ജിം കോര്‍ബറ്റിന്റെ നായാട്ട് അനുഭവങ്ങള്‍
സംഭ്രമജനകമായ നായാട്ട് അനുഭവങ്ങളിലൂടെ വായനക്കാരെ കോരിത്തരിപ്പിച്ച ലോകപ്രശസ്ത വന്യജീവി സംരക്ഷക പ്രചാരകനും എഴുത്തുകാരനുമായിരുന്നു ജിം കോര്‍ബറ്റ്. ബ്രിട്ടീഷ്-ഇന്ത്യന്‍ പൗരത്വമുള്ള കോര്‍ബറ്റ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലാണ് ചെലവഴിച്ചത്. ചമ്പാവതിയിലെ നരഭോജിയായ കടുവയെക്കൊന്ന് തന്റെ വേട്ടജീവിതം ആരംഭിച്ച ജിം കോര്‍ബറ്റ് തുടര്‍ന്ന് ഒരു ഡസനോളം നരഭോജികളായ കടുവകളെയും പുള്ളിപ്പുലികളെയും വെടിവെച്ചുകൊന്നിട്ടുണ്ട്. ഈ മൃഗങ്ങള്‍ വകവരുത്തിയവര്‍ 1500-ല്‍ ഏറെയായിരുന്നു.
ബ്രിട്ടീഷ് ഇന്ത്യന്‍ പട്ടാളത്തില്‍ കേണല്‍ റാങ്കുണ്ടായിരുന്ന ജിമ്മിന്റെ സര്‍ക്കാര്‍ ഇടക്കിടയ്ക്ക് വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാനായി വിളിച്ചു വരുത്തുമായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം ഒരു നല്ല ഫോട്ടൊഗ്രാഫറായി മാറുകയും വന്യജീവിസംരക്ഷണത്തിന്റെ പ്രചാരകനുമായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഉത്തരാഖണ്ഡില്‍ സ്ഥിതി ചെയ്യുന്ന കോര്‍ബറ്റ് ദേശീയോദ്യാനത്തിന് ആ പേരു നല്‍കിയത് ജിം കോര്‍ബറ്റിന്റെ സ്മരണാര്‍ഥമാണ്.
ജിം കോര്‍ബറ്റിന്റെ അവസാന കൃതിയാണ് ക്ഷേത്രക്കടുവയും കുമയോണിലെ നരഭോജികളും. ഹിമാലയന്‍ താഴ്‌വാരങ്ങളില്‍ ഭീതി വിതച്ച നരഭോജികളെ ജിം കോര്‍ബറ്റ് നേരിടുമ്പോള്‍ ശ്വാസമടക്കിയിരുന്നേ വായനക്കാര്‍ക്ക് താളുകള്‍ മറിയ്ക്കാന്‍ സാധിക്കുകയുള്ളൂ. കറ തീര്‍ന്ന വേട്ടക്കാരന്‍ എന്ന നിലയില്‍ അറിയപ്പെടുമ്പോഴും ജിം കോര്‍ബറ്റ് എന്ന മനുഷ്യനെയും അദ്ദേഹത്തിന്റെ പ്രകൃതിസ്‌നേഹത്തെയും അടുത്തറിയാന്‍ ഈ കൃതി ഉപകരിക്കും. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി എം.എസ് നായരാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
Comments are closed.