DCBOOKS
Malayalam News Literature Website

കൃഷ്ണ സോബ്ദിക്ക് ആദരാഞ്ജലികള്‍

ദില്ലി: പ്രശസ്ത ഹിന്ദി എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവുമായ കൃഷ്ണ സോബ്ദിക്ക് (93)വിട. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദില്ലിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

പാക്-പഞ്ചാബ് പ്രവിശ്യയിലെ ഗുജറാത്തില്‍ 1952 ഫെബ്രുവരി 18-നായിരുന്നു കൃഷ്ണ സോബ്ദിയുടെ ജനനം. ദില്ലിയിലും ഷിംലയിലും ലാഹോറിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. ലാഹോറിലെ പഠനകാലത്ത് വിഭജനത്തെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. ദോഗ്രി എഴുത്തുകാരന്‍ ശിവ്‌നാഥാണ് ഭര്‍ത്താവ്. എഴുപതാം വയസ്സിലാണ് കൃഷ്ണ ശിവ്‌നാഥിനെ വിവാഹം ചെയ്തത്.

ഹിന്ദി-ഉര്‍ദ്ദു-പഞ്ചാബി സംസ്‌കാരങ്ങളുടെ വിവിധ ഭാവങ്ങളാണ് സോബ്തിയുടെ സാഹിത്യത്തിന്റെ അന്തര്‍ധാര. വിഭജനകാലത്തിന്റെ ഓര്‍മകളും മാറുന്ന ഇന്ത്യയില്‍ മാനുഷികബന്ധങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങളും കാലത്തിനൊപ്പം ചോരുന്ന മാനുഷികമൂല്യങ്ങളും ആവിഷ്‌കരിക്കുന്നതാണ് സോബ്ദിയുടെ രചനകള്‍.

സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കൃഷ്ണ സോബ്ദിക്ക് 2017-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചിരുന്നു. 2010-ല്‍ സര്‍ക്കാര്‍ പത്മഭൂഷണ്‍ അവാര്‍ഡ് നല്‍കിയിരുന്നുവെങ്കിലും അവര്‍ അത് നിരസിച്ചിരുന്നു. 1980-ല്‍ സിന്ദഗിനാമ എന്ന കൃതിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. 1996-ല്‍ അക്കാദമിയുടെ ഏറ്റവും ഉന്നത പുരസ്‌കാരമായ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പിനും അര്‍ഹയായിട്ടുണ്ട്. എന്നാല്‍ 2015-ല്‍ ദാദ്രി സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധസൂചകമായി കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് എന്നിവ തിരികെ നല്‍കിയിരുന്നു.

പ്രധാന കൃതികള്‍: ദര്‍വാരി, മിത്ര മസാനി, മനന്‍ കീ മാന്‍, ടിന്‍ പഹദ്, ക്ലൗഡ് സര്‍ക്കിള്‍, ഫ്ളവേഴ്‌സ് ഓഫ് ഡാര്‍ക്ക്‌നസ്, ലൈഫ്, എ ഗേള്‍, ടൈം സര്‍ഗം.

 

Comments are closed.