’ പരിഭാഷപ്പെടുത്തിയത്. ആ ‘മഹോദയപുര’ത്തിന്റെ അനുഗ്രഹം രാജേന്ദ്രന്റെകൂടെ എന്നും ഉണ്ടായിരിക്കുമെന്നു നമുക്കൂഹിക്കാം. എങ്കില്‍ എല്ലാം സുസാധ്യമായി ഭവിക്കും. തീര്‍ച്ച.
Comments are closed.