ഇതു പാചകശാല; രക്തസാക്ഷികളെ നിര്‍മ്മിക്കുന്ന പാര്‍ട്ടിയുടെ പണിപ്പുര
ടി.പി രാജീവന്റെ ക്രിയാശേഷം എന്ന നോവലിനെക്കുറിച്ച് ജി.പ്രമോദ് എഴുതിയത്
ഒരു കാലഘട്ടത്തിന്റെ പ്രതീകമായിരുന്നു കുഞ്ഞയ്യപ്പന്‍. പ്രസ്ഥാനത്തിനുവേണ്ടി ജീവിച്ച്, പ്രത്യയശാസ്ത്രത്തിനു സര്‍വം സമര്‍പ്പിച്ച്, ദാരിദ്ര്യവും ഒറ്റപ്പെടലും നന്‍മയായിക്കരുതിയ സഖാവിന്റെ നിസ്വാര്‍ഥജീവിതത്തിന്റെ പ്രതീകം. ജീവിതം കൊടുത്തു പ്രസ്ഥാനത്തെ വലുതാക്കാന്‍ ശ്രമിച്ചിട്ടും ജീവിതത്തെക്കാള്‍വിശ്വസിച്ച പ്രസ്ഥാനം ചതിക്കുമ്പോള്‍ ജീവിതമൊടുക്കി കുഞ്ഞയ്യപ്പന്‍. അതുമൊരു വിപ്ലവമായിരുന്നു. ഒരു വ്യക്തിക്കു നിര്‍വഹിക്കാന്‍ കഴിയുന്ന ആത്യന്തികവും പരമോന്നതവുമായ വിപ്ലവം. രക്തസാക്ഷിത്വം. കുഞ്ഞയ്യപ്പന്റെ രക്തസാക്ഷി സ്മാരകത്തില്‍ എം.സുകുമാരന്‍ എന്ന വിപ്ലവകാരിയായ എഴുത്തുകാരന്‍ കൊളുത്തിയ വിളക്കാണ് ‘ശേഷക്രിയ’ എന്ന നോവല്‍.
അണയാതെ കത്തുന്ന, എരിയുന്ന, ജ്വലിക്കുന്ന ആ ദീപശിഖയില്‍നിന്നു ടി.പി. രാജീവന്‍ പുതിയ കാലത്ത് ഒരു വിളക്കു കൊളുത്തുകയാണ് ക്രിയാശേഷം എന്ന നോവലിലൂടെ. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എം.സുകുമാരനിലേക്ക് പ്രവേശിക്കുന്നതിനൊപ്പം കഥാപാത്രമെന്ന നിലയില്‍ കുഞ്ഞയ്യപ്പന്റെ മകന്‍ കൊച്ചുനാണുവിലേക്ക് പരകായപ്രവേശം നടത്താന്‍ ശ്രമിക്കുകയാണ് പാലേരിമാണിക്യത്തിന്റെയും കെ.ടി.എന്‍.കോട്ടൂരിന്റെയും കഥാകാരന്‍. ആദ്യത്തെ രണ്ടു നോവലുകളിലും തനിക്കു പരിചിതമായ ഗ്രാമവ്യവസ്ഥയിലെ കാണാപ്പൊരുളുകള്‍ കണ്ടെടുത്ത രാജീവന്‍ ശൈലിയില്‍ വ്യത്യസ്തനെങ്കിലും ആശയപരമായി യോജിക്കുന്ന ഒരു എഴുത്തുകാരനെ പിന്തുടരാന്‍ ശ്രമിക്കുകയാണ് ക്രിയാശേഷത്തില്‍. എം.സുകുമാരന്‍ നിര്‍ത്തിയിടത്തുനിന്ന് തുടങ്ങാനുള്ള ശ്രമം.
വായിച്ചുകഴിഞ്ഞാലും മനസ്സില്‍ അവശേഷിക്കുന്ന വീര്യമായിരുന്നു ശേഷക്രിയയുടെ കരുത്ത്. എം.സുകുമാരന്റെ മറ്റെല്ലാ കഥകളും നോവലുകളും എന്നപോലെ. കുറേക്കാലത്തേക്ക് മാറാത്ത അസ്വസ്ഥത വിതച്ച വിപ്ലവകാരികൂടിയായിരുന്നു കുടിലിനു പിന്നിലെ മാവിന്‍കൊമ്പില്‍ തൂങ്ങിയാടിയ കുഞ്ഞയ്യപ്പന്‍. വീടിനും വീട്ടുകാര്‍ക്കും ഒന്നും കരുതിവയ്ക്കാതെ ആത്മഹത്യയില്‍ അഭയം കണ്ടെത്തിയ നിസ്സഹായന്‍. കുഞ്ഞയ്യപ്പന്‍ അവിടെ അവസാനിച്ചു. അല്ലെങ്കില്‍ പാര്‍ട്ടി അവിടെ അവസാനിപ്പിച്ചു. മനുഷ്യരില്‍ വര്‍ണവ്യത്യാസങ്ങളുണ്ടെങ്കിലും രക്തസാക്ഷികള്‍ക്ക് കറുപ്പും വെളുപ്പും വ്യത്യാസമുണ്ടോ? രക്തസാക്ഷികളെ സമ്പത്തിന്റെയും ദാരിദ്ര്യത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയും വിഭജിക്കുകയും ചെയ്യുമോ? ഈ ചോദ്യങ്ങളുടെ പ്രസക്തിയാണ് ക്രിയാശേഷത്തിന്റെ ആത്മാവ്.
രക്തസാക്ഷികളെ എത്രവേണമെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറാണെങ്കിലും സ്വയം ജീവിതം അവസാനിപ്പിച്ച ഒരു ഭീരുവിനെ പാര്‍ട്ടിക്ക് ഏറ്റെടുക്കാനാകുമോ? ഒരു ദുര്‍മരണത്തെ തലയില്‍ എടുത്തുവയ്ക്കാനാവുമോ? പ്രസ്ഥാനം അഴുക്കുനിറഞ്ഞ ഭാണ്ഡംപോലെ കുഞ്ഞയ്യപ്പനെ വിസ്മരിക്കുകയാണ്. ഒപ്പം പ്രസ്ഥാനത്തിനു വേണ്ടി ജീവിതം സമര്‍പ്പിക്കുന്നതിനിടെ സുരക്ഷിതമാക്കാന്‍ അയാള്‍ മറന്നുപോയ കുടുംബത്തെയും. പാര്‍ട്ടിക്കുവേണ്ടി ജീവന്‍ ത്യജിച്ചവര്‍ക്കായി കുടുംബസഹായനിധി പതിവാണ്. എന്നാല്‍ അതുപോലും നിഷേധിക്കപ്പെടുന്നു കുഞ്ഞയ്യപ്പന്. ഭാവിയിലേക്കു നോക്കി അന്തം വിട്ടിരിക്കാനേ കുഞ്ഞോമനയ്ക്കു കഴിയുന്നുള്ളൂ. കുഞ്ഞയ്യപ്പന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമകള്‍ കയ്യില്‍വച്ചുകൊടുത്ത ഇത്തിരിപ്പണത്തില്‍ ഏതാനും ദിവസങ്ങളേ മുന്നോട്ടുപോകൂ എന്നവര്‍ക്കറിയാം. സഹതപിക്കാന്‍ ആള്‍ക്കാരുണ്ട്. പക്ഷേ, സഖാവിന്റെ ഭാര്യയായ കുഞ്ഞോമനയ്ക്കു സഹതാപം വേണ്ട. സഹായിക്കാന്‍
ആള്‍ക്കാരുണ്ട്. അതു കടപ്പാടിന്റെ പേരിലാണെന്നതിനാല്‍ അതും നിരസിക്കുന്നു കുഞ്ഞോമന. പ്രിയപ്പെട്ട നിമിഷങ്ങളില്‍പ്പോലും സഖാവ് എന്നുമാത്രം വിളിക്കാന്‍ ആവശ്യപ്പെട്ട ഒരു മനുഷ്യന്റെ ഓര്‍മയില്‍, അയാള്‍ സമാഹരിച്ച മാര്‍ക്‌സ്-ഏംഗല്‍സ് ലെനിന്‍സഖാക്കന്‍മാരുടെ സമ്പൂര്‍ണകൃതികളും അടുക്കിവച്ച പെട്ടിയുമായി കുഞ്ഞോമനഒരു ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ്.തന്നെ ആശ്രയിച്ചുകഴിയുന്ന കൊച്ചുനാണുവിനുവേണ്ടി. കൊച്ചുകുട്ടിയായ നാണുവാകട്ടെ അപരിചിതരെ ഒഴിവാക്കി, അവരുടെ ലാളനകളും സ്‌നേഹപ്രകടനങ്ങളും വെറുത്ത്, അമ്മയുടെ മുണ്ടിന്‍തുമ്പിന്റെ ഭാഗമായി ഒരു ചോദ്യചിഹ്നം പോലെ നില്‍ക്കുന്നു. എം.സുകുമാരനില്‍നിന്ന് കൊച്ചുനാണുവിനെ ഏറ്റെടുക്കുകയാണ് ടി.പി.രാജീവന്‍. ആരുമറിയാതെപോയ ഒരു രക്തസാക്ഷിയില്‍നിന്ന് പാര്‍ട്ടി എങ്ങനെ എല്ലാരുമറിയുന്ന ഒരു രക്തസാക്ഷിയെ വളര്‍ത്തിയെടുക്കുന്നുഎന്നതിന്റെ ആഖ്യാനം. പാര്‍ട്ടിയില്‍ അടിയുറച്ചു വിശ്വസിക്കാത്തവര്‍ക്കെങ്കിലും ഒരു സംശയം തോന്നാം: രക്തസാക്ഷികള്‍ ഉണ്ടാകുന്നതെങ്ങനെയാണ്? ക്രിയാശേഷം ഒരു രക്തസാക്ഷിയുടെ സൃഷ്ടിയുടെ ചരിത്രമാണ്. മാറിയ കാലത്ത്, പുതിയ ലോകത്ത് എങ്ങനെ ഒരു രക്തസാക്ഷി സൃഷ്ടിക്കപ്പെടുന്നുവെന്നതിന്റെ സംക്ഷിപ്തചരിത്രം.
കടപ്പാട്: മനോരമ ഓണ്‍ലൈന്‍
Comments are closed.