കനത്ത മഴയും നീരൊഴുക്കും വര്‍ദ്ധിക്കുന്നു; ഇടമലയാറില്‍ ഷട്ടറുകള്‍ തുറന്നു
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ഇന്ന് രാവിലെ അഞ്ച് മണിക്ക് രണ്ട് ഷട്ടറുകളാണ് ആദ്യം തുറന്നത്. ആറരക്ക് മൂന്നാമത്തേതും എട്ടു മണിക്ക് നാലാമത്തെ ഷട്ടറും തുറന്നു. അണക്കെട്ട് തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
169 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. കനത്ത മഴയും നീരൊഴുക്കും തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടില്‍ നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 600 ഘനമീറ്ററായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനു മുമ്പ് 2013-ലാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. 900 ഘനമീറ്റര്‍ വെള്ളം അന്ന് പുറത്തുവിട്ടിരുന്നു.
അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. 2398.66 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.
Comments are closed.