പുരുഷന്മാരെ പ്രണയിക്കാൻ പഠിപ്പിച്ചിട്ടില്ല – കെ. ആർ. മീര
“പുരുഷന്മാരെ പ്രണയിക്കാൻ പഠിപ്പിച്ചിട്ടില്ല, ഭരിക്കാൻ മാത്രമാണ് പഠിപ്പിച്ചിട്ടുള്ളത്” എന്ന് കെ. ആർ. മീര. എട്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എഴുത്തോല വേദിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബുക്ക് റിവ്യൂവറുമായ അമൽ ആർ വി പി, എഴുത്തുകാരിയും അധ്യാപികയുമായ പ്രാർത്ഥന മനോജ് എന്നിവരുമൊത്ത് നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മീര.
പുരോഗമന ചിന്താഗതിയുള്ള ഒരു തലമുറ നിലനിൽക്കുന്നുവെങ്കിലും അതിനു സമാന്തരമായി തന്നെപ്പോലെ തന്റെ കുട്ടികളെയും സാമൂഹിക ചട്ടക്കൂടിനുള്ളിലെ അടിമയായി മാത്രം ജീവിക്കാൻ നിർബന്ധിക്കുന്ന മാതാപിതാക്കളും നിലനിൽക്കുന്നുണ്ടെന്നു മീര ചൂണ്ടിക്കാട്ടി. ഇന്നു നിലനിൽക്കുന്ന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ സ്ത്രീയുടെ അവകാശങ്ങൾ ഹനിക്കപ്പെടാനുള്ള സാധ്യതകളേറെയാണെന്നും അവർ അഭിപ്രായപ്പെട്ടു. സമൂഹത്തിലിന്നും നിലനിൽക്കുന്ന ആണഹന്തയെ ഫാസിസത്തോട് ഉപമിച്ചുകൊണ്ട്, ഇറങ്ങിപ്പോകുവാൻ സ്വാതന്ത്ര്യമുള്ള സ്നേഹബന്ധങ്ങളിൽ മാത്രമേ സ്ത്രീകൾ തുടരേണ്ടതുള്ളു എന്നും മീര ഓർമ്മപ്പെടുത്തി.
രണ്ടാളുകൾക്കിടയിൽ എത്തരത്തിലുള്ള ബന്ധമാണെന്ന് ചൂഴ്ന്നു നോക്കുന്ന സമൂഹത്തിന്റെ അപരിഷ്കൃതമായ ഒളിക്കണ്ണുകൾക്കതീതമായി ഒരാൾക്ക് സ്വതാല്പര്യാർത്ഥം ജീവിക്കാമെന്നും സമൂഹമെന്ന ചട്ടക്കൂടിനെ പൊളിച്ചെറിയാനുള്ള പ്രചോദനം നൽകാനാണ് താൻ എഴുതിത്തുടങ്ങിയത് എന്നും മീര വ്യക്തമാക്കി.
ഒരു കാമുകൻ എങ്ങനെയായിരിക്കരുത് എന്ന് ഞങ്ങൾ ആൺകുട്ടികൾ പഠിച്ചത് കെ. ആർ. മീരയുടെ കഥകളിൽ നിന്നാണെന്ന് അമൽ അഭിപ്രായപ്പെട്ടപ്പോൾ ‘എന്തല്ല പ്രേമം എന്നു മാത്രമേ പഠിക്കാൻ പറ്റിയുള്ളൂ, എന്താണ് പ്രേമമെന്ന് ആരുമെന്നെ പഠിപ്പിച്ചിട്ടില്ല’ എന്ന തന്റെ മറുപടിയിലൂടെ പ്രണയത്തെക്കുറിച്ച് ആളുകൾ ബോധവാന്മാരാകേണ്ടതിന്റെ അനിവാര്യതയാണ് മീര ഓർമ്മിപ്പിക്കുന്നത്.
കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ