DCBOOKS
Malayalam News Literature Website

കൃതി അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 6 മുതല്‍ കൊച്ചിയില്‍

കൊച്ചി: കൃതി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാഹിത്യോത്സവത്തിന്റെയും മൂന്നാം പതിപ്പ് ഫെബ്രുവരി 06 മുതല്‍ 16 വരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്നു. സംസ്ഥാന സഹകരണവകുപ്പും സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഡി സി ബുക്‌സ് ഉള്‍പ്പെടെ നിരവധി പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ക്കു പുറമെ ബംഗാളി, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളിലുള്ള പുസ്തകങ്ങളും മേളയിലുണ്ടാകും.

ഫെബ്രുവരി ആറാം തീയതി വൈകിട്ട് ആറു മണിക്ക് ഡോ.എം.ലീലാവതിയും പ്രൊഫ.എം.കെ.സാനുവും ചേര്‍ന്ന് പുസ്തകമേള ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച ഉച്ചമുതല്‍ പൊതുജനങ്ങള്‍ക്കു പ്രവേശിക്കാം. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം 15-ാം തീയതി വൈകിട്ട് മൂന്നിന് നടക്കും.

കുട്ടികള്‍ക്ക് പുസ്തക കൂപ്പണുകള്‍

ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ 1.5 കോടി രൂപയുടെ പുസ്തക കൂപ്പണുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹകരണസ്ഥാപനങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കും. ഇവയുമായി മേളയിലെത്തി പുസ്തകം വാങ്ങാം.

75,000 ചതുരശ്ര അടിയുള്ള പൂര്‍ണ്ണമായും ശീതികരിച്ച പവിലിയനിലാണ് മേള നടത്തുന്നത്. 68 സെഷനിലായി ഇരുന്നൂറ്റഞ്ചോളം എഴുത്തുകാരും ചിന്തകരും മേളയില്‍ പങ്കെടുക്കും. ജ്ഞാനപീഠ ജേതാക്കളായ പ്രതിഭാ റായി, എം ടി വാസുദേവന്‍നായര്‍ എന്നിവരും എ ആര്‍ വെങ്കിടാചലപതി, പി സായ്‌നാഥ്, ശശി തരൂര്‍, ഡോ. ബദ്രി നാരായണന്‍, ജയ്‌റാം രമേഷ്, പ്രൊഫ. എം.കെ.സാനു, ഡോ.എം.ലീലാവതി, സച്ചിദാനന്ദന്‍, എന്‍.എസ്. മാധവന്‍, ടി.പത്മനാഭന്‍, ശ്രീകുമാരന്‍തമ്പി, എം മുകുന്ദന്‍, വൈശാഖന്‍, രാജന്‍ ഗുരുക്കള്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, വി.കെ.രാമചന്ദ്രന്‍, അര്‍ച്ചനാസിങ്, പപ്പന്‍ പത്മകുമാര്‍, രാജേന്ദ്ര കിഷോര്‍ പാണ്ഡെ, സുമരാബ്ദുള്ള അലി എന്നിവര്‍ പങ്കെടുക്കും. ആര്‍ട്ട് ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, കുക്കറി ഷോ എന്നിവയും പുസ്തകമേളയുടെ ഭാഗമായുണ്ടാകും.

Comments are closed.