DCBOOKS
Malayalam News Literature Website

ഇതു പാചകശാല; രക്തസാക്ഷികളെ നിർമിക്കുന്ന പാർട്ടിയുടെ പണിപ്പുര

ഒരു കാലഘട്ടത്തിന്റെ പ്രതീകമായിരുന്നു കുഞ്ഞയ്യപ്പൻ. പ്രസ്ഥാനത്തിനുവേണ്ടി ജീവിച്ച്, പ്രത്യയശാസ്ത്രത്തിനു സർവം സമർപ്പിച്ച്, ദാരിദ്ര്യവും ഒറ്റപ്പെടലും നൻമയായിക്കരുതിയ സഖാവിന്റെ നിസ്വാർഥ ജീവിതത്തിന്റെ പ്രതീകം. ജീവിതം കൊടുത്തു പ്രസ്ഥാനത്തെ വലുതാക്കാൻ ശ്രമിച്ചിട്ടും ജീവിതത്തേക്കാൾ വിശ്വസിച്ച പ്രസ്ഥാനം ചതിക്കുമ്പോൾ ജീവിതമൊടുക്കി കുഞ്ഞയ്യപ്പൻ. അതുമൊരു വിപ്ലവമായിരുന്നു. ഒരു വ്യക്തിക്കു നിർവഹിക്കാൻ കഴിയുന്ന ആത്യന്തികവും പരമോന്നതവുമായ വിപ്ലവം. രക്തസാക്ഷിത്വം. കുഞ്ഞയ്യപ്പന്റെ രക്തസാക്ഷി സ്മാരകത്തിൽ എം. സുകുമാരൻ എന്ന വിപ്ലവകാരിയായ എഴുത്തുകാരൻ കൊളുത്തിയ വിളക്കാണ് ‘ശേഷക്രിയ’ എന്ന നോവൽ.

അണയാതെ കത്തുന്ന, എരിയുന്ന, ജ്വലിക്കുന്ന ആ ദീപശിഖയിൽനിന്നു ടി.പി. രാജീവൻ പുതിയ കാലത്ത് ഒരു വിളക്കു കൊളുത്തുകയാണ്– ക്രിയാശേഷം എന്ന നോവലിലൂടെ. ഒരു എഴുത്തുകാരൻ എന്ന നിലയിൽ എം.സുകുമാരനിലേക്ക് പ്രവേശിക്കുന്നതിനൊപ്പം കഥാപാത്രമെന്ന നിലയിൽ കുഞ്ഞയ്യപ്പന്റെ മകൻ കൊച്ചുനാണുവിലേക്ക് പരകായപ്രവേശം നടത്താൻ ശ്രമിക്കുകയാണ് പാലേരിമാണിക്യത്തിന്റെയും കെ.ടി.എൻ.കോട്ടൂരിന്റെയും കഥാകാരൻ. ആദ്യത്തെ രണ്ടു നോവലുകളിലും തനിക്കു പരിചിതമായ ഗ്രാമവ്യവസ്ഥയിലെ കാണാപ്പൊരുളുകൾ കണ്ടെടുത്ത രാജീവൻ ശൈലിയിൽ വ്യത്യസ്തനെങ്കിലും ആശയപരമായി യോജിക്കുന്ന ഒരു എഴുത്തുകാരനെ പിന്തുടരാൻ ശ്രമിക്കുകയാണ് ക്രിയാശേഷത്തിൽ. എം.സുകുമാരൻ നിർത്തിയിടത്തുനിന്ന് തുടങ്ങാനുള്ള ശ്രമം.

വായിച്ചുകഴിഞ്ഞാലും മനസ്സിൽ അവശേഷിക്കുന്ന വീര്യമായിരുന്നു ശേഷക്രിയയുടെ കരുത്ത്. എം.സുകുമാരന്റെ മറ്റെല്ലാ കഥകളും നോവലുകളും എന്നപോലെ. കുറേക്കാലത്തേക്ക് മാറാത്ത അസ്വസ്ഥത വിതച്ച വിപ്ലവകാരി കൂടിയായിരുന്നു കുടിലിനു പിന്നിലെ മാവിൻകൊമ്പിൽ തൂങ്ങിയാടിയ കുഞ്ഞയ്യപ്പൻ. വീടിനും വീട്ടുകാർക്കും ഒന്നും കരുതിവയ്ക്കാതെ ആത്മഹത്യയിൽ അഭയം കണ്ടെത്തിയ നിസ്സഹായൻ. കുഞ്ഞയ്യപ്പൻ അവിടെ അവസാനിച്ചു. അല്ലെങ്കിൽ പാർട്ടി അവിടെ അവസാനിപ്പിച്ചു. മനുഷ്യരിൽ വർണവ്യത്യാസങ്ങളുണ്ടെങ്കിലും രക്തസാക്ഷികൾക്ക് കറുപ്പും വെളുപ്പും വ്യത്യാസമുണ്ടോ? രക്തസാക്ഷികളെ സമ്പത്തിന്റെയും ദാരിദ്ര്യത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിക്കുകയും വിഭജിക്കുകയും ചെയ്യുമോ? ഈ ചോദ്യങ്ങളുടെ പ്രസക്തിയാണ് ക്രിയാശേഷത്തിന്റെ ആത്മാവ്.

രക്തസാക്ഷികളെ എത്രവേണമെങ്കിലും ഏറ്റെടുക്കാൻ തയാറാണെങ്കിലും സ്വയം ജീവിതം അവസാനിപ്പിച്ച ഒരു ഭീരുവിനെ പാർട്ടിക്ക് ഏറ്റെടുക്കാനാകുമോ? ഒരു ദുർമരണത്തെ തലയിൽ എടുത്തുവയ്ക്കാനാവുമോ? പ്രസ്ഥാനം അഴുക്കുനിറഞ്ഞ ഭാണ്ഡം പോലെ കുഞ്ഞയ്യപ്പനെ വിസ്മരിക്കുകയാണ്. ഒപ്പം പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിക്കുന്നതിനിടെ സുരക്ഷിതമാക്കാൻ അയാൾ മറന്നുപോയ കുടുംബത്തെയും. പാർട്ടിക്കുവേണ്ടി ജീവൻ ത്യജിച്ചവർക്കായി കുടുംബസഹായനിധി പതിവാണ്. എന്നാൽ അതുപോലും നിഷേധിക്കപ്പെടുന്നു കുഞ്ഞയ്യപ്പന്. ഭാവിയിലേക്കു നോക്കി അന്തം വിട്ടിരിക്കാനേ കുഞ്ഞോമനയ്ക്കു കഴിയുന്നുള്ളൂ. കുഞ്ഞയ്യപ്പൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമകൾ കയ്യിൽവച്ചുകൊടുത്ത ഇത്തിരിപ്പണത്തിൽ ഏതാനും ദിവസങ്ങളേ മുന്നോട്ടുപോകൂ എന്നവർക്കറിയാം. സഹതപിക്കാൻ ആൾക്കാരുണ്ട്. പക്ഷേ, സഖാവിന്റെ ഭാര്യയായ കുഞ്ഞോമനയ്ക്കു സഹതാപം വേണ്ട. സഹായിക്കാൻ ആൾക്കാരുണ്ട്. അതു കടപ്പാടിന്റെ പേരിലാണെന്നതിനാൽ അതും നിരസിക്കുന്നു കുഞ്ഞോമന. പ്രിയപ്പെട്ട നിമിഷങ്ങളിൽപ്പോലും സഖാവ് എന്നുമാത്രം വിളിക്കാൻ ആവശ്യപ്പെട്ട ഒരു മനുഷ്യന്റെ ഓർമയിൽ, അയാൾ സമാഹരിച്ച മാർക്സ്–ഏംഗൽസ്–ലെനിൻ സഖാക്കൻമാരുടെ സമ്പൂർണ കൃതികളും അടുക്കിവച്ച പെട്ടിയുമായി കുഞ്ഞോമന ഒരു ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ്. തന്നെ ആശ്രയിച്ചുകഴിയുന്ന കൊച്ചുനാണുവിനുവേണ്ടി. കൊച്ചുകുട്ടിയായ നാണുവാകട്ടെ അപരിചിതരെ ഒഴിവാക്കി, അവരുടെ ലാളനകളും സ്നേഹപ്രകടനങ്ങളും വെറുത്ത്, അമ്മയുടെ മുണ്ടിൻതുമ്പിന്റെ ഭാഗമായി ഒരു ചോദ്യചിഹ്നം പോലെ നിൽക്കുന്നു. എം.സുകുമാരനിൽനിന്ന് കൊച്ചുനാണുവിനെ ഏറ്റെടുക്കുകയാണ് ടി.പി.രാജീവൻ. ആരുമറിയാതെപോയ ഒരു രക്തസാക്ഷിയിൽനിന്ന് പാർട്ടി എങ്ങനെ എല്ലാരുമറിയുന്ന ഒരു രക്തസാക്ഷിയെ വളർത്തിയെടുക്കുന്നു എന്നതിന്റെ ആഖ്യാനം.

പാർട്ടിയിൽ അടിയുറച്ചു വിശ്വസിക്കാത്തവർക്കെങ്കിലും ഒരു സംശയം തോന്നാം. രക്സാക്ഷികൾ ഉണ്ടാകുന്നതെങ്ങനെയാണ്? ക്രിയാശേഷം ഒരു രക്തസാക്ഷിയുടെ സൃഷ്ടിയുടെ ചരിത്രമാണ്. മാറിയ കാലത്ത്, പുതിയ ലോകത്ത് എങ്ങനെ ഒരു രക്സസാക്ഷി Textസൃഷ്ടിക്കപ്പെടുന്നുവെന്നതിന്റെ സംക്ഷിപ്ത ചരിത്രം. ഒപ്പം രക്തസാക്ഷികൾക്കു മരണമില്ലെന്ന മിത്തിന്റെ നിഗൂഡതയും രാജീവൻ അനാവരണം ചെയ്യുന്നു. തലമുറകളിലൂടെ രക്തസാക്ഷികൾ എങ്ങനെ ആവർത്തിക്കപ്പെടുന്നുവെന്ന്. രക്തസാക്ഷികൾ എങ്ങനെ സ്വന്തം ചരമചിത്രങ്ങളിൽതന്നെ പൂമാല ചാർത്തുന്നുവെന്ന്.

സുഹൃത്തുക്കളായ സഖാക്കൾക്കും പാർട്ടിക്കും വേണ്ടിയെഴുതിയ കത്തിൽ കുഞ്ഞയ്യപ്പൻ ഒരു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തന്റെ പേരിൽ രൂപീകരിക്കുന്ന കുടുംബസഹായനിധികൊണ്ട് നിർമിക്കുന്ന വീടിനെക്കുറിച്ചും ഏകമകനെക്കുറിച്ചുമുള്ള സ്വപ്നമാണത്. ആ വീടിന്റെ മട്ടുപ്പാവിലിരുന്നാൽ നാറുന്ന ചേരിപ്രദേശങ്ങളോ അഴുക്കുപുരണ്ട അഗതിമന്ദിരങ്ങളോ തൊഴിലാളികളുടെ ചെറ്റക്കുടിലുകളോ കാണരുത്. കൊച്ചുനാണു എന്റെ മകനാണ്. നിത്യദാരിദ്ര്യത്തിന്റെ പുകയാത്ത അടുപ്പുകൾ തേടി അവനിറങ്ങിയെന്നുവരാം. അത് അവനെ ചിന്തിപ്പിക്കാനും ചിലതൊക്കെ പ്രവർത്തിപ്പിക്കാനും പ്രേരിപ്പിച്ചുകൂടായ്കയില്ല. അവൻ എന്നെപ്പോലെ ഒരു റൊമാന്റിക് റവലൂഷണറിയായിത്തീരാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം. ചരിത്രം ആവർത്തിക്കരുതല്ലോ.

പാർട്ടി കുടുംബസഹായനിധി രൂപീകരിക്കാൻ ഇറങ്ങിയില്ല. പകരം ക്യൂബയിലെ സഖാക്കൾക്കുവേണ്ടി കിട്ടാവുന്നത്രയും പിരിച്ചെടുത്തു. ‘ഈ രക്തത്തിൽ തങ്ങൾക്കു പങ്കില്ലെന്നു’ കൈ കഴുകി കുഞ്ഞയ്യപ്പനിൽനിന്നു മാറിനിൽക്കുകയും ചെയ്തു. ഒടുവിൽ, കുഞ്ഞോമനയുടെയും കൊച്ചുനാണുവിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്തത് മറ്റു രണ്ടു സഖാക്കൾ. പാർട്ടിയുടെ നിർദേശം പാലിച്ചല്ല, മനസാക്ഷിയുടെ നിർദേശം അനുസരിച്ചാണ് അവർ നിസ്സഹായരായ ഒരു കുടുംബത്തെ ഏറ്റെടുത്തതും. അവിടെത്തുടങ്ങുന്ന ജീവിതയാത്രയിൽ സ്ഥലകാലങ്ങളെ അട്ടിമറിച്ചുകൊണ്ടും യുക്തിയെ അപ്രസക്തമാക്കിക്കൊണ്ടും രാജീവൻ കൊച്ചുനാണുവിനെ പിൻപറ്റുകയാണ്. സ്കൂൾ വിദ്യാർഥി, കോളജ് വിദ്യാർഥി, അമേരിക്കയിലെ എൻജിനീയർ, നാട്ടിൽ ടെക്നോപാർക്കിലെ ഐടി ഉദ്യോഗസ്ഥൻ എന്നീ ജീവിതാവസ്ഥകളിലൂടെ. കുഞ്ഞോമനയും കാമുകി ഭദ്രയും രൂപമില്ലാത്ത വിലാസിനി എന്ന സ്ത്രീയും കൊച്ചുനാണുവിന്റെ ഭാഗധേയത്തിന്റെ ഭാഗമാകുന്നു. പാർട്ടിയുടെ അംഗീകാരമില്ലാത്ത രക്തസാക്ഷിയുടെ മകനിൽനിന്ന് പാർട്ടിക്കു പ്രിയപ്പെട്ട ബലിമൃഗത്തിലേക്കാണ് അവന്റെ വളർച്ച. കുഞ്ഞയ്യപ്പൻ ആഗ്രഹിച്ചതുപോലെ നാറുന്ന ചേരിപ്രദേശങ്ങൾക്കും അഗതിമന്ദിരങ്ങൾക്കുമകലെ കൊച്ചുനാണു ഒരു ഫ്ലാറ്റ് സ്വന്തമാക്കി. പതിന്നാലാം നിലയിൽ. ഒരിക്കൽ അവർക്ക് അഭയം കൊടുത്ത അതേ കോളനി പ്രദേശം ഇടിച്ചുനിരത്തിയാണ് ഫ്ലാറ്റ് നിർമിച്ചതെന്ന വിരോധാഭാസമുണ്ടെങ്കിലും. അച്ഛൻ ആഗ്രഹിച്ചതുപോലെ മകൻ ചിന്തിക്കാൻ തയാറാകുന്നു. പ്രവർത്തിക്കുന്നു. പക്ഷേ, മകൻ എന്താകരുതെന്ന് പിതാവ് ആഗ്രഹിച്ചോ അതേ വിധിയിലേക്ക് അവൻ നടന്നടുക്കുകതന്നെ ചെയ്തു. ഒരു റൊമാന്റിക് റെവലൂഷണറിയായി. കാൽപനിക ബുദ്ധിജീവിയായി.

ശേഷക്രിയയിൽനിന്ന് ക്രിയാശേഷത്തിലേക്കുള്ള മാറ്റം എം.സുകുമാരനിൽ‌നിന്ന് ടി.പി.രാജീവനിലേക്കുള്ള മാറ്റം മാത്രമല്ല, കുഞ്ഞയ്യപ്പനിൽനിന്നു കൊച്ചുനാണുവിലേക്കുള്ള മാറ്റം മാത്രവുമല്ല, രക്തസാക്ഷിയിൽനിന്നു ബലിമൃഗത്തിലേക്കുള്ള മാറ്റമാണ്. അത് ഇന്നത്തെ കാലത്തിന്റെ കഥയാണ്. നാം ചവിട്ടിനിൽക്കുന്ന മണ്ണിന്റെ നനവാണ്. നാം വിളിക്കുന്ന മുദ്രാവാക്യത്തിന്റെ ഉയിരും ഉശിരുമാണ്.

ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR ഇന്നത്തെ ബെസ്റ്റ് സെല്ലേഴ്‌സിൽ വായനക്കാർക്കായി ടി.പി രാജീവന്റെ ‘ക്രിയാശേഷം’ എന്ന കൃതിയും

tune into https://dcbookstore.com/

ടി.പി രാജീവന്റെ ‘ക്രിയാശേഷം’ എന്ന പുസ്തകത്തിന് ജി.പ്രമോദ് എഴുതിയ വായനാനുഭവം
കടപ്പാട്;മനോരമ ഓൺലൈൻ

Comments are closed.