‘ക്രാ’ അസംബന്ധ ലോകത്തെ കഥകളുടെ കരച്ചില്‍
ഡിന്നു ജോര്‍ജിന്റെ ‘ക്രാ’ എന്ന പുസ്തകത്തെക്കുറിച്ച് പി ജിംഷാര്‍ തയ്യാറാക്കിയ നിരൂപണം
കടപ്പാട്- wtplive.in
തന്റെ അച്ഛനമ്മമാരോടും സഹോദരിയോടുമൊപ്പം ജീവിക്കുന്ന ഗ്രിഗര്‍ സംസാ എന്ന സേല്‍സ് റെപ്രസന്റേറ്റീവ്, ഒരു പ്രഭാതത്തില്‍ അസ്വസ്ഥമായൊരു സ്വപ്‌നത്തിനിടയില്‍ നിന്നും ഉറക്കം ഉണരുന്നു. ഉറക്കത്തില്‍ താനൊരു വലിയ കീടമായി മാറിയിരിക്കുന്നു എന്ന തിരിച്ചറിവില്‍ അയാള്‍ ഉണരുന്നു. കീടമായി മാറിയ ഗ്രിഗര്‍ സംസായെ കുറിച്ച് പറഞ്ഞു കൊണ്ടാണ്, ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാത ജര്‍മ്മന്‍ സാഹിത്യകാരന്‍ ഫ്രാന്‍സിസ് കാഫ്ക തന്റെ മെറ്റമോര്‍ഫോസിസ് (Metamorphosis) എന്ന നോവെല്ല ആരംഭിക്കുന്നത്. നൂറ്റാണ്ടികള്‍ക്കിപ്പുറം കാഫ്കയുടെ വഴിയാണ് തന്റേതെന്ന് പ്രഖ്യാപിച്ചു കൊണ്ട് കാഫ്കയുടെ ഡയറിയിലെ വരികള്‍ ഉദ്ധരിച്ചു കൊണ്ടാണ് ഡിന്നു ജോര്‍ജ് തന്റെ ‘ക്രാ’എന്ന കഥ സമാഹാരം ആരംഭിക്കുന്നത്. മെറ്റമോര്‍ഫോസിസില്‍ ഗ്രിഗര്‍ സംസായൊരു കീടമായി മാറിയെങ്കില്‍ ‘ക്രാ’ എന്ന കഥയില്‍ കുഞ്ഞുവറീതിന്റെ അപ്പന്‍ കാക്കയായാണ് മാറിയത്.
കഥ പറയാനായി കാഫ്കയെ പോലെ അസംബന്ധങ്ങളുടെ ലോകമാണ് ഡിന്നു ജോര്‍ജും തെരഞ്ഞെടുത്തിട്ടുള്ളത്. അസംബന്ധ ലോകത്തെ അരക്ഷിതത്വത്തില്‍ പെട്ടുപോയവരുടെ കരച്ചിലായാണ് ‘ക്രാ’ എന്ന കഥ വായനക്കാരെ കീഴടക്കുന്നത്. ഇന്ത്യന്‍ വിശ്വാസങ്ങളുടെ പുനര്‍ജന്മ സാധ്യതയും കാഫ്കയുടെ അസംബന്ധ ലോകവും സമന്വയിപ്പിച്ച ആഖ്യാന തന്ത്രമാണ് ഈ കഥയില്‍ ഡിന്നു ജോര്‍ജ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഫ്രാന്‍സിസ് കാഫ്കയുടെ എഴുത്ത് ശൈലിയോടും മെറ്റമോര്‍ഫോസിസ് (Metamorphosis) എന്ന നോവല്ലെയോടും മൗലികമായ കടപ്പാട് ‘ക്രാ’ എന്ന കഥയ്ക്ക് ഉണ്ട്. എഴുത്തുകാരന്‍ തന്നെ സമ്മതികുന്ന ഈ മൗലികമായ കടംകൊള്ളല്‍ ‘ക്രാ’ എന്ന കഥയുടെ നിലവാരത്തെ ഉയര്‍ത്തുകയാണ്. അമ്മച്ചിയുടെ മരണമാണ് അപ്പച്ചന്റെയും കുഞ്ഞുവറീതിന്റെയും രൂപപരിണാമത്തിന് കാരണമെന്നതിനാല്‍, മരണം തീര്‍ക്കുന്ന അനിശ്ചിതത്വത്തിന്റെ കഥകൂടിയാണ് ‘ക്രാ’. പിതൃക്കള്‍ കാക്കയായി പിറവിയെടുത്ത് ‘ക്രാ..ക്രാ..’ശബ്ദത്തില്‍ കരഞ്ഞു നടക്കുന്നെന്ന വിശ്വാസത്തിന്റെ അസംബന്ധ ലോകത്ത് കുടുഞ്ഞിപ്പോയ കുഞ്ഞുവറീതിന്റെ അരക്ഷിതത്വത്തിന്റെ കരച്ചിലാണ് കഥാകൃത്ത് ഈ കഥയില്‍ അടയാളപ്പെടുത്തുന്നത്.
Absurd ആഖ്യാനത്തിലെ കാഫ്ക മാതൃക ഡിന്നു ജോര്‍ജിന് മുമ്പ് മലയാളത്തില്‍ പിന്‍തുടര്‍ന്ന എഴുത്തുകാരനാണ് മേതില്‍ രാധാകൃഷ്ണന്‍. അദ്ദേഹത്തിന്റെ ‘ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി’ എന്ന നോവലിന്റെ ആഖ്യാന ഘടനയെ അനുസ്മരിപ്പിക്കും വിധമാണ് ‘ശബ്ദങ്ങള്‍’ എന്ന കഥ ഡിന്നു ജോര്‍ജ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. വായനക്കാര്‍ക്ക് നിര്‍ദേശങ്ങളും നിബന്ധനകളും നല്‍കിക്കൊണ്ട് കഥയുടെ ഓരോ ഘട്ടത്തിലും ഇടപെട്ടുകൊണ്ടുള്ള ഈ ആഖ്യാനം കഥയെ ഏറെ സങ്കീര്‍ണമാക്കുന്നു. ഈ സങ്കീര്‍ണതയില്‍ നിന്നും നായകന്റെ പ്രശ്‌നത്തെ ലഘുവായി സമീപിച്ചാലത്, സംശയരോഗത്താല്‍ ‘തളത്തില്‍ ദിനേശന്റെ’ മാനസിക നിലകൈവരിച്ച നായകന്‍ തന്റെ ഭാര്യ ഉഷയെ കൊല്ലാന്‍ പുറപ്പെടുന്നതാണ്. തന്റെ ഭാര്യയുടെയും കാമുകന്റെയും ശൃംഗാര ശബ്ദങ്ങള്‍ കേട്ട് അസ്വസ്ഥനായി അവരെ കൊല്ലാന്‍ തുനിഞ്ഞിറങ്ങുന്നവന്റെ കഥയെ നവീനമായൊരു കഥയാക്കി മാറ്റുന്നത് ആഖ്യാനത്തിലെ സങ്കീര്‍ണതയാണ്. കാഫ്കയും മേതിലും സഞ്ചരിച്ച ക്രാഫ്റ്റിലെ പരീക്ഷണ വഴിയിലൂടെ ഡിന്നു ജോര്‍ജ് സഞ്ചരിക്കുമ്പോള്‍ വാര്‍ത്താപ്രാധാന്യം പോലും താരതമ്യേന കുറവുള്ളൊരു സാധാരണ സംഭവം അസംബന്ധങ്ങളുടെ കഥയായി രൂപാന്തരം പ്രാപിക്കുന്നു.
‘ക്രാ, ശബ്ദങ്ങള്‍’ എന്നീ കഥകളുടെ Absurd ആഖ്യാന ശൈലി ‘കുരിശിന്റെ വഴി’ എന്ന കഥയിലും ഡിന്നു ജോര്‍ജ് തുടരുന്നുണ്ട്. Absurd ആഖ്യാന ശൈലിയില്‍ കഥ പറയുമ്പോളും ഈ കഥ സങ്കീര്‍ണമാവാതിരിക്കാന്‍ കഥാകൃത്ത് ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. തങ്ങള്‍ കൊന്നുകളഞ്ഞവന്‍ കൊല്ലപ്പെട്ടില്ലെന്ന ആശങ്ക കൂട്ടാളി കൊച്ചുകുഞ്ഞിനോട് പങ്കുവെക്കുന്ന ബേബിച്ചന്റെ കഥയാണ് ‘കുരിശിന്റെ വഴി’. യേശുവിന്റെ കുരിശിന്റെ വഴിയെ കാലങ്ങള്‍ക്കിപ്പുറം, കൊലയാളികളായ രണ്ടുപേരുടെ ജീവിതത്തിലേക്ക് സന്നിവേശിപ്പിച്ചാണ് ഡിന്നു ജോര്‍ജ് കഥ മെനയുന്നത്. ഈ കഥ പറച്ചിലില്‍ ആഖ്യാന വഴി മാത്രമല്ല, കഥയാകെ Absurd ആയി മാറുന്നു.
തന്റെ ചോര കുടിച്ച അട്ടയോട് സൗഹൃദം സൂക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ഹൃദയ വിശാലതയുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്’ എന്ന നോവലിലെ കുഞ്ഞിപ്പാത്തുമ്മാന്റെ സമാന ഹൃദയം പേറുന്നവളാണ് ‘പ്രാണം’ എന്ന ഡിന്നു ജോര്‍ജ് കഥയിലെ നായിക അക്കാമ്മയും. തന്റെ ചോരകുടിച്ച അട്ടയെ കൊല്ലാതെ വിടുന്ന അക്കാമ്മ ഒരുവേള കുഞ്ഞിപ്പാത്തുമ്മയാണോ എന്ന് വായനക്കാര്‍ക്ക് തോന്നാന്‍ ഇടയുണ്ട്. മൂന്ന് പേനുകളെ സ്വാതന്ത്ര്യത്തിന്റെ മുടിക്കാട്ടിലേക്ക് ഇറക്കിവിടുന്ന അക്കാമ്മയിലൂടെ ഡിന്നു ജോര്‍ജ് മുന്നോട്ട് വെക്കുന്നത് ‘പ്രാണന്‍’ എല്ലാം ഒന്നാണെന്ന ദാര്‍ശനികമായ ഉള്‍ക്കാഴ്ചയാണ്. പല്ലിയും പാറ്റയും പാമ്പുമടക്കം സകല ജീവികളും പടച്ചോന്റെ പടപ്പുകളും ഭൂമിയുടെ അവകാശികളുമാണെന്ന ബഷീറിയന്‍ കഥാലോകത്തെ സര്‍റിയലിസ്റ്റിക്ക് രീതിയില്‍ അവതരിപ്പിക്കുകയാണ് ‘പ്രാണം’ എന്ന കഥയില്‍ ഡിന്നു ജോര്‍ജ്. ബഷീറിന്റെ ‘ശബ്ദങ്ങള്‍’ എന്ന നോവലിന്റെ പേര് തന്റെ കഥയ്ക്ക് സ്വീകരിച്ച ഡിന്നു ജോര്‍ജ് ‘പ്രാണം’ എന്ന കഥയില്‍ ബഷീറിന്റെ ശൈലിയും കഥാപാത്രത്തെയും കടംകൊള്ളുന്നു. ഈ കടംകൊള്ളല്‍ ‘പ്രാണം’ എന്ന കഥയെ ദുര്‍ബലമാക്കുന്നുണ്ട്. ആഖ്യാനത്തിലെ അപൂര്‍ണതയാല്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ അലസിപ്പോയ കഥയാണ് ‘ഒരു ഗര്‍ഭം’ എന്ന കഥ. ‘ക്രാ’ എന്ന കഥ സമാഹാരത്തിലെ ഏറ്റവും മോശം കഥ ‘ഒരു ഗര്‍ഭം’ എന്ന കഥയാണെന്ന് പറയാന്‍ നിസംശയം കഴിയും.
Dc Books പ്രസിദ്ധീകരിച്ച ഡിന്നു ജോര്‍ജിന്റെ ‘ക്രാ’ എന്ന കഥ സമാഹാരത്തിലെ ഏറ്റവും മികച്ച കഥയാണ് ‘വ്‌ളാദിമിറിന്റെ ജനാല’. ആഖ്യാനത്തിന്റെ സൂക്ഷ്മതയും നവീനത്വവും ഉള്‍ക്കൊള്ളുന്ന കഥയാണിത്. ലോഡ്ജ് മുറിയുടെ യഥാര്‍ത്ഥമായ ജനാലയ്ക്കും വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോഡ്ജ് മുറിയിലെ ചുവരില്‍ വ്‌ളാദിമിര്‍ വരച്ച അയഥാര്‍ത്ഥമായ ജനാലയ്ക്കും ഇടയിലെ ഭ്രമാത്മകതയില്‍ പെട്ടുപോകുന്ന ആഖ്യാതാവ് ഭരണകൂടത്തിന് വിധേയനായ എഴുത്തുകാരനാണ്. ഭാര്യയെ സംശയിക്കുന്ന ഹോട്ടല്‍ നടത്തിപ്പുകാരന്‍ കുല്‍ക്കര്‍ണിയെ അവിശ്വസിക്കുന്ന ആഖ്യാതാവ് ഭരണകൂടത്തെ മാത്രമെ വിശ്വസിക്കുന്നുള്ളു. ഈ വിശ്വാസം വിധേയത്വത്തിന്റെ ജുഗുപ്‌സയെ അടയാളപ്പെടുത്തുന്നു. ഭരണകൂടത്തോടുള്ള ജുഗുപ്‌സാകരമായ വിധേയത്വം താനടക്കമുള്ള വര്‍ത്തമാനകാല എഴുത്തുകാരുടെ പരാജയമാണെന്ന വിമര്‍ശനം കഥാകൃത്ത് മുന്നോട്ട് വെക്കുന്നു. സമൂഹത്തോടാണോ ഭരണകൂടത്തോടാണോ വിധേയത്വം കാണിക്കേണ്ടതെന്ന ചോദ്യത്തിന് മുന്നില്‍ ഭരണകൂടത്തെ തെരഞ്ഞെടുത്ത എഴുത്തുകാരെ Absurd ആയൊരു ഭൂമികയില്‍ വിചാരണ ചെയ്യുകയാണ് കഥാകൃത്ത്. സമൂഹമെന്ന യാഥാര്‍ത്ഥവും, ആ യാഥാര്‍ത്ഥ്യത്തെ ഭരണകൂടമെന്ന അയഥാര്‍ത്ഥ്യം വിഴുങ്ങി യാഥാര്‍ത്ഥ്യമായി മാറ്റുന്നതിന്റെ രാഷ്ട്രീയ വിമര്‍ശനമാണ് ‘വ്‌ളാദിമിറിന്റെ ജനാല’ എന്ന കഥ. ഈയൊരു അര്‍ത്ഥത്തില്‍ വര്‍ത്തമാനകാല ഇന്ത്യന്‍ ഫാസിസ്റ്റ് ഭരണകൂടത്തോടുള്ള ചെറുത്തുനില്‍പ്പ് കൂടിയാണ് ഈ കഥ.
പ്രാപ്പെട (കൃഷ്‌ണേന്ദു കലേഷ്), ഭൂതം (സജാസ് റഹ്‌മാന്‍, ഷിനോസ് റഹ്‌മാന്‍) എന്നി സിനിമകളിലൂടെ മലയാള സിനിമയില്‍ Absurd ആഖ്യാനത്തിന്റെ നവീന ഭാവുകത്വം സ്രഷ്ടിച്ചതിന് സമാനമാണ് മലയാള സാഹിത്യത്തില്‍ തന്റെ ആദ്യ കഥ സമാഹാരമായ ‘ക്രാ’യിലൂടെ ഡിന്നു ജോര്‍ജ് നടത്തിയിട്ടുള്ളത്. മലയാള സാഹിത്യത്തിലെ Absurd ആഖ്യാനം മേതില്‍ രാധാകൃഷ്ണനില്‍ നിന്നും വളര്‍ന്ന് ഡിന്നു ജോര്‍ജില്‍ എത്തി നില്‍ക്കുന്നു. ‘ക്രാ’ എന്ന കഥ സമാഹാരത്തിലെ ആറ് കഥകളും Absurd ആഖ്യാന ശൈലിയില്‍ എഴുതപ്പെട്ട അസംബന്ധ കഥകളാണ്. ഭ്രമാത്മകമായ രൂപവും ഭാവവും ലോകവുമുള്ള ഈ കഥകള്‍, സൂക്ഷ്മാവസ്ഥയില്‍ ജീവിക്കുന്ന കാലത്തെ ആവിഷ്‌ക്കരിക്കുന്നു. ആഖ്യാനത്തിലെയും ഭാഷയിലെയും പരീക്ഷണവും സ്ഥല കാലങ്ങളെ അവതരിപ്പിക്കുന്നതിലെ ഭ്രമാത്മകതയും കൊണ്ട് സവിശേഷതയുള്ളൊരു കഥ സമാഹാരമാണ് ക്രാ. വേറിട്ട കഥകള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന വായനക്കാരെ ഒരിക്കലും ഡിന്നു ജോര്‍ജിന്റെ ആദ്യ സമാഹാരമായ ‘ക്രാ’ നിരാശപ്പെടുത്തില്ല.
Comments are closed.