DCBOOKS
Malayalam News Literature Website

ടി.പി രാജീവന്റെ പുതിയ നോവല്‍ ‘ക്രിയാശേഷം’ പ്രകാശനം ചെയ്തു

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ടി.പി രാജീവന്റെ ഏറ്റവും പുതിയ നോവല്‍ ക്രിയാശേഷം പ്രകാശനം ചെയ്തു. കോഴിക്കോട് അളകാപുരി ജൂബിലി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍  വി.മുസഫര്‍ അഹമ്മദിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. പരിപാടിയില്‍ ഡോ. വിനോദ് ചന്ദ്രന്‍ പുസ്തകപരിചയം നടത്തി. ടി.പി രാജീവന്‍, കെ.വി. ശശി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

1979-ല്‍ പ്രസിദ്ധീകരിച്ച, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട  എം.സുകുമാരന്റെ  ശേഷക്രിയ  എന്ന നോവലിന്റെ തുടര്‍ച്ചയാണ് ക്രിയാശേഷം. പാര്‍ട്ടിക്കു വേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച്, ഒടുവില്‍ പാര്‍ട്ടിനയങ്ങളെ ചോദ്യം ചെയ്തപ്പോള്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ട കുഞ്ഞയ്യപ്പന്‍ ദാരിദ്ര്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയാണ്. ജീവിതത്തില്‍ നിന്നും വിടുതല്‍വാങ്ങിയ കുഞ്ഞയ്യപ്പനെ പാര്‍ട്ടി പിന്നീട് രക്തസാക്ഷിയാക്കി. കുഞ്ഞയ്യപ്പന്റെ മകന്‍ കൊച്ചുനാണുവിന്റെ കഥയാണ് ക്രിയാശേഷത്തില്‍ പറയുന്നത്. രക്തസാക്ഷികളെ നിര്‍മ്മിക്കുന്ന പാര്‍ട്ടിക്കു നേരെയുള്ള ഒരു ചൂണ്ടുവിരലാണ് ഈ നോവല്‍. ഡി.സി ബുക്‌സാണ് ക്രിയാശേഷം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നോവലിനെ കുറിച്ച് ടി.പി. രാജീവന്‍ പറയുന്നത് ഇപ്രകാരമാണ്.” 1980-കളില്‍ ഞാന്‍ ഈ നോവല്‍ വായിക്കുമ്പോള്‍ ഇതിലെ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നവരായി തോന്നിയിട്ടുണ്ട്. കഥയ്ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവരല്ല, പകരം നമുക്കു ചുറ്റിലും ജീവിക്കുന്ന  മനുഷ്യരാണെന്ന തോന്നലുളവാക്കിയിരുന്നു. പിന്നീട് ഈ കഥാപാത്രങ്ങള്‍ക്ക് എന്തുസംഭവിച്ചു എന്ന ആലോചനയില്‍ നിന്നാണ് ഈ നോവല്‍ ഉരുത്തിരിയുന്നത്. അച്ഛന്റെ രാഷ്ട്രീയപാരമ്പര്യവും അദ്ദേഹത്തിനു സംഭവിച്ച അത്യാഹിതവും മനസ്സില്‍ സൂക്ഷിക്കുന്ന നോവലിലെ കൊച്ചുനാണു നമുക്കിടയില്‍ ഇപ്പോഴും ജീവിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം.”

Comments are closed.