DCBOOKS
Malayalam News Literature Website

അന്ധവിശ്വാസം പെരുകുന്ന കേരളം

അന്ധവിശ്വാസങ്ങളുടെ നാടായി മാറിയിരിക്കുകയാണ് കേരളം. ജാതിയുടെയും മതത്തിന്റെയും പേരില്‍ അന്ധത ബാധിച്ച ഒരു സമൂഹം എങ്ങനെയാണ് പുരോഗമന വാദികളാകുന്നത്? എത്ര വികസനം വന്നുവെന്ന് ആണയിട്ടുപറഞ്ഞാലും നമ്മെ പിന്നോട്ടടിക്കുന്ന വസ്തുതകളിലൊന്നല്ലേ ഈ അന്ധവിശ്വാസം. മകളുടെ വിവാഹം നടക്കുന്നതിനു വേണ്ടി അമ്മ മകളറിയാതെ കൃപാസനം പത്രം ഭക്ഷണത്തില്‍ അരച്ചുചേര്‍ത്തു കൊടുത്ത വാര്‍ത്തയാണ് അടുത്തിടെ മലയാളിയുടെ അന്ധവിശ്വാസത്തിന്റെ ആഴമളന്ന ഒരു സംഭവം. ഭക്ഷ്യവിഷബാധയേറ്റ മകള്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്.

ആത്മീയധ്യാനകേന്ദ്രത്തിന്റെ മറവില്‍, സാമാന്യബുദ്ധിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഏതാനും നാളുകളായി ആലപ്പുഴ കലവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി.പി ജോസഫിന്റെ കൃപാസനം ധ്യാനകേന്ദ്രവും പത്രവും നടത്തുന്നത്. പരമ്പരാഗത ക്രൈസ്തവ കലാരൂപങ്ങളുടെ സംരക്ഷണാര്‍ത്ഥം കേരള സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മ്മിച്ച കെട്ടിടത്തിലാണ് ആധ്യാത്മികതയുടെ പേരിലുള്ള ഈ കച്ചവടം. പത്രം പൊതിഞ്ഞുവെച്ചാല്‍ അതല്ലെങ്കില്‍ അരച്ചുകുടിച്ചാല്‍ രോഗശമനം ഉണ്ടാകുമെന്നും പ്രാര്‍ത്ഥനയിലെ മധ്യസ്ഥത കൊണ്ട് പല അത്ഭുതങ്ങളും സംഭവിക്കുമെന്നുള്ള സാക്ഷ്യങ്ങള്‍ എത്ര ബുദ്ധിശൂന്യതയിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. സാക്ഷരര്‍ എന്ന് അഭിമാനിക്കുന്ന കേരളീയര്‍ ഇത്തരം അന്ധവിശ്വാസങ്ങളുടെ പിന്നാലെ പായുന്നതു കാണുമ്പോള്‍, എവിടെയാണ് നമുക്ക് പിഴച്ചതെന്ന് സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു.

സാധാരണക്കാരാണ് ഇത്തരം തട്ടിപ്പുകളില്‍ പെട്ടുപോകുന്നത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ദുര്‍ബ്ബലരെ ചൂഷണം ചെയ്യുന്ന ഇത്തരക്കാരെ പിടികൂടാന്‍ രാജ്യത്ത് നിയമസംവിധാനങ്ങളില്ലേ? ആത്മീയ തട്ടിപ്പുകളെ പ്രതിരോധിക്കാനുള്ള ശക്തമായ നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്. നമ്മുടെ സമൂഹത്തെ അന്ധവിശ്വാസമെന്ന അന്ധകാരത്തില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമാണ്.

 

 

 

 

Comments are closed.